സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പും പ്യൂമയും തമ്മില്‍ പുതിയ കൂട്ടുകെട്ട്

സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പും പ്യൂമയും തമ്മില്‍ പുതിയ കൂട്ടുകെട്ട്

‘കമ്പനി നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ഇടപാട്,’ പ്യൂമ സിഇഒ

അബുദബി: പ്രമുഖ കായികോപകരണ, വസ്ത്ര ബ്രാന്‍ഡ് പ്യൂമയും സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പും തമ്മില്‍ ആഗോള തലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉടമകളാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്.

ഇനിമുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വനിത, പുരുഷ, യുവ ഫുട്‌ബോള്‍ ടീമുകള്‍ക്കുള്ള ഫുട്‌ബോള്‍ കിറ്റുകള്‍ പ്യൂമയായിരിക്കും നല്‍കുക. സിറ്റി ഗ്രൂപ്പിന് ഉടമസ്ഥതയുള്ള ഓസ്‌ട്രേലിയ എ ലീഗിലെ മെല്‍ബണ്‍ സിറ്റി എഫ്‌സി, സ്‌പെയിനിലെ ജിറോണ എഫ്‌സി, ഉറുഗ്വേയിലെ ക്ലബ്ബ് അത്‌ലെറ്റികോ ടോര്‍ക്ക്, ചൈനയിലെ സിചുവാന്‍ ജിനിയൂ തുടങ്ങിയ ടീമുകളും ഇനിമുതല്‍ ബവേറിയന്‍ കമ്പനിയുടെ മാര്‍ജാര മുദ്രയുള്ള പ്യൂമ ടീഷര്‍ട്ടുകളണിയും.

ഇതുവരെ കമ്പനി നടത്തിയതില്‍ ഏറ്റവും വലിയ ഇടപാടാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പുമായി ഉള്ളതെന്ന് പ്യൂമ സിഇഒ ജോണ്‍ ഗുള്‍ഡന്‍ പറഞ്ഞു. അതേസമയം ഇടപാടിന്റെ ദൈര്‍ഘ്യം, സാമ്പത്തിക വിവരങ്ങള്‍ എന്നിവ കമ്പനി പുറത്തുവിട്ടിട്ടില്ല. സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പുമായി കൂട്ടുചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അവരുടെ വിജയവും ലക്ഷ്യങ്ങളും നൂതനാത്മകതയോടുള്ള അഭിനിവേശവും കമ്പനിയുടെ നിലവാരത്തെ പുതിയ തലങ്ങളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാമെന്നും ഗുള്‍ഡന്‍ പറഞ്ഞു.

അബുദബി യുണൈറ്റഡ് ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ഹോള്‍ഡിംഗ് കമ്പനിയാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്. സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിനെ സംബന്ധിച്ച് ആവേശകരമായ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നതാണ് ഈ പ്രഖ്യാപനമെന്ന് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് സിഇഒ ഫെറാന്‍ സൊറിയാനോ പറഞ്ഞു.

നാല് വന്‍കരകളിലായി അഞ്ച് ഫുട്‌ബോള്‍ ഗ്രൂപ്പ് ക്ലബ്ബുകള്‍ ഉള്‍പ്പെടുന്ന ഈ പുതിയ കൂട്ടുകെട്ട് കായികമേഖലയിലെ ആഗോള പങ്കാളിത്തങ്ങളില്‍ പുതിയൊരു മാതൃകയായിത്തീരുമെന്നും സൊറിയാനോ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Arabia