ധനനയം കൂടുതല്‍ അയയും, വലിയ നിരക്കിളവ് ഉണ്ടാകും: യുബിഎസ് റിപ്പോര്‍ട്ട്

ധനനയം കൂടുതല്‍ അയയും, വലിയ നിരക്കിളവ് ഉണ്ടാകും: യുബിഎസ് റിപ്പോര്‍ട്ട്

നിരക്കുകളിലെ മാറ്റം നിക്ഷേപ, വായ്പാ നിരക്കുകളിലൂടെ ഉപഭോക്താക്കളിലേക്ക് വൈകി മാത്രമേ എത്തുകയുള്ളൂ

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഒക്‌റ്റോബര്‍ വരെ പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തില്‍ താഴെ നില്‍ക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വലിയ തോതിലുള്ള നിരക്കിളവിന് തയാറാകുമെന്ന് പഠന റിപ്പോര്‍ട്ട്. 75-100 അടിസ്ഥാന പോയിന്റിന്റെ കുറവ് പലിശ നിരക്കുകളില്‍ വരുത്താന്‍ കേന്ദ്ര ബാങ്ക് തയാറാകുമെന്നാണ് സ്വിസ് ബ്രോക്കറേജ് സ്ഥാപനമായ യുബിഎസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫെബ്രുവരിയില്‍ ആര്‍ബി ഐ പ്രഖ്യാപിച്ചിട്ടുള്ള 25 അടിസ്ഥാന പോയിന്റിന്റെ നിരക്കിളവു കൂടി ഉള്‍പ്പെടുത്തിയാണ് യുബിഎസ് റിപ്പോര്‍ട്ട് തയാറാക്കിയത്.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 3.8 ശതമാനം പണപ്പെരുപ്പം ഉണ്ടാകുമെന്നാണ് യുബിഎസിന്റെ നിഗമനം. ഭക്ഷ്യ പണപ്പെരുപ്പും അഞ്ചു വര്‍ഷത്തിനിടയിലെ താണ വിലയില്‍ തുടരുന്നതും സാധാരണ ഗതിയിലുള്ള കാലവര്‍ഷം ലഭിക്കാനുള്ള സാധ്യതയും ക്രൂഡ് ഓയില്‍ വിലയിലെ സ്ഥിരതയും റിസര്‍വ് ബാങ്കിനെ കൂടുതല്‍ നിരക്കിളവുകള്‍ക്ക് പ്രേരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

ഫെബ്രുവരി 7ന് ചേര്‍ന്ന നടപ്പു സാമ്പത്തിക വര്‍ഷത്തെ ആറാമത് ദ്വൈമാസ ധന നയ അവലോകന യോഗത്തില്‍ ധനനയം കൂടുതല്‍ അയവുള്ളതാക്കാനുള്ള തീരുമാനമാണ് ആര്‍ബിഐ കൈക്കൊണ്ടത്. റിപ്പോ നിരക്കുകള്‍ 25 അടിസ്ഥാന പോയിന്റുകള്‍ കുറച്ച് 6.25 ശതമാനമാക്കി മാറ്റി. നയപരമായ സമീപനം നേരത്തേയുണ്ടായിരുന്ന ‘കടുത്ത നിയന്ത്രണം’ എന്നതില്‍ നിന്ന് ‘നിഷ്പക്ഷം’ എന്നതിലേക്ക് മാറ്റിയിട്ടുമുണ്ട്.

എന്നാല്‍ ആര്‍ബിഐ പ്രഖ്യാപിക്കുന്ന നിരക്കുകളിലെ മാറ്റം നിക്ഷേപ, വായ്പാ നിരക്കുകളിലൂടെ ഉപഭോക്താക്കളിലേക്ക് വൈകി മാത്രമേ എത്തുകയുള്ളൂവെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. നിരക്കുകളിലെ മാറ്റം ഭാഗികമായി മാത്രമേ പ്രതിഫലിക്കുകയുമുള്ളൂ. വായ്പാ വളര്‍ച്ചയും നിക്ഷേപ വളര്‍ച്ചയും തമ്മിലുള്ള അന്തരമാണ് ഇതിന് കാരണമായി യുബിഎസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

ഹ്രസ്വകാല പണപ്പെരുപ്പ വിവരങ്ങളെ അടിസ്ഥാനമാക്കിയല്ലാതെ ഒരു മധ്യകാല വീക്ഷണത്തോടെ ആര്‍ബിഐ ധനനയം സ്വീകരിക്കുന്നതിനാണ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സാധ്യത. മൂലധന ചെലവിടലുകള്‍ക്കപ്പുറം ഉപഭോഗം വര്‍ധിക്കുന്നതിലേക്കാണ് ഇത് നയിക്കുകയെന്നാണ് യുബിഎസ് നിരീക്ഷിക്കുന്നത്.

Comments

comments

Categories: FK News
Tags: UBS Report