ഫോക്‌സ്‌വാഗണ്‍ പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചു

ഫോക്‌സ്‌വാഗണ്‍ പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചു

പ്രധാനമായും ചൈനീസ് വിപണി ലക്ഷ്യമാക്കിയാണ് ബജറ്റ് കാറുകള്‍ക്കായി ജെറ്റ എന്ന ബ്രാന്‍ഡ് ആരംഭിച്ചത്

ബെയ്ജിംഗ്: ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ബജറ്റ് കാറുകള്‍ക്കായി പുതിയ ബ്രാന്‍ഡ് ആരംഭിച്ചു. പ്രധാനമായും ചൈനീസ് വിപണി ലക്ഷ്യമാക്കി ജെറ്റ എന്ന ബ്രാന്‍ഡാണ് സ്ഥാപിച്ചത്. ചൈനീസ് വാഹന വിപണിയിലെ എന്‍ട്രി ലെവല്‍ സെഗ്‌മെന്റുകളില്‍നിന്ന് ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ് പുതിയ ബ്രാന്‍ഡിലൂടെ ഫോക്‌സ്‌വാഗണ്‍ ഉദ്ദേശിക്കുന്നത്. ചൈനീസ് വിപണിയിലെ എന്‍ട്രി ലെവല്‍ സെഗ്‌മെന്റുകളിലെ എണ്‍പത് ശതമാനം ഉപയോക്താക്കളും ആദ്യമായി കാര്‍ വാങ്ങുന്നവരാണ്.

2019 മൂന്നാം പാദത്തില്‍ ജെറ്റ ബ്രാന്‍ഡ് ചൈനയില്‍ അവതരിപ്പിക്കും. ചൈന കൂടാതെ മറ്റ് വിപണികളില്‍ ജെറ്റ ബ്രാന്‍ഡ് കാറുകള്‍ പുറത്തിറക്കുമോയെന്ന് ഫോക്‌സ്‌വാഗണ്‍ വ്യക്തമാക്കിയില്ല. ജെറ്റ എന്ന പേരില്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഒരു സെഡാന്‍ ഉണ്ടെന്ന കാര്യം ഈയവസരത്തില്‍ ഓര്‍ക്കാവുന്നതാണ്.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഫോ ഗ്രൂപ്പും ഫോക്‌സ്‌വാഗണും ചേര്‍ന്നുള്ള സംയുക്ത സംരംഭമായിരിക്കും ജെറ്റ ബ്രാന്‍ഡ് കാറുകള്‍ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ജെറ്റ ബ്രാന്‍ഡില്‍ ഒരു സെഡാനും രണ്ട് എസ്‌യുവികളും വിപണിയിലെത്തിക്കും. സെഡാന്റെയും ഒരു എസ്‌യുവിയുടെയും ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നിരുന്നു. റീബാഡ്ജ് ചെയ്ത ഫോക്‌സ്‌വാഗണ്‍ ജെറ്റയാണ് സെഡാന്‍ എന്ന് മനസ്സിലാക്കാവുന്നതാണ്.

ജെറ്റ ബ്രാന്‍ഡില്‍നിന്ന് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമോയെന്ന് ഫോക്‌സ്‌വാഗണ്‍ വ്യക്തമാക്കിയില്ല. ഓരോ കമ്പനിയും നിശ്ചിത ശതമാനം സീറോ എമിഷന്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യണമെന്ന വ്യവസ്ഥ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ജെറ്റയില്‍നിന്ന് ഇലക്ട്രിക് കാര്‍ പ്രതീക്ഷിക്കാവുന്നതാണ്. വര്‍ഷാവസാനത്തോടെ ജെറ്റ ബ്രാന്‍ഡിന് ചൈനയില്‍ ഇരുനൂറോളം ഡീലര്‍ഷിപ്പുകള്‍ ഉണ്ടാകുമെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

Comments

comments

Categories: Auto