സായിക് മോട്ടോര്‍ ഇന്ത്യയില്‍ 350 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

സായിക് മോട്ടോര്‍ ഇന്ത്യയില്‍ 350 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ഇന്ത്യയില്‍ രണ്ടാമത്തെ കാര്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനാണ് പുതുതായി മുതല്‍മുടക്കുന്നത്

ന്യൂഡെല്‍ഹി : ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ സായിക് മോട്ടോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ 350 മില്യണ്‍ യുഎസ് ഡോളറിന്റെ അധിക നിക്ഷേപം നടത്തുന്നത് പരിഗണിക്കുന്നു. ഇന്ത്യയില്‍ രണ്ടാമത്തെ കാര്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനാണ് പുതുതായി മുതല്‍മുടക്കുന്നത്. സായിക് മോട്ടോര്‍ കോര്‍പ്പറേഷനുകീഴിലെ ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ (മോറിസ് ഗാരേജസ്) അധികം വൈകാതെ ഇന്ത്യയില്‍ അരങ്ങേറ്റം നടത്തും. എംജി ബ്രാന്‍ഡിലൂടെയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്.

ഇന്ത്യയില്‍ ഇതുവരെ 2,200 കോടി രൂപയാണ് എംജി മോട്ടോര്‍ ഇന്ത്യ നിക്ഷേപിച്ചിരിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സിന്റെ ഹാലോല്‍ പ്ലാന്റ് ഏറ്റെടുക്കുന്നതിനും സി-സെഗ്‌മെന്റ് എസ്‌യുവി വികസിപ്പിക്കുന്നതിനുമാണ് തുക ചെലവഴിച്ചത്. എംജി ഹെക്ടര്‍ എസ്‌യുവി പുറത്തിറക്കിയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുന്നത്. 80,000 വാഹനങ്ങളാണ് ഗുജറാത്തിലെ ഹാലോല്‍ ഫാക്റ്ററിയുടെ ഉല്‍പ്പാദന ശേഷി. എന്നാല്‍ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ മോഡലുകള്‍ ഓരോന്നായി അവതരിപ്പിക്കണമെങ്കില്‍ പുതിയ പ്ലാന്റ് ആവശ്യമായി വരും.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നാല് മോഡലുകള്‍ പുറത്തിറക്കാനാണ് എംജി മോട്ടോര്‍ ഇന്ത്യ ആലോചിക്കുന്നത്. ഇന്ത്യയില്‍ രണ്ടാമത്തെ പ്ലാന്റ് സംബന്ധിച്ച് ഈ വര്‍ഷം അവസാനത്തോടെ അന്തിമ തീരുമാനമെടുക്കും. പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് രണ്ട് വര്‍ഷത്തോളം വേണ്ടിവരുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് രാജീവ് ഛാബ പറഞ്ഞു. ഇതിനായി ആദ്യം സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 170 ഏക്കറിലായി പരന്നുകിടക്കുന്ന ഹാലോല്‍ പ്ലാന്റ് ഇനി വിപുലീകരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. എംജി ഹെക്ടറിനുശേഷം ഈ വര്‍ഷം അവസാനത്തോടെ എംജി ഇ-ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കും. 2020 ല്‍ രണ്ട് വാഹനങ്ങള്‍ കൂടി ഇന്ത്യന്‍ വിപണിയിലെത്തിക്കും.

Categories: Auto
Tags: Saik motor