അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ എച്ച്7എക്‌സ്

അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ എച്ച്7എക്‌സ്

മാര്‍ച്ച് 5 ന് ജനീവ മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തും. പ്രൊഡക്ഷന്‍ നാമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

ന്യൂഡെല്‍ഹി : എച്ച്7എക്‌സ് കണ്‍സെപ്റ്റിന്റെ ടീസര്‍ വീഡിയോ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടു. ഏഴ് സീറ്റുകളുള്ള ടാറ്റ ഹാരിയറാണ് എച്ച്7എക്‌സ് കണ്‍സെപ്റ്റ്. മാര്‍ച്ച് 5 ന് ജനീവ മോട്ടോര്‍ ഷോയില്‍ വാഹനം ആഗോള അരങ്ങേറ്റം നടത്തും. എസ്‌യുവിയുടെ പ്രൊഡക്ഷന്‍ നാമം ടാറ്റ മോട്ടോഴ്‌സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 15 ലക്ഷം രൂപ മുതലായിരിക്കും എക്‌സ് ഷോറൂം വില. മഹീന്ദ്ര എക്‌സ്‌യുവി 500, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നീ മോഡലുകളാണ് പ്രധാന എതിരാളികള്‍. ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ഒമേഗാര്‍ക് പ്ലാറ്റ്‌ഫോമിലാണ് 7 സീറ്റര്‍ ഹാരിയര്‍ നിര്‍മ്മിക്കുന്നത്. ഹാരിയറില്‍ കണ്ടതുപോലെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയിലാണ് പുതിയ എസ്‌യുവി അണിഞ്ഞൊരുങ്ങുന്നത്. എന്നാല്‍ മുന്‍വശത്ത് ചില സ്റ്റൈലിംഗ് മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ടാറ്റ ഹാരിയറുമായി താരതമ്യം ചെയ്യുമ്പോള്‍ എച്ച്7എക്‌സ് മോഡലില്‍ മാറ്റങ്ങള്‍ കൂടുതലായിരിക്കും.

നേരെ നിവര്‍ന്ന ടെയ്ല്‍ഗേറ്റാണ് എച്ച്7എക്‌സ് കണ്‍സെപ്റ്റില്‍ ഏറ്റവും ശ്രദ്ധേയം. കോണുകളോടുകൂടിയ ടെയ്ല്‍ഗേറ്റാണ് ടാറ്റ ഹാരിയറില്‍ നമ്മള്‍ കണ്ടത്. റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസ് വലുതായിരിക്കും. മൂന്നാം നിര സീറ്റുകള്‍ സ്ഥാപിക്കുന്ന കാബിന്‍ ഭാഗത്തേക്ക് കൂടുതല്‍ വെളിച്ചം ലഭിക്കുന്നതിന് വേണ്ടിയാണിത്. കാര്‍ഗോ സൂക്ഷിക്കുന്നതിനുള്ള സ്ഥലം കുറയുമെങ്കിലും രണ്ടും മൂന്നും നിര സീറ്റുകള്‍ മടക്കിവെയ്ക്കാന്‍ കഴിയുമായിരിക്കും. റൂഫ് റെയിലുകള്‍, ഫ്‌ളോര്‍ബോര്‍ഡ് എന്നിവ ടീസറില്‍ കാണാം.

മറ്റ് അളവുകള്‍ വര്‍ധിക്കുമെങ്കിലും വീല്‍ബേസിന്റെ കാര്യത്തില്‍ ഹാരിയറും എച്ച്7എക്‌സ് എസ്‌യുവിയും സമാനത പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകളിലായിരിക്കും ടാറ്റ എച്ച്7എക്‌സ് വരുന്നത്. ഹാരിയര്‍ ഉപയോഗിക്കുന്ന അതേ 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിന്‍ ടാറ്റ എച്ച്7എക്‌സ് എസ്‌യുവിയില്‍ നല്‍കിയേക്കും. എന്നാല്‍ ഏകദേശം 170 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും.

Comments

comments

Categories: Auto
Tags: Tata, Tata H7X