വാക്കുപാലിച്ച് ഇലോണ്‍ മസ്‌ക്; 35,000 ഡോളര്‍ വില വരുന്ന മോഡല്‍ 3 വിപണിയില്‍

വാക്കുപാലിച്ച് ഇലോണ്‍ മസ്‌ക്; 35,000 ഡോളര്‍ വില വരുന്ന മോഡല്‍ 3 വിപണിയില്‍

സിംഗിള്‍ ചാര്‍ജില്‍ ടെസ്‌ല മോഡല്‍ 3 ‘സ്റ്റാന്‍ഡേഡ്’ വേരിയന്റില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാം

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് ഒടുവില്‍ വാക്ക് പാലിച്ചു. താങ്ങാവുന്ന വിലയിലുള്ള ടെസ്‌ല മോഡല്‍ 3 സെഡാന്‍ വിപണിയില്‍ അവതരിപ്പിച്ചു. മുമ്പ് പ്രഖ്യാപിച്ചതുപോലെ 35,000 യുഎസ് ഡോളറാണ് ഇലക്ട്രിക് കാറിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് വില. പുതിയ വേരിയന്റ് എത്തിയതോടെ, നിലവില്‍ അമേരിക്കയിലെ ബെസ്റ്റ് സെല്ലിംഗ് ഇലക്ട്രിക് കാറായ ടെസ്‌ല മോഡല്‍ 3 സെഡാന്‍ കൂടുതല്‍ ആകര്‍ഷകമാകും.

മോഡല്‍ 3 സെഡാന്റെ ‘സ്റ്റാന്‍ഡേഡ് റേഞ്ച്’ വേരിയന്റിനാണ് 35,000 യുഎസ് ഡോളര്‍ വില. സിംഗിള്‍ ചാര്‍ജില്‍ 220 മൈല്‍ (350 കിലോമീറ്റര്‍) ദൂരം സഞ്ചരിക്കാന്‍ കഴിയും. രണ്ട്-നാല് ആഴ്ച്ചകള്‍ക്കുള്ളില്‍ പുതിയ വേരിയന്റ് ഡെലിവറി ചെയ്തുതുടങ്ങുമെന്ന് ടെസ്‌ല അറിയിച്ചു. 35,000 ഡോളര്‍ വില വരുന്ന മോഡല്‍ 3 പുറത്തിറക്കുമെന്ന് 2016 ലാണ് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. എന്നാല്‍ മോഡല്‍ 3 വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വാഗ്ദാനം ചെയ്ത താങ്ങാവുന്ന വിലയില്‍ ഇപ്പോഴാണ് പുറത്തിറക്കാനായത്.

ഇതോടൊപ്പം, ലോകമെമ്പാടും ഇനി എല്ലാ കാറുകളും ഓണ്‍ലൈനിലൂടെ മാത്രമേ വില്‍ക്കൂ എന്ന് ടെസ്‌ല അറിയിച്ചു. ലോക രാജ്യങ്ങളിലെ നിരവധി സ്‌റ്റോറുകള്‍ അടച്ചുപൂട്ടുമെന്ന് കമ്പനി വ്യക്തമാക്കി. സ്‌റ്റോറുകള്‍ അടയ്ക്കുകയും വില്‍പ്പന ഓണ്‍ലൈന്‍ വഴി മാത്രമാക്കുകയും ചെയ്യുന്നതിലൂടെ വാഹനങ്ങളുടെ വില ശരാശരി ആറ് ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് ടെസ്‌ല കണക്കുകൂട്ടുന്നത്.

Comments

comments

Categories: Auto