പാക്കിസ്ഥാനിലേക്കുള്ള ഗള്‍ഫ് എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

പാക്കിസ്ഥാനിലേക്കുള്ള ഗള്‍ഫ് എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് വിമാനക്കമ്പനികള്‍

അബുദബി: ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധഭീതിയെ തുടര്‍ന്ന് ഗള്‍ഫ് മേഖലകളില്‍ നിന്നും പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പാക്കിസ്ഥാനിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെക്കുകയാണെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. പാക്കിസ്ഥാനിലെ സ്ഥിതിഗതികള്‍ വീക്ഷിച്ച് വരികയാണെന്നും യാത്രക്കാരുടെയും ദേശീയ വിമാനക്കമ്പനികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ജിസിഎഎ വ്യക്തമാക്കി.

അബുദബിയില്‍ നിന്നും പാക്കിസ്ഥാനിലെ ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലേക്കുള്ള ഇവൈ233, ഇവൈ243 സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി ഇത്തിഹാദ് അറിയിച്ചു. പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള നിരവധി സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സും വ്യക്തമാക്കി. വാണിജ്യ വിമാനങ്ങള്‍ക്കായുള്ള വ്യോമപാത പാക്കിസ്ഥാന്‍ അടച്ചിട്ടതിന് ശേഷം പാക്കിസ്ഥാനിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നതായി ബഹ്‌റൈനിലെ ഗള്‍ഫ് എയറും സൗദിയിലെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സും അറിയിച്ചിരുന്നു.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഇത്തിഹാദ് മുന്‍ഗണന നല്‍കുന്നതെന്നും സ്ഥിതിഗതികള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ഇത്തിഹാദ് വക്താവ് അറിയിച്ചു. വരുംദിവസങ്ങളില്‍ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ എയര്‍ലൈന്‍ വെബ്‌സൈറ്റ് പരിശോധിച്ച് സര്‍വ്വീസ് ഉണ്ടോയെന്ന കാര്യം ഉറപ്പുവരുത്തുകയോ, എമിറേറ്റ്‌സ് റിസര്‍വേഷനുമായോ ബുക്കിംഗ് ഏജന്റുമായോ ബന്ധപ്പെടുകയോ ചെയ്യണമെന്ന് എമിറേറ്റ്‌സ് വക്താവ് അറിയിച്ചു.

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തോടെയാണ് ഒരിടവേളയ്ക്ക് ശേഷം ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ വീണ്ടും സജീവമായത്. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസിന് നേരെ തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ആരോപിച്ച ഇന്ത്യ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും ജയ്ഷ് ഇ മുഹമ്മദ് നേതാവായ മസൂദ് അസ്ഹറിനെ നിരോധിക്കണമെന്നും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ഭീകരാക്രമണത്തിനുള്ള തിരിച്ചടിയെന്നോണം കഴിഞ്ഞ ദിവസം ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ പാക് അതിര്‍ത്തിയിലെ ബാലാകോട്ടിലുള്ള ഭീകരതാവളം തകര്‍ന്നു. ഇതിന് പിന്നാലെ പാക് വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ നിയന്ത്രണരേഖ മറികടന്ന് ആക്രമണനീക്കം നടത്തിയെങ്കിലും ഇന്ത്യ തിരിച്ചടിച്ചു. പാക് സേനയുടെ എഫ്-16 വിമാനം ഇന്ത്യന്‍ സേന വെടിവെച്ചിട്ടു. രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ചിലും അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്നു. വിമാനത്തെ തങ്ങള്‍ വെടിവെച്ചിട്ടതാണെന്നും പൈലറ്റിനെ അറസ്റ്റ് ചെയ്‌തെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. ചെന്നൈ സ്വദേശിയായ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമന്റേതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്നലെ രാവിലെയും ഇരുരാജ്യങ്ങളും തമ്മില്‍ ഒരു മണിക്കൂറോളം വെടിവെപ്പുണ്ടായി.

Comments

comments

Categories: Arabia