സ്വന്തം ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് ഫേസ്ബുക്ക്

സ്വന്തം ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് ഫേസ്ബുക്ക്

വാട്ട്‌സാപ്പിലൂടെ അതിവേഗത്തില്‍ പണമയക്കുന്നതിനുള്ള സംവിധാനത്തിനായാണ് ശ്രമിക്കുന്നത്

സാന്‍ഫ്രാന്‍സിസ്‌കോ: ഡിജിറ്റല്‍ കറന്‍സിയുടെ ബദല്‍ ലോകത്തേക്ക് പ്രവേശിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. മുഖ്യധാരയിലെ ഉപഭോക്താക്കളിലേക്ക് എത്തുന്നതില്‍ ക്രിപ്‌റ്റോകറന്‍സി സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മെസേജ് പ്ലാറ്റ്‌ഫോമുകള്‍ ഇതിനായി ഇറങ്ങുന്നത്. ഫേസ്ബുക്കിനു പുറമേ ടെലഗ്രാം, സിഗ്‌നല്‍ എന്നിവയും വരും വര്‍ഷങ്ങളില്‍ തങ്ങളുടെ ക്രിപ്‌റ്റോ കറന്‍സികള്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. വെന്‍മോ, പേ പാല്‍ തുടങ്ങിയ സംവിധാനങ്ങള്‍ക്ക് സമാനമായി തങ്ങളുടെ മെസേജിംഗ് ആപ്പ് ഉപയോഗിച്ച് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് പണമയക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.
ഇതിനകം വിപണിയില്‍ ആകാംക്ഷ ജനിപ്പിച്ചിട്ടുള്ള തങ്ങളുടെ ക്രിപ്‌റ്റോ കറന്‍സി പദ്ധതി വളരേ രഹസ്യ സ്വഭാവത്തിലാണ് ഫേസ്ബുക്ക് മുന്നോട്ടുകൊണ്ടുപോകുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിലൂടെ സുഹൃത്തുക്കള്‍ക്കും കുടുബാംഗങ്ങള്‍ക്കും അതിവേഗത്തില്‍ പണമയക്കുന്നതിനുള്ള സംവിധാനത്തിനായാണ് ശ്രമിക്കുന്നതെന്ന് ഈ പദ്ധതിയുടെ ഭാഗമായി ചിലര്‍ പേര് വെളിപ്പെടുത്താതെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് കോയിനുകള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതു സംബന്ധിച്ച് വിവിധ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളുമായും ഫേസ്ബുക്ക് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ലോകവ്യാപകമായി 300 മില്യണിലധികം ഉപയോക്താക്കളുള്ള ടെലിഗ്രാമും തങ്ങളുടെ ക്രിപ്‌റ്റോ കറന്‍സി പദ്ധതികള്‍ ഏറെ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. ടെക്‌നോളജി പ്രൊഫഷണലുകള്‍ക്കിടയിലും ഇന്റര്‍നെറ്റിലെ സ്വകാര്യതയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും സുപരിചിതമായ സിഗ്നലും ക്രിപ്‌റ്റോ കറന്‍സിക്കായുള്ള പദ്ധതിയില്‍ മുന്നോട്ടുപോയിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ കകാഒ ജപ്പാനിലെ ലെയ്ന്‍ എന്നിവയും സ്വന്തം ക്രിപ്‌റ്റോ കറന്‍സിക്കായി ശ്രമിക്കുന്നു.

മുമ്പു തന്നെ ഡിജിറ്റല്‍ ക്രയവിക്രയങ്ങളില്‍ തല്‍പ്പരരായിരുന്നവരും സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്നവരുമാണ് പല ക്രിപ്‌റ്റോ കറന്‍സി സ്റ്റാര്‍ട്ടപ്പുകളുടെയും നിലവിലെ ഉപയോക്താക്കള്‍. ഫേസ്ബുക്ക് പോലുള്ള വമ്പന്‍മാര്‍ ഈ മേഖലയിലേക്ക് വരുന്നത് ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കും. ക്രിപ്‌റ്റോ കറന്‍സികള്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ വാലറ്റുകള്‍ അവതരിപ്പിക്കാനാണ് ഫേസ്ബുക്കും ടെലിഗ്രാമും ശ്രമിക്കുന്നത്. എന്നാല്‍ ഈ പദ്ധതികളെ കുറിച്ച് ഔദ്യോഗികമായി കമ്പനികള്‍ പ്രഖ്യാപിച്ചിട്ടില്ല.

Comments

comments

Categories: FK News