ബാങ്ക് എക്കൗണ്ടിനും സിമ്മിനും ആധാര്‍ ഉപയോഗിക്കാന്‍ അനുമതി

ബാങ്ക് എക്കൗണ്ടിനും സിമ്മിനും ആധാര്‍ ഉപയോഗിക്കാന്‍ അനുമതി

ആധാര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയാല്‍ കനത്ത പിഴ

ന്യൂഡെല്‍ഹി: ബാങ്ക് എക്കൗണ്ട് തുടങ്ങുന്നതിനും മൊബീല്‍ സിം കാര്‍ഡ് വാങ്ങുന്നതിനും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതു സംബന്ധിച്ച് ബില്‍ ലോക്‌സഭയില്‍ പാസായിട്ടുണ്ടെങ്കിലും രാജ്യസഭയില്‍ ഇതുവരെ പാസാക്കിയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇനി സഭ സമ്മേളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് അനിവാര്യമാകുകയായിരുന്നു.

നിലവിലെ ആധാര്‍ നിയമത്തില്‍ മാറ്റം വരുത്തുന്നതാണ് ഓര്‍ഡിനന്‍സ്. ഇതു പ്രകാരം 18 വയസ് പൂര്‍ത്തിയായ ഒരാള്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ രേഖയായ ആധാറില്‍ നിന്ന് പുറത്തുകടക്കാന്‍ തീരുമാനിക്കാനാകും. സിം കാര്‍ഡിനും ബാങ്ക് എക്കൗണ്ടിനുമായി ഉപഭോക്താക്കള്‍ക്ക് സ്വമേധയാ ആധാര്‍ സമര്‍പ്പിക്കുന്നതിനാണ് ഓര്‍ഡിനന്‍സ് അനുമതി നല്‍കുന്നത്. നിര്‍ബന്ധപൂര്‍വം ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ കമ്പനികള്‍ക്കാകില്ല.
ആധാര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയാല്‍ ഉറച്ച പിഴകള്‍ ചുമത്തുന്നതിനും പുതിയ ഭേഗദതി വഴിവെക്കും. ഉപയോക്താക്കള്‍ തിരിച്ചറിയല്‍ ഉറപ്പാക്കുന്ന രേഖയായി ആധാര്‍ സമര്‍പ്പിക്കുകയാണെങ്കിലും സേവനദാതാക്കള്‍ ബയോമെട്രിക് വിവരങ്ങളോ ആധാര്‍ നമ്പറോ തങ്ങളുടെ കൈവശം സൂക്ഷിക്കരുടെന്നും ഓര്‍ഡിനന്‍സ് നിര്‍ദേശിക്കുന്നുണ്ട്.

ആധാര്‍ നല്‍കാന്‍ വിസമ്മതിക്കുന്നതിന്റെ പേരില്‍ ആര്‍ക്കും സേവനങ്ങള്‍ നിഷേധിക്കാനാകില്ലെന്നും നിയമ ഭേദഗതി വ്യക്തമാക്കുന്നുണ്ട്. 12 അക്ക ആധാര്‍ നമ്പറിനു പകരമായി മറ്റൊരു ബദല്‍ നമ്പര്‍ ലഭ്യമാക്കുന്നതും യഥാര്‍ത്ഥ ആധാര്‍ നമ്പറിനു പകരമായി വിവിധ സേവനങ്ങള്‍ക്ക് ഈ നമ്പര്‍ ഉപയോഗിക്കുന്നതും ഓര്‍ഡിനന്‍സ് മുന്നോട്ടുവെക്കുന്നു. ആധാര്‍ സംവിധാനം പ്രയോജനപ്പെടുത്തുന്ന ഏതൊരു സംരംഭത്തിനും അനിവാര്യമാണെങ്കില്‍ നിര്‍ദേശം നല്‍കാവുന്ന നിയന്ത്രണ സംവിധാനമായി യുണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ മാറും.

Comments

comments

Categories: FK News
Tags: adhaar