അസംഘടിത ഭക്ഷ്യ സംസ്‌കരണ മേഖലയെ പ്രോത്സാഹിക്കാന്‍ പുതിയ പദ്ധതി

അസംഘടിത ഭക്ഷ്യ സംസ്‌കരണ മേഖലയെ പ്രോത്സാഹിക്കാന്‍ പുതിയ പദ്ധതി

3000 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിയാണ് ഗ്രാം സമൃദ്ധി യോജന

ന്യൂഡെല്‍ഹി: ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അസംഘടിത ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി അവതരിപ്പിക്കുന്നു. ഗ്രാം സമൃദ്ധി യോജന എന്നാണ് സ്‌കീമിന്റെ പേര്. പദ്ധതി അവതരിപ്പിക്കുന്നതിനുള്ള പണിപ്പുരയിലാണ് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഏകദേശം 66 ശതമാനത്തോളം അസംഘടിത ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളാണ് ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 80 ശതമാനവും ഓരോ കുടംബങ്ങള്‍ നടത്തുന്നതാണ്. 3000 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിയാണ് ഗ്രാം സമൃദ്ധി യോജന. ലോക ബാങ്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നാണ് പദ്ധതിയുടെ ചെലവ് വഹിക്കുക. പദ്ധതിക്ക് നിതി ആയോഗ് തത്വത്തില്‍ അംഗീകാരം നല്‍കി കഴിഞ്ഞു. നിലവില്‍ സ്‌കീം എക്‌സ്‌പെന്‍ഡീച്ചര്‍ ഫിനാന്‍സ് കമ്മിറ്റിയുടെ പരിഗണനയിലാണ്.

കുടില്‍ വ്യവസായങ്ങള്‍ക്കും കര്‍ഷക സംഘടനകള്‍ക്കും വ്യക്തിഗത ഭക്ഷ്യ സംസ്‌കരണ ശാലകള്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇത്തരം യൂണിറ്റുകള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന ശേഷി വികസിപ്പിക്കുന്നതിനും സാങ്കേതികവിദ്യകളുടെ നിലവാരം ഉയര്‍ത്തുന്നതിനും സംരംഭകത്വ ശേഷി മെച്ചപ്പെടുത്തുന്നതിനും കൃഷി-വിപണി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമുള്ള സഹായം സ്‌കീം ഉറപ്പാക്കും.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ഗ്രാമ പ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ ഇത്തരമൊരു സ്‌കീം അവതരിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ വലിയൊരു മാറ്റം കുറിക്കാന്‍ പദ്ധതിക്ക് കഴിയും. കുടില്‍ വ്യവസായങ്ങളെയും ചെറുകിട സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി സഹായിക്കുമെന്നും അവര്‍ പറഞ്ഞു. ഗ്രാമ പ്രദേശങ്ങളില്‍ പൊതു സൗകര്യ കേന്ദ്രങ്ങളും ബിസിനസ് ഇന്‍കുബേറ്ററുകളും വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ഒരു ഭക്ഷ്യ സംസ്‌കരണ യൂണിറ്റിന് പദ്ധതിക്ക് കീഴില്‍ പരമാവധി പത്ത് ലക്ഷം രൂപയുടെ സബ്‌സിഡിയാണ് ലഭിക്കുക. പലിശ സബ്‌സിഡിക്ക് പുറമെയാണ്. യാതൊരു വ്യവസ്ഥയും കൂടാതെയാണ് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ ബാങ്ക് വായ്പയ്ക്ക് പലിശ സബ്‌സിഡി നല്‍കുക. ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കും ഒണ്‍ലൈന്‍ വഴി സബ്‌സിഡിക്ക് അപേക്ഷിക്കാവുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.

1,500 കോടി രൂപയുടെ സഹായമാണ് ലോക ബാങ്ക് പദ്ധതി നടത്തിപ്പിനായി നല്‍കുക. ആയിരം കോടി രൂപയുടെ ചെലവ് കേന്ദ്ര സര്‍ക്കാരും 500 കോടി രൂപയുടെ ചെലവ് സംസ്ഥാന സര്‍ക്കാരും വഹിക്കും. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രാരംഭ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും പദ്ധതി നടപ്പില്‍ വരും.

Comments

comments

Categories: FK News

Related Articles