ടെസ്‌ലയ്ക്കുമേല്‍ ആധിപത്യത്തിന് പോള്‍സ്റ്റാര്‍ 2

ടെസ്‌ലയ്ക്കുമേല്‍ ആധിപത്യത്തിന് പോള്‍സ്റ്റാര്‍ 2

വോള്‍വോയുടെ ലക്ഷ്വറി പെര്‍ഫോമന്‍സ് ബ്രാന്‍ഡായ പോള്‍സ്റ്റാറിന്റെ രണ്ടാമത്തെ മോഡല്‍

ഗോഥെന്‍ബര്‍ഗ് : വോള്‍വോയുടെ ലക്ഷ്വറി പെര്‍ഫോമന്‍സ് ബ്രാന്‍ഡായ പോള്‍സ്റ്റാര്‍ തങ്ങളുടെ രണ്ടാമത്തെ മോഡലായ പോള്‍സ്റ്റാര്‍ 2 അനാവരണം ചെയ്തു. പോള്‍സ്റ്റാറിന്റെ ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് വാഹനമാണ് പോള്‍സ്റ്റാര്‍ 2 സെഡാന്‍. പോള്‍സ്റ്റാര്‍ 1 ഹൈബ്രിഡ് കാറായിരുന്നു. തുടക്കത്തില്‍ ചൈന, യുഎസ്, കാനഡ, ആറ് യൂറോപ്യന്‍ വിപണികള്‍ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും പോള്‍സ്റ്റാര്‍ 2 ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. 2020 ആദ്യ പകുതിയില്‍ ഓള്‍ ഇലക്ട്രിക് കാര്‍ ഡെലിവറി ചെയ്തുതുടങ്ങും. രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ അമ്പതിനായിരത്തില്‍ കൂടുതല്‍ യൂണിറ്റ് വില്‍ക്കുകയാണ് ലക്ഷ്യം. വോള്‍വോ പ്ലാറ്റ്‌ഫോമിലാണ് പോള്‍സ്റ്റാര്‍ 2 നിര്‍മ്മിച്ചിരിക്കുന്നത്.

വില, ഡ്രൈവിംഗ് റേഞ്ച് എന്നിവ പരിഗണിക്കുമ്പോള്‍ ടെസ്‌ലയുടെ മോഡല്‍ 3 ഇലക്ട്രിക് കാറാണ് പോള്‍സ്റ്റാര്‍ 2 സെഡാന്റെ പ്രധാന എതിരാളി. ഏകദേശം 59,900 യൂറോയാണ് പോള്‍സ്റ്റാര്‍ 2 ഓള്‍ ഇലക്ട്രിക് കാറിന്റെ ലോഞ്ച് എഡിഷന് വില. 275 മൈലാണ് ഡ്രൈവിംഗ് റേഞ്ച്. ടെസ്‌ല മോഡല്‍ 3 വിശദീകരിക്കുകയാണെങ്കില്‍ 58,800 യൂറോയാണ് യൂറോപ്പിലെ വില. 260 മൈല്‍ റേഞ്ച് ലഭിക്കും. പരമ്പരാഗത പ്രീമിയം കാര്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ പുറത്തിറക്കിയ മിക്ക ഇലക്ട്രിക് മോഡലുകളേക്കാളും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാറുകളാണ് മോഡല്‍ 3, പോള്‍സ്റ്റാര്‍ 2 എന്നിവ. വില പിന്നീട് കുറയ്ക്കുമെന്ന് ടെസ്‌ലയും പോള്‍സ്റ്റാറും വാഗ്ദാനം ചെയ്തിട്ടുണ്ട്.

യൂറോപ്പിലും ചൈനയിലും മോഡല്‍ 3 സെഡാന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ ടെസ്‌ല കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോഴാണ് ഒന്നാന്തരം എതിരാളിയായി പോള്‍സ്റ്റാര്‍ 2 അവതരിക്കുന്നത്. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സബ്‌സിഡികളും മറ്റും പ്രഖ്യാപിച്ച് ഇലക്ട്രിക് വാഹന വില്‍പ്പന പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുന്നത് മുതലെടുക്കുകയാണ് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍. യുഎസ്സില്‍ സബ്‌സിഡികള്‍ വെട്ടിക്കുറച്ചതോടെ സ്വന്തം നാട്ടില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയില്‍ ഇടിവ് പ്രകടമാണ്.

Comments

comments

Categories: Auto
Tags: Polestar, Tesla