പ്രകൃതിയോടിണങ്ങിയ ജീവിതം ശാന്തരാക്കും

പ്രകൃതിയോടിണങ്ങിയ ജീവിതം ശാന്തരാക്കും

പച്ചപ്പും ഹരിതാഭയും ജീവിതത്തില്‍ മാനസികാരോഗ്യത്തിന് സഹായകമാണെന്ന് പൊതുധാരണയുണ്ട്. എന്നാല്‍ കൂട്ടുകുടുംബത്തേക്കാളും അയല്‍വാസികളേക്കാളും മാനസികപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രകൃതിസുന്ദരമായ സ്ഥലത്ത് തനിച്ചു ജീവിക്കുന്നതാണ് പ്രസക്തമെന്ന് അധികമാരും പറഞ്ഞു കേട്ടിട്ടില്ല. ഡെന്മാര്‍ക്കിലെ ആറസ് സര്‍വ്വകലാശാല ഇപ്പോള്‍ ഇത്തരമൊരു പഠനം മുമ്പോട്ടു വെച്ചിരിക്കുന്നു. യുഎസില്‍ ഉല്‍ക്കണ്ഠയും വിഷാദരോഗവും മൂലമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുവെന്ന സമീപകാല പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പഠനം പ്രസക്തമാകുന്നത്.

ആധുനികകാലത്തെ ജീവിതത്തിന്റെ സമ്മര്‍ദ്ദം മുതല്‍, ഇ-മെയില്‍, ഫോണ്‍, സോഷ്യല്‍ മീഡിയ തുങ്ങിയ ഗാഡ്ജറ്റ് കുരുക്കിലെ ജീവിതവും മലിനീകരണം പോലുള്ള പാരിസ്ഥിതിക ഘടകങ്ങളും ഈ സങ്കീര്‍ണതകള്‍ക്ക് പിന്നിലെ കാരണങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളുടെ കരുക്കഴിക്കാനാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍ ശ്രമിക്കുന്നത്. പടരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരവും സാമൂഹ്യവുമായ പ്രശ്‌നമായി മാറുന്നതു തടയുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കാനാണ് അവര്‍ കോപ്പുകൂട്ടുന്നത്.

പ്രകൃതിദത്തമായ ചുറ്റുപാടില്‍ വളര്‍ന്നുവരുന്നതും മെച്ചപ്പെട്ട മാനസികാരോഗ്യം നേടുന്നതും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് ആറസിലെ ഗവേഷകനായ ക്രിസ്റ്റീന്‍ എന്‍ഗേമാന്‍, തയാറാക്കിയ പുതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. 1985 മുതല്‍ 2013 വരെയുള്ള ഉപഗ്രഹവിവരങ്ങള്‍ ഉപയോഗിച്ചാണ് ഒമ്പതു ലക്ഷം വീടുകളും പുരയിടങ്ങളും സംബന്ധിച്ച ഗവേഷണം നടത്തിയത്. ഈ വിവരങ്ങളെ കൗമാരക്കാരുടെ 16 വ്യത്യസ്ത മാനസികാവസ്ഥകളുമായി ബന്ധപ്പെടുത്തി വികസിപ്പിച്ചെടുത്ത സാധ്യതപഠനമാണ് അവര്‍ നടത്തിയത്.

പ്രകൃതിരമണീയമായ പ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 55 ശതമാനം കുറവ് മാനസികാരോഗ്യപ്രശ്‌നങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നാണ്് ഗവേഷകര്‍ കണ്ടെത്തിയത്. വ്യക്തിയുടെ സാമൂഹിക- സാമ്പത്തിക നില, മാനസികരോഗവുമായി ബന്ധപ്പെട്ട കുടുംബചരിത്രം, ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങിയ ഘടകങ്ങളാണ് ഗവേഷണത്തില്‍ പരിഗണിച്ചത്. ബാല്യകാലം പ്രകൃതിയോടിണങ്ങി ജീവിച്ചവര്‍ക്കാണ് നല്ല മാനസികാരോഗ്യത്തോടെ ശിഷ്ടജീവിതം നയിക്കാന്‍ കഴിഞ്ഞതെന്ന് പഠനം പറയുന്നത്.

Comments

comments

Categories: Health