ഫാക്റ്ററി ഉല്‍പ്പാദനം മൂന്ന് വര്‍ഷത്തിനിടയിലെ താഴ്ച്ചയില്‍

ഫാക്റ്ററി ഉല്‍പ്പാദനം മൂന്ന് വര്‍ഷത്തിനിടയിലെ താഴ്ച്ചയില്‍
  • പുതിയ കയറ്റുമതി ഓര്‍ഡറുകളില്‍ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ മാസം ഉണ്ടായത്
  • മാനുഫാക്ച്ചറിംഗ് ഉല്‍പ്പാദനം കുറഞ്ഞു. 2009 ജനുവരി മുതലുള്ള കാലയളവില്‍ ആദ്യമായാണ് മേഖലയില്‍ ഉല്‍പ്പാദനം ചുരുങ്ങുന്നത്

ബെയ്ജിംഗ്: ചൈനയുടെ ഫാക്റ്ററി ഉല്‍പ്പാദനം ഫെബ്രുവരിയില്‍ മൂന്ന് വര്‍ഷത്തിനിടയിലെ താഴ്ന്ന തലത്തിലെത്തിയതായി റിപ്പോര്‍ട്ട്. കയറ്റുമതി ഓര്‍ഡറുകളിലുണ്ടായ ഇടിവാണ് ഫാക്റ്ററി ഉല്‍പ്പാദനം കുറയാനുള്ള കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം മുതലുള്ള കാലയളവിലെ ഏറ്റവും വലിയ ഇടിവാണ് കയറ്റുമതി ഓര്‍ഡറുകളില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് ചൈനയുടെ വ്യാവസായിക മേഖലയിലെ പിഎംഐയില്‍ (പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്) ഇടിവ് ഉണ്ടാകുന്നത്. ജനുവരിയിലെ 49.5 എന്ന നിലവാരത്തില്‍ നിന്നും പിഎംഐ കഴിഞ്ഞ മാസം 49.2 തലത്തിലേക്ക് പോയതായാണ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പറയുന്നത്. 2016 ഫെബ്രുവരി മുതലുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന തലമാണിത്. പിഎംഐ 50നു മുകളിലാണെങ്കിലാണ് മേഖലയുടെ വളര്‍ച്ച സൂചിപ്പിക്കുന്നത്.

മാനുഫാക്ച്ചറിംഗ് മേഖലയിലെ ഉല്‍പ്പാദനത്തിലും കഴിഞ്ഞ മാസം ഇടിവുണ്ടായി. 2009 ജനുവരി മുതലുള്ള കാലയളവിനിടെ ഇതാദ്യമായാണ് മേഖലയിലെ ഉല്‍പ്പാദനം ചുരുങ്ങുന്നത്. പിഎംഐ ജനുവരിയിലെ 50.9ല്‍ നിന്നും ഫെബ്രുവരിയില്‍ 49.5ലേക്ക് ചുരുങ്ങി. മാനുഫാക്ച്ചറര്‍മാര്‍ തൊഴില്‍ വെട്ടിച്ചുരുക്കല്‍ തുടരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പുതിയ കയറ്റുമതി ഓര്‍ഡറുകളില്‍ തുടര്‍ച്ചയായി ഒന്‍പതാമത്തെ മാസമാണ് ഇടിവുണ്ടാകുന്നത്. കയറ്റുമതി സൂചിക ജനുവരിയിലെ 46.9ല്‍ നിന്നും കഴിഞ്ഞ മാസം 45.2ലേക്ക് താഴ്ന്നു. 2009 ഫെബ്രുവരി മുതലുള്ള കാലയളവിലെ ഏറ്റ വും താഴ്ന്ന തലമാണിത്.

ആഭ്യന്തര-വിദേശ വിപണികളിലെ ആവശ്യകതയില്‍ ഒരുപോലെ മാന്ദ്യം നേരിടുന്ന ചൈനീസ് സമ്പദ്‌വ്യവസ്ഥയ്‌ക്കേറ്റ ആഴത്തിലുള്ള പ്രഹരമാണ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയ്ക്ക് ഇതിന്റെ പ്രഭാവം നഷ്ടമായികൊണ്ടിരിക്കുകയാണെന്ന കാഴ്ച്ചപാടുകള്‍ ഊട്ടിഉറപ്പിക്കാനും ഈ റിപ്പോര്‍ട്ട് വഴിയൊരുക്കും. 28 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം ചൈന രേഖപ്പെടുത്തിയത്.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രോത്സാഹനം നല്‍കുന്നുണ്ട്. എന്നാല്‍, യുഎസ്-ചൈന വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ ചൈന കടുത്ത മാന്ദ്യത്തിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന ആശങ്കകളും വര്‍ധിക്കുന്നുണ്ട്. വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക ശമനം ഉണ്ടാകുകയാണെങ്കിലും മാന്ദ്യം പെട്ടെന്ന് മറികടക്കാന്‍ ചൈനയ്ക്ക് സാധക്കില്ലെന്ന് ഐഎന്‍ജി സാമ്പത്തിക വിദഗ്ധന്‍ ഐറിസ് പാംഗ് പറഞ്ഞു.

Comments

comments

Categories: FK News