ലയന-ഏറ്റെടുക്കല്‍ കരാറുകളുടെ മൂല്യം 126% വര്‍ധിച്ചു

ലയന-ഏറ്റെടുക്കല്‍ കരാറുകളുടെ മൂല്യം 126% വര്‍ധിച്ചു

80 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ കരാറുകളാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം നടന്നതെന്ന് വിസിസി എഡ്ജിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

ന്യൂഡെല്‍ഹി: ലയന-ഏറ്റെടുക്കല്‍ (എം ആന്‍ഡ് എ) കരാറുകളില്‍ വന്‍കുതിപ്പ് രേഖപ്പെടുത്തി 2018. കഴിഞ്ഞ വര്‍ഷം മൊത്തം 80 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ കരാറുകളാണ് രാജ്യത്ത് നടന്നിട്ടുള്ളതെന്ന് വിസിസി എഡ്ജിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറുകളുടെ മൊത്തം മൂല്യത്തില്‍ 126 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം നടന്നിട്ടുള്ള പത്ത് വമ്പന്‍ കരാറുകളാണ് മൊത്തം ലയന-ഏറ്റെടുക്കല്‍ ഇടപാട് മൂല്യത്തില്‍ 63 ശതമാനത്തോളം പങ്കുവഹിക്കുന്നത്. ഈ പട്ടികയില്‍ മുന്നിലുള്ളത് 16 ബില്യണ്‍ ഡോളറിന്റെ വാള്‍മാര്‍ട്ട്-ഫഌപ്കാര്‍ട്ട് ഏറ്റെടുക്കല്‍ കരാറാണ്. ബാക്കി ഒന്‍പത് വന്‍ കരാറുകളും ബില്യണ്‍ ഡോളര്‍ ക്ലബ്ബിലുള്ളതാണ്. അതേസമയം, സ്വകാര്യ ഇക്വറ്റി കരാറുകളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷവും ഇടിവുണ്ടായി. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് സ്വകാര്യ ഇക്വിറ്റി കരാറുകളുടെ എണ്ണം കുറയുന്നത്. അഞ്ച് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറവ് കരാറുകളാണ് കഴിഞ്ഞ വര്‍ഷം നടന്നത്.

സ്വകാര്യ ഇക്വിറ്റി ഇടപാടുകളുടെ എണ്ണത്തില്‍ 19 ശതമാനം വാര്‍ഷിക ഇടിവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. 2017ല്‍ 1,307 കരാറുകള്‍ നടന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 1,057 ഇടപാടുകളാണ് നടന്നത്. എന്നാല്‍ പിഇ കരാറുകളുടെ മൂല്യം 25.63 ബില്യണ്‍ ഡോളറില്‍ നിന്നും ഏഴ് ശതമാനം വര്‍ധിച്ച് 27.34 ബില്യണ്‍ ഡോളറായി. 100 മില്യണ്‍ ഡോളറോ അതിലധികമോ മൂല്യം വരുന്ന 65 പിഇ ഇടപാടുകള്‍ കഴിഞ്ഞ വര്‍ഷമുണ്ടായി. ഇവയുടെ മൊത്തം മൂല്യം 20.57 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം കമ്പനികള്‍ സമാഹരിച്ചിട്ടുള്ള മൊത്തം സ്വകാര്യ ഇക്വിറ്റി ഫണ്ടിന്റെ 75 ശതമാനത്തോളം വരുമിത്.

ഓണ്‍ലൈന്‍ ബിസിനസുകളും സോഫ്റ്റ്‌വെയര്‍ കമ്പനികളും ഉള്‍പ്പെടുന്ന ഐടി മേഖലയാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ മുന്നിലുള്ളത്. മേഖലയില്‍ നടന്നിട്ടുള്ള കരാറുകളുടെ മൂല്യം കഴിഞ്ഞ വര്‍ഷം 49 ശതമാനം വര്‍ധിച്ചു. പിഇ കരാറുകളുടെ മൊത്തം മൂല്യത്തില്‍ 31 ശതമാനം പങ്കാളിത്തമാണ് ഐടി മേഖലയ്ക്കുള്ളത്. 8.7 ബില്യണ്‍ ഡോളറിന്റെ 489 ഇടപാടുകളാണ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം നടന്നത്. 2017ല്‍ 5.81 ബില്യണ്‍ ഡോളറിന്റെ 645 ഇടപാടുകള്‍ നടന്ന സ്ഥാനത്താണിത്.

100 മില്യണോ അതിലധികമോ മൂല്യം വരുന്ന 65 ഡീലുകളാണ് ധനകാര്യ മേഖലയില്‍ കഴിഞ്ഞ വര്‍ഷം നടന്നത്. ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റവും വലിയ ഇടപാട് എച്ച്ഡിഎഫ്‌സിയുടെ 1.74 ബില്യണ്‍ ഡോളറിന്റേതാണ്. 15.09 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ ഇക്വിറ്റി നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം പുറത്തേക്ക് പോയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ തുക 21 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy