ഖഷോഗിയെ കുറിച്ച് മിണ്ടാതെ അമേരിക്ക-സൗദി ചര്‍ച്ച; ബന്ധം ഊട്ടിയുറപ്പിക്കാന്‍ കച്ചകെട്ടി ട്രംപിന്റെ മരുമകന്‍

ഖഷോഗിയെ കുറിച്ച് മിണ്ടാതെ അമേരിക്ക-സൗദി ചര്‍ച്ച; ബന്ധം ഊട്ടിയുറപ്പിക്കാന്‍ കച്ചകെട്ടി ട്രംപിന്റെ മരുമകന്‍

കുഷ്‌നര്‍-എംബിഎസ് ചര്‍ച്ചയില്‍ ഖഷോഗി വധം ചര്‍ച്ചയായില്ല

റിയാദ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന് ശേഷം ആദ്യമായി വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനുമായ ജറേദ് കുഷ്‌നറും സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുഷ്‌നറും സൗദി കിരീടാവകാശിയും തമ്മില്‍ ചൊവ്വാഴ്ച ചര്‍ച്ചകള്‍ നടന്നതായി വൈറ്റ്ഹൗസ് വെളിപ്പെടുത്തി.

മുന്‍ചര്‍ച്ചകളുടെ തുടര്‍ച്ചയെന്നോണം അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സാമ്പത്തിക നിക്ഷേപങ്ങളിലൂടെ മുഴുവന്‍ ഗള്‍ഫ് മേഖലയുടെയും സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി വൈറ്റ് ഹൗസ് കുറിപ്പിലൂടെ അറിയിച്ചു. കൂടിക്കാഴ്ച്ച നടന്ന് ഒരു ദിവസത്തിന് ശേഷമാണ് വൈറ്റ്ഹൗസ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ജമാല്‍ ഖഷോഗി വധം സംബന്ധിച്ച പരാമര്‍ശങ്ങളൊന്നും കുറിപ്പില്‍ ഇല്ലെന്നുള്ളതും ശ്രദ്ധേയമാണ്. വാഷിംടണ്‍ പോസ്റ്റ് ലേഖകനായ സൗദി അറേബ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ എംബിഎസിനെ സംരക്ഷിക്കുന്ന നിലപാടാണ് ട്രംപ് ഭരണകൂടത്തിന്റേതെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് പുതിയ നീക്കങ്ങള്‍.

എംബിഎസിന്റെ ഉത്തരവ് പ്രകാരമാണ് ഖഷോഗി വധം നടന്നതെന്ന നിഗമനത്തിലാണ് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സിഐഎ എത്തിയിരുന്നത്. പക്ഷേ ഈ റിപ്പോര്‍ട്ട് ട്രംപ് അംഗീകരിച്ചിട്ടില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഖഷോഗി വധത്തിലെ കുറ്റക്കാര്‍ക്കെതിരെ അമേരിക്ക നടപടി കൈക്കൊള്ളുകയുള്ളുവെന്ന് പറഞ്ഞുകൊണ്ടാണ് ഖഷോഗി വധത്തിലെ ഭരണകൂട വിമര്‍ശനത്തെ ട്രംപും കൂട്ടരും നേരിടുന്നത്. ഇറാന്‍ വിഷയത്തിലടക്കം സൗദിയുമായി തന്ത്രപ്രധാന ബന്ധം പുലര്‍ത്തുന്ന അമേരിക്കയ്ക്ക് അത്രപെട്ടന്ന് സൗദി കിരീടാവകാശിയെ പിണക്കാനാകില്ല എന്നതാണ് അതിന് കാരണം. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് എംബിഎസിന്റെ അനുയായികള്‍ ഖഷോഗിയെ കൊലപ്പെടുത്തിയെന്ന ആരോപണം സൗദി അറേബ്യ പാടേ തള്ളിയിട്ടുണ്ട്. ഖഷോഗി വധത്തില്‍ സൗദി അറേബ്യയ്‌ക്കെതിരായി നിലപാടെടുക്കാത്തതിലും സിഐഎ റിപ്പോര്‍ട്ടിനെ അംഗീകരിക്കാത്തതിലും ട്രംപിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും അടുത്ത സഖ്യരാഷ്ട്രങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഖഷോഗി വധത്തെ തുടര്‍ന്ന് അമേരിക്ക-സൗദി ബന്ധം സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാകുകയും വിഷയത്തില്‍ പല സംവാദങ്ങള്‍ക്ക് വഴിയൊരുങ്ങുകയും ചെയ്തിരുന്നു.

ഈ സംഭവത്തില്‍ ട്രംപിന്റെ ഇളയ മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജറേദ് കുഷ്‌നറിനെതിരെയും അമേരിക്കയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രബലനായ സൗദിയിലെ ഭാവി ഭരണാധികാരിയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിലും ഖഷോഗി വധത്തില്‍ എംബിഎസില്‍ നിന്നുള്ള ശ്രദ്ധ തിരിക്കുന്നതിലും പ്രധാനിയാണ് കുഷ്‌നര്‍ എന്നാണ് ആരോപണം.ഖഷോഗി വധത്തില്‍ എംബിഎസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടുകളെ കുഷ്‌നറും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും നിരന്തരമായി തള്ളിക്കളഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇസ്രയേല്‍-പാലസ്തീന്‍ വിഷയത്തിലും ഇറാനെ നേരിടുന്നതിലും അമേരിക്കയുള്ള ഉറ്റ പങ്കാളിയാണ് സൗദിയെന്ന നിലപാട് ഇവര്‍ പലതവണ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

”സഖ്യരാഷ്ട്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം. പ്രത്യേകിച്ച് ഇറാനെതിരെ തിരിച്ചടിക്കുന്നതിലും നമ്മുടെ ശക്തനായ പങ്കാളിയാണ് സൗദി അറേബ്യ”. ഒക്ടോബറില്‍ സിഎന്‍എനിനു നല്‍കിയ അഭിമുഖത്തില്‍ കുഷ്‌നര്‍ പറഞ്ഞ വാക്കുകളാണിത്.

‘നൂറ്റാണ്ടിന്റൈ പ്രശ്‌നപരിഹാരം’ എന്ന് അമേരിക്ക വിശേഷിപ്പിക്കുന്ന ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്‌നപരിഹാര ദൗത്യം നടപ്പാക്കുന്നതിന് സൗദിയുടെ പിന്തുണ ആവശ്യമായ അമേരിക്ക അതിനുള്ള കരുനീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഇസ്രയേല്‍-പാലസ്തീന്‍ സമാധാന ശ്രമം സംബന്ധിച്ച വിശദാംശങ്ങള്‍ ധരിപ്പിക്കുന്നതിനായാണ് കുഷ്‌നര്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നാണ് സൂചന. സൗദിയിലെത്തുന്നതിന് മുമ്പ് യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ രാഷ്ട്രത്തലവന്‍മാരുമായും കുഷ്‌നര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിതാവ് സല്‍മാന്‍ രാജാവിനോടൊപ്പമാണ് എംബിഎസ് കുഷ്‌നറുമായി ചര്‍ച്ചകള്‍ നടത്തിയത്. അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയതന്ത്ര പ്രതിനിധി ജയ്‌സണ്‍ ഗ്രീന്‍ബ്ലാട്ട്, ഇറാനിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി ബ്രെയാന്‍ ഹൂക്ക് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

സൗദി സന്ദര്‍ശനത്തിന് ശേഷം ജറേദ് കുഷ്‌നര്‍ തുര്‍ക്കിയേക്ക് തിരിച്ചു. അതേസമയം ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന, പാലസ്തീന്‍ ജനത അധികമായുള്ള ജോര്‍ദാനില്‍ കുഷ്‌നര്‍ സന്ദര്‍ശനം നടത്തില്ല. രണ്ട് വര്‍ഷം മുമ്പാണ് വാഷിംഗ്ടണിന്റെ ഇേ്രസയല്‍-പാലസ്തീന്‍ സമാധാന ദൗത്യത്തിന്റെ ചുമതല കുഷ്‌നറിന് നല്‍കുന്നത്. ദൗത്യം നടപ്പാക്കുന്നതിന് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അമേരിക്ക.

Comments

comments

Categories: Arabia

Related Articles