പുതിയ വിമാനസര്‍വ്വീസുകള്‍ അടക്കം റദ്ദാക്കേണ്ടി വന്നുവെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

പുതിയ വിമാനസര്‍വ്വീസുകള്‍ അടക്കം റദ്ദാക്കേണ്ടി വന്നുവെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

‘കമ്പനിയുടെ മോശം പ്രകടനത്തിന് കാരണം സൗദിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ ബഹിഷ്‌കരണം’

ജിദ്ദ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ദോഹയ്‌ക്കെതിരെ നടക്കുന്ന ബഹിഷ്‌കരണം മൂലം ആഫ്രിക്കയിലേക്കുള്ളത് ഉള്‍പ്പടെ പുതിയതായി പദ്ധതിയിട്ടിരുന്ന പല വിമാന സര്‍വ്വീസുകളും റദ്ദ് ചെയ്യേണ്ടി വന്നുവെന്ന് ഖത്തര്‍ എയര്‍വെയ്‌സിന്റെ പരാതി. 2017ല്‍ ഖത്തറിനെതിരായ ബഹിഷ്‌കരണം നിലവില്‍ വന്നതിന് ശേഷം ഖത്തര്‍ വിമാനങ്ങള്‍ക്ക് അയല്‍രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

തീവ്രവാദ ബന്ധം ആരോപിച്ചും ഇറാനുമായുള്ള കൂട്ടുകെട്ട് ചൂണ്ടിക്കാട്ടിയും സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ വിലക്ക് മൂലം മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ മേഖലകളിലേക്ക് അടക്കം പുതിയതായി ആരംഭിക്കാനിരുന്ന വിമാനസര്‍വ്വീസുകള്‍ വേണ്ടെന്ന് വെക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് നിര്‍ബന്ധിതരായിരുന്നു. മൂന്ന് അയല്‍രാജ്യങ്ങള്‍ തങ്ങളുടെ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഖത്തര്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ ദീര്‍ഘദൂരം ഗതിമാറി സഞ്ചരിക്കേണ്ട അവസ്ഥയിലാണ് ഖത്തര്‍ വിമാനങ്ങള്‍.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ഗതാഗത, വ്യാപാര, നയതന്ത്ര ബന്ധങ്ങളും വേണ്ടെന്നുവെച്ചിരുന്നു. തീവ്രവാദ സംഘങ്ങള്‍ക്ക് ആശ്രയവും ധനസഹായവും നല്‍കുന്നുവെന്നാണ് ഈ മൂന്ന് രാഷ്ട്രങ്ങളും ഖത്തറിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം.

കഴിഞ്ഞ കുറച്ച് കാലങ്ങളായി കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതിക്ക് കാരണം അയല്‍രാഷ്ട്രങ്ങളുടെ ബഹിഷ്‌കരണമാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബേകര്‍ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 69 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഖത്തര്‍ എയര്‍വെയ്‌സില്‍ റിപ്പോര്‍ട്ട് ചെയ്തത്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം അവസാനിച്ചതാണ് ഈ മോശം പ്രകടനത്തിന്റെ കാരണമായി അന്ന് ഖത്തര്‍ എയര്‍വെയ്‌സ് പറഞ്ഞത്.

Comments

comments

Categories: Arabia