വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു; അന്താരാഷ്ട്ര വിമാന നിരക്ക് വര്‍ധിച്ചേക്കും

വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു; അന്താരാഷ്ട്ര വിമാന നിരക്ക് വര്‍ധിച്ചേക്കും

ന്യൂഡെല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണമായേക്കും. പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമപാത അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ എയര്‍ലൈനുകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇത് കമ്പനികളുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ചെലവ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും ഇത്തരത്തിലുണ്ടാകുന്ന അധിക ബാധ്യത ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കമ്പനികള്‍ സമ്മര്‍ദം നേരിടുമെന്നുമാണ് റിപ്പോര്‍ട്ട്.

വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നതിലൂടെ ഉണ്ടാകുന്ന സമയനഷ്ടവും സര്‍വീസുകളുടെ സമയക്രമത്തിലുണ്ടാകുന്ന തടസങ്ങളുമാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. നിലവില്‍ യൂറോപ്പിലേക്കും ഗള്‍ഫ് മേഖലയിലേക്കുമുള്ള വിമാനങ്ങള്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപാത വഴിയും അറബിക്കടലിനുമുകളിലൂടെയുമാണ് പറക്കുന്നത്. ഈ വിമാനങ്ങള്‍ സാധാരണയിലും കുറഞ്ഞത് ഒരു മണിക്കൂറിലധികം സമയമെടുത്താണ് നിലവില്‍ സര്‍വീസ് നടത്തുന്നതെന്നും ഒരു എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു.

അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കില്‍ തീര്‍ച്ചയായും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് വിദേശ സര്‍വീസുകള്‍ നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികളുടെ എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്. സര്‍വീസുകള്‍ക്ക് അധിക സമയമെടുക്കുന്നത് വിമാനങ്ങളുടെ സമയക്രമത്തെയും കമ്പനിയുടെ മൊത്തം ചെലവിനെയും ബാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ഡെല്‍ഹിയില്‍ നിന്ന് യുഎസിലേക്കും യൂറോപ്പിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ അഹമ്മദാബാദ്, മുംബൈ റൂട്ടുകള്‍ വഴിയാണ് വഴിതിരിച്ചുവിടുന്നതെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. സാങ്കേതിക തടസങ്ങള്‍ കാരണം യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇന്ത്യയിലെത്തുന്ന വിമാനങ്ങള്‍ ദുബൈ, ഷാര്‍ജ റൂട്ടുവഴി വഴിതിരിച്ചുവിടുന്നതായും കമ്പനി പറയുന്നു. ഈ റൂട്ടില്‍ കൂടുതല്‍ സമയമെടുക്കുന്നതായും കമ്പനി അറിയിച്ചു.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് എന്നിവയാണ് ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര റൂട്ടുകളിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനികള്‍. പാക്കിസ്ഥാന്‍-ഇന്ത്യ ബന്ധം വഷളായതിനെ തുടര്‍ന്ന് ശ്രിനഗര്‍, ലേ, പഠാന്‍കോട്ട്, ധര്‍മ്മശാല എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പോര്‍ വിമാനമായ മിഗ്-21 ബിസണ്‍ യുദ്ധത്തില്‍ നഷ്ടമായതായും ഒരു പൈലറ്റിനെ കാണാനില്ലെന്നും ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ തങ്ങളുടെ പിടിയിലുണ്ടെന്നാണ് പാക്കിസ്ഥാന്റെ വാദം. ഇത് തെളിയിക്കുന്ന ഒരു വീഡിയോയും പാക് മാധ്യമം പുറത്തുവിട്ടിട്ടുണ്ട്.

Comments

comments

Categories: FK News