എട്ടു പ്രമുഖ വ്യവസായങ്ങളുടെ വളര്‍ച്ച 1.8 ശതമാനമായി ഇടിഞ്ഞു

എട്ടു പ്രമുഖ വ്യവസായങ്ങളുടെ വളര്‍ച്ച 1.8 ശതമാനമായി ഇടിഞ്ഞു

19 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയിലെ എട്ടു പ്രമുഖ വ്യവസായങ്ങളുടെ (കോര്‍ സെക്റ്റര്‍) വളര്‍ച്ചാ നിരക്ക് ജനുവരിയില്‍ 1.8 ശതമാനമായി ഇടിഞ്ഞു. 19 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിലും റിഫൈനറി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലും വൈദ്യുതോല്‍പ്പാദനത്തിലും ഉണ്ടായ ഇടിവാണ് പ്രമുഖ വ്യാവസായിക മേഖലകളിലെ മൊത്തം ഉല്‍പ്പാദനം ഇടിയാന്‍ കാരണമായതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിമന്റ്, റിഫൈനിംഗ്, കല്‍ക്കരി, വളങ്ങള്‍, വൈദ്യുതി, സ്റ്റീല്‍, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം എന്നീ വ്യാവസായിക മേഖലകളെയാണ് കോര്‍ സെക്റ്റര്‍ വിഭാഗത്തില്‍ പരിഗണിക്കുന്നത്്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഈ വ്യവസായ മേഖലകളിലെ മൊത്തം ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ മേഖലയിലുണ്ടായ വളര്‍ച്ച 4.5 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ഇത് 4.1 ശതമാനമായിരുന്നു.

രാജ്യത്ത് അസംസ്‌കൃത എണ്ണ ഉല്‍പ്പാദനത്തില്‍ 4.3 ശതമാനം ഇടിവാണ് കഴിഞ്ഞ മാസം ഉണ്ടായത്. റിഫൈനറി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം 2.6 ശതമാനം കുറഞ്ഞു. വൈദ്യുതി ഉല്‍പ്പാദനത്തില്‍ 0.4 ശതമാനം ഇടിവാണ് ഇക്കാലയളവില്‍ ഉണ്ടായത്. കല്‍ക്കരി, സിമന്റ് ഉല്‍പ്പാദനത്തിലും ജനുവരിയില്‍ ഞെരുക്കമുണ്ടായി. കല്‍ക്കരി ഉല്‍പ്പാദനത്തില്‍ 1.7 ശതമാനത്തിന്റെയും സിമന്റ് ഉല്‍പ്പാദനത്തില്‍ 11 ശതമാനത്തിന്റെയും കുറഞ്ഞ വളര്‍ച്ചയാണ് കഴിഞ്ഞ മാസം ഉണ്ടായത്. 2018ല്‍ ഈ മേഖലകളിലെ ഉല്‍പ്പാദനത്തില്‍ യഥാക്രമം 3.8 ശതമാനത്തിന്റെയും 19.6 ശതമാനത്തിന്റെയും വര്‍ധന രേഖപ്പെടുത്തിയിരുന്നു.

അതേസമയം, പ്രകൃതി വാതകത്തിന്റെ ഉല്‍പ്പാദനം കഴിഞ്ഞ മാസം 6.2 ശതമാനം വര്‍ധിച്ചു. രാസവളങ്ങളുടെ ഉല്‍പ്പാദത്തില്‍ 10.5 ശതമാനത്തിന്റെയും സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ 8.2 ശതമാനത്തിന്റെയും വര്‍ധനയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാനസൗകര്യ മേഖലയിലെ വളര്‍ച്ചയിലുണ്ടായ ഇടിവും വ്യാവസായിക ഉല്‍പ്പാദന സൂചികയില്‍ (ഐഐപി) പ്രതിഫലിച്ചിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം വ്യാവസായിക ഉല്‍പ്പാദനത്തില്‍ 41 ശതമാനമാണ് ഈ എട്ടു വ്യവസായ മേഖലകള്‍ സംഭാവന ചെയ്യുന്നത്.

നടപ്പു പാദത്തില്‍ കൂടുതല്‍ മോശം പ്രകടനമായിരിക്കും മേഖലകളില്‍ നിരീക്ഷിക്കാനാകുകയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ജനുവരി-മാര്‍ച്ച് പാദത്തില്‍ എട്ട് പ്രമുഖ വ്യവസായങ്ങളുടെ വളര്‍ച്ച 6.1-6.4 ശതമാനമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ വളര്‍ച്ച വീണ്ടെടുക്കാനായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവര്‍ പറയുന്നു. സേവന മേഖല പിഎംഐയിലും ജനുവരിയില്‍ ഇടിവുണ്ടായി. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് സേവന മേഖല പിഎംഐ താഴേക്ക് പോകുന്നത്.

Comments

comments

Categories: FK News