ഒക്കിനാവയുടെ ഹീറോയായി മാറിയ പയ്യന്‍

ഒക്കിനാവയുടെ ഹീറോയായി മാറിയ പയ്യന്‍

ഒക്കിനാവ എന്ന ജാപ്പനീസ് ദ്വീപില്‍ ഒരാഴ്ച മുന്‍പ് ജനഹിത പരിശോധന നടക്കുകയുണ്ടായി. ദ്വീപിലെ യുഎസ് സൈനിക താവളം മാറ്റണമെന്നതിനെ സംബന്ധിച്ചായിരുന്നു ജനഹിത പരിശോധന. ഇത് നടത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമില്ലാത്ത ഒരു 27-കാരന്റെ ഒറ്റയാന്‍ പോരാട്ടമായിരുന്നു.

ജിന്‍ഷിറോ മോട്ടോയാമ നമ്മള്‍ കണ്ടു ശീലിച്ചിട്ടുള്ള ഒരു ശരാശരി രാഷ്ട്രീയ പ്രവര്‍ത്തകനല്ല. മധ്യവയസ്‌കരായ രാഷ്ട്രീയക്കാര്‍ സ്വാധീനം ചെലുത്തുന്ന ജപ്പാന്‍ പോലൊരു രാജ്യത്ത്, ഒക്കിനാവ സ്വദേശിയും, രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ലാത്ത 27-കാരന്‍ വ്യത്യസ്തനാവുകയാണ്. പതിവുകളെയെല്ലാം മോട്ടോയാമ തെറ്റിച്ചിരിക്കുകയാണ്. ഫെബ്രുവരി 24-ന് ഒക്കിനാവയില്‍ ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മോട്ടോയാമയുടെ ബുദ്ധിയായിരുന്നു.

യുഎസ് മറീന്‍ കോര്‍പ്‌സ് എയര്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഒക്കിനാവയില്‍ ജനഹിത പരിശോധന നടന്നത്. 72.2 ശതമാനം പേര്‍ യുഎസ് സൈനിക താവളം നിര്‍മിക്കുന്നതിനെ എതിര്‍ത്തു. 19.1 ശതമാനം പേര്‍ അനുകൂലിച്ചു. 8.7 ശതമാനം പേര്‍ നിലപാടുകളില്ലാത്തവരുമായിരുന്നു. ജനഹിത പരിശോധനയില്‍നിന്നും പുറത്തുവന്ന ഫലം ഏതായാലും അത് അനുസരിക്കണമെന്നോ നടപ്പിലാക്കണമെന്നോ നിയമമില്ലെങ്കിലും പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്കു വലിയൊരു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണു ഫലം. പസഫിക്കിലും, തെക്കന്‍ ചൈനാ കടലിലും (സൗത്ത് ചൈന സീ) യുഎസിനു സൈനിക, രാഷ്ട്രീയ താത്പര്യങ്ങളുണ്ട്. ഈയൊരു ഘടകമാണു ഒക്കിനാവ ദ്വീപില്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സൈനിക താവളം നിര്‍മിക്കാന്‍ യുഎസിനെ പ്രേരിപ്പിച്ച ഘടകം. സേനാ പുനര്‍വിന്യാസത്തിന്റെ ഭാഗമായിട്ടാണു ജാപ്പനീസ് ദ്വീപായ ഒക്കിനാവയില്‍ സ്ഥിതി ചെയ്യുന്ന യുഎസ് മറീന്‍ കോര്‍പ്‌സ് എയര്‍ സ്റ്റേഷനായ ഫുട്ടേന്‍മ ഹെനോകോയുടെ തീരത്തുള്ള ക്യാംപ് ഷ്വാബിലേക്കു മാറ്റുന്നത്. ജപ്പാന്റെ ഭൂപ്രദേശത്തിന്റെ ഒരു ശതമാനത്തിലും താഴെയാണ് ഒക്കിനാവ ദ്വീപിന്റെ വിസ്തൃതി. പക്ഷേ, പ്രദേശത്തുള്ള യുഎസ് സൈനിക താവളങ്ങളുടെ 70 ശതമാനവും സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്. ഏകദേശം 47,000-ത്തോളം യുഎസ് സൈനികരാണു ജപ്പാനിലുള്ളത്. ഇതില്‍ പകുതിയും ഒക്കിനാവ ദ്വീപിലാണു തമ്പടിച്ചിരിക്കുന്നത്. ഒക്കിനാവയില്‍ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനികരുമായി പ്രദേശവാസികള്‍ക്കുള്ളത് അത്ര നല്ല ബന്ധമല്ല. 1995-ല്‍ മൂന്ന്് യുഎസ് സൈനികര്‍ പ്രദേശവാസിയായ 12-കാരിയെ ബലാല്‍സംഗം ചെയ്ത സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി തീര്‍ന്നിരുന്നു. ഏകദേശം 85,000-ത്തോളം ആളുകളാണു യുഎസ് സൈനിക താവളം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.

1.4 ദശലക്ഷമാണു ഒക്കിനാവ ദ്വീപിലെ ജനസംഖ്യ. ഫെബ്രുവരി 24-ാം തീയതി ഞായറാഴ്ച നടന്ന ജനഹിത പരിശോധനയില്‍ പങ്കെടുത്തത് 52 ശതമാനം വോട്ടര്‍മാരാണ്. ഇവരില്‍ ഏഴുപത് ശതമാനത്തിനു മുകളിലുള്ളവരും യുഎസ് മറീന്‍ കോര്‍പ്‌സ് എയര്‍ സ്റ്റേഷനായ ഫുട്ടേന്‍മ ഹെനോകോയുടെ തീരത്തുള്ള ക്യാംപ് ഷ്വാബിലേക്കു മാറ്റുന്നതിനെ എതിര്‍ത്തു. വംശനാശ ഭീഷണി നേരിടുന്ന പവിഴപ്പുറ്റുകളുള്ള പ്രദേശമാണ് ഹെനോകോയെന്നും ഇവിടെ സൈനിക താവളം വരുന്നതോടെ പാരസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്നുമാണു ഒരുവിഭാഗം ആളുകള്‍ ഉയര്‍ത്തിയിരിക്കുന്ന പരാതി.

ജനഹിത പരിശോധനയിലെ ഫലം എന്തു തന്നെയായാലും അത് സര്‍ക്കാര്‍ നടപ്പിലാക്കണമെന്നു നിയമമില്ല. മിക്കവാറും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ജനഹിത പരിശോധനയില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിക്കാനും സാധ്യതയില്ല. അതായത്, യുഎസ് മറീന്‍ കോര്‍പ്‌സ് എയര്‍ സ്റ്റേഷന്‍ ഹെനോകോയില്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള അനുമതി നല്‍കുമെന്നത് ഉറപ്പാണ്. പക്ഷേ, 27-കാരനായ ജിന്‍ഷിറോ മോട്ടോയാമയെ സംബന്ധിച്ച് ഈ ജനഹിത പരിശോധന നടത്താന്‍ സാധിച്ചത് വലിയ കാര്യമാണ്.

ദക്ഷിണ ഒക്കിനാവയിലെ ജിനോവാന്‍ നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന യുഎസ് മറീന്‍ കോര്‍പ്‌സ് എയര്‍‌സ്റ്റേഷനായ ഫുട്ടേന്‍മയുടെ നിഴല്‍ കണ്ടു കൊണ്ടാണു വളര്‍ന്നുവന്നത്. ഈ നഗരമാകെ യുഎസിന്റെ സൈനിക താവളം വ്യാപിപ്പിച്ചിരിക്കുകയാണ്.

‘ ഒരിക്കല്‍ ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് തട്ടിയപ്പോള്‍ സൈനിക ക്യാംപിനുള്ളിലേക്ക് തെറിച്ചു വീണു. ആ പന്ത് ഒരിക്കലും തിരിച്ചു കിട്ടിയില്ല. ആ സംഭവം ഏറെ വേദനിപ്പിച്ചു ‘ മോട്ടോയാമ പറയുന്നു. 18-ാം വയസില്‍ ഉന്നത പഠനത്തിനായി മോട്ടോയാമ ടോക്യോയിലേക്കു തിരിച്ചു. അവിടെ വച്ചാണ് രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായത്. ‘ജപ്പാനില്‍ നിരവധി യുവാക്കള്‍ ചിന്തിക്കുന്നത്, അവര്‍ക്ക് ഒരിക്കലും രാഷ്ട്രീയ സംവിധാനങ്ങളെ മാറ്റി മറിക്കാന്‍ സാധിക്കില്ലെന്നാണ്. പക്ഷേ, ആരെങ്കിലും എന്തെങ്കിലും ചെയ്തു കാണിച്ചാല്‍ മാറ്റം കൊണ്ടു വരാന്‍ ബാക്കിയുള്ളവര്‍ തയാറാകുമെന്ന് ഒക്കിനാവയിലെ യുവാക്കള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നതായി എനിക്ക് തോന്നുന്നുണ്ടെന്നു മോട്ടോയാമ പറയുന്നു. 2018 ഫെബ്രുവരിയില്‍ മോട്ടോയാമ പൗരസമിതിക്ക് രൂപം നല്‍കുകയുണ്ടായി. ഒക്കിനാവയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കുന്നതിനായിരുന്നു സമിതിക്ക് രൂപം നല്‍കിയത്. തുടര്‍ന്ന് ഒക്കിനാവയിലെ 55 ദ്വീപുകളും സന്ദര്‍ശിച്ചു. അവിടെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാനായിരുന്നു സന്ദര്‍ശനം. ഈ സന്ദര്‍ശനത്തിനിടെ രണ്ടു മാസം കൊണ്ട് മോട്ടോയാമയ്ക്കു ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന 92,000 പേരുടെ കൈയ്യൊപ്പ് ശേഖരിക്കാനുമായി. അങ്ങനെയാണു ഫെബ്രുവരി 24ന് ഒക്കിനാവയില്‍ ജനഹിത പരിശോധന നടന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമായിരിക്കുകയെന്നത് തീര്‍ച്ചയായും എളുപ്പമുള്ള കാര്യമല്ല. മോട്ടോയാമയുടെ കാര്യത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ. ഇന്ന് മോട്ടോയോമയ്ക്ക് ജപ്പാന്റെ പൊതുസമൂഹത്തില്‍ കൈവന്നിരിക്കുന്ന പ്രതിച്ഛായ ഒരു സുപ്രഭാതത്തില്‍ ലഭിച്ചതല്ല. വളരെ കഷ്ടപ്പെട്ടു നേടിയെടുത്തതാണ്. ഈ വര്‍ഷം ജനുവരിയില്‍ മോട്ടോയോമയുടെ സ്വദേശമായ ഒക്കിനാവയിലെ ജിനോവാനിലും ഒക്കിനാവയിലെ മറ്റ് നാല് മുന്‍സിപ്പല്‍ പ്രദേശങ്ങളിലും അഞ്ച് ദിവസത്തെ നിരാഹാര സമരം നടത്തുകയുണ്ടായി. ജനഹിത പരിശോധന നടത്തണമെന്ന ആവശ്യമുയര്‍ത്തിയായിരുന്നു നിരാഹാരം സംഘടിപ്പിച്ചത്. ഒടുവില്‍ മോട്ടോയോമയുടെ ആവശ്യം അധികൃതര്‍ അംഗീകരിക്കുകയായിരുന്നു. മോട്ടോയോമ നടത്തിയ ഈ ഒറ്റയാന്‍ സമരം വിജയിച്ചതോടെ, ഒക്കിനാവയിലെ യുവാക്കള്‍ ഇപ്പോള്‍ ആവേശത്തിലാണ്. മോട്ടോയോമയുടെ നിരാഹാരം യുവാക്കള്‍ക്കു വലിയൊരു ആവേശം സമ്മാനിച്ചിരിക്കുകയാണെന്ന് സോഫിയ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസറായ കൊയ്ച്ചി നകാനോ പറയുന്നു

Categories: World
Tags: Okinawa