രാജ്യത്തെ 47% പ്രദേശങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍

രാജ്യത്തെ 47% പ്രദേശങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍

വരള്‍ച്ചാകെടുതികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും പ്രതികൂല പ്രത്യാഘാതമുണ്ടാകുമെന്ന് ഗാന്ധിനഗര്‍ ഐഐടിയിലെ ശാസ്ത്രജ്ഞര്‍

ഗാന്ധിനഗര്‍: ഇന്ത്യയുടെ 47 ശതമാനം ഭൂപ്രദേശങ്ങളും രൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. 16 ശതമാനത്തോളം പ്രദേശങ്ങളിള്‍ വരള്‍ച്ച ഏറ്റവും വഷളായ അവസ്ഥയിലാണെന്നും ഗാന്ധിനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും സാരമായ പ്രതികൂല പ്രത്യാഘാതമുണ്ടാക്കുമെന്നും ഐഐടി ഗാന്ധിനഗറിലെ തല്‍സമയ വരള്‍ച്ചാ പ്രവചന സംവിധാനം കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞന്‍മാര്‍ മുന്നറിപ്പ് നല്‍കുന്നു. രാജ്യത്ത് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന വരള്‍ച്ച, വലിയ ജലദൗര്‍ലഭ്യത്തിന് കാരണമാകുമെന്ന് ഐഐടി അസോസിയേറ്റ് പ്രൊഫസര്‍ വിമല്‍ മിശ്ര അഭിപ്രായപ്പെട്ടു. അരുണാചല്‍ പ്രദേശില്‍ ഈ വര്‍ഷം മഴ ശരാശരിയിലും ഏറെ കുറഞ്ഞാണ് ലഭിച്ചത്. ജാര്‍ഖണ്ഡിന്റെ ഭാഗങ്ങള്‍, ദക്ഷിണ ആന്ധ്ര, ഗുജറാത്ത്, വടക്കന്‍ തമിഴ്‌നാട് എന്നിവ കടുത്ത വരള്‍ച്ചാ ഭീക്ഷണിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മേഖലകളില്‍ മണ്‍സൂണിനു മുന്‍പ് കാഠിന്യമേറിയ ചൂടനുഭവപ്പെട്ടാല്‍ അത് രൂക്ഷമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും മിശ്ര മുന്നറിപ്പ് നല്‍കി.

‘ഇപ്പോള്‍ത്തന്നെ അപകടത്തിലായിരിക്കുന്ന, രാജ്യത്തിന്റെ ഭൂഗര്‍ഭ ജല സ്രോതസുകളുടെ ശോഷണത്തിന് തുടര്‍ച്ചയായ വരള്‍ച്ച ആക്കം കൂട്ടും. ഭൂഗര്‍ഭ ജലത്തെ പരിപോഷിപ്പിക്കാനുള്ള നടപടികള്‍ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. വരള്‍ച്ച രൂക്ഷമായതോടെ കൂടുതല്‍ ജലം ഭൂമിയില്‍ നിന്ന് ഊറ്റിയെടുക്കാന്‍ നാം നിര്‍ബന്ധിതമായിരിക്കുകയാണ്,’ പ്രൊഫസര്‍ മിശ്ര ചൂണ്ടിക്കാട്ടി. ദീര്‍ഘകാലത്തേക്ക് സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കപ്പെടുകയും കര്‍ഷക ആത്മഹത്യകള്‍ പെരുകുകയും ചെയ്യുന്നതാണ് ഇതിന്റെ അനന്തര ഫലമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ജല ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ധിപ്പിക്കാതിരിക്കുകയും അവയെ സുസ്ഥിരമായി നിലനിര്‍ത്താതിരിക്കുകയും ചെയുന്നത് വരും വര്‍ഷങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കും. നിരുത്തരവാദപരമായാണ് ഇപ്പോള്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്യപ്പെടുന്നത്.

‘അനുയോജ്യമായ കാര്‍ഷിക വിളകള്‍ തിരഞ്ഞെടുത്തുകൊണ്ട് ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കാവുന്നതാണ്. ജലവിതാനം വളരെയധികം കുറഞ്ഞു പോയിട്ടുള്ള സ്ഥലങ്ങളില്‍ ധാരാളം ജലം വലിച്ചെടുക്കുന്ന വിളകള്‍ കൃഷി ചെയ്യരുത്. ഉദാഹരണത്തിന് പഞ്ചാബില്‍ നെല്‍കൃഷി ഒട്ടും ആശാസ്യകരമല്ല,’ മിശ്ര വിശദീകരിക്കുന്നു. ഭൂഗര്‍ഭ ജല സംരക്ഷണത്തിനായി സര്‍ക്കാരും ശക്തമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നഗര വാസികളുടെ ജലസംരക്ഷണം ബക്കറ്റിലെ ഒരു തുള്ളി വെള്ളം പോലെ തുച്ഛമാണ്. ജല സംരക്ഷണം എല്ലാ തലങ്ങളിലും ആവശ്യമാണെങ്കിലും 80 ശതമാനം ജല ഉപഭോഗവും രാജ്യത്തെ കാര്‍ഷിക മേഖലകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും വരും വര്‍ഷങ്ങളിലെ വരള്‍ച്ചയുടെ തീവ്രത വര്‍ധിപ്പിക്കുമെന്നും വരള്‍ച്ചാ സാഹചര്യം നേരിടാന്‍ രാജ്യം തയാറെടുക്കണമെന്നും ഐഐടി ഗാന്ധിനഗറിലെ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. ക്ഷാമകാലത്തിനു സമാനമായ സാഹചര്യം സമ്പദ് വ്യവസ്ഥയെ വലിയ തോതില്‍ ബാധിക്കുമെന്നും കര്‍ഷകരും രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളുമാകും ഇതിന്റെ പരിണിതഫലങ്ങല്‍ കൂടുതല്‍ അനുഭവിക്കുകയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള കാലാവസ്ഥയെയും ജലസാന്നിദ്ധ്യത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ഐഐടി ഗാന്ധിനഗറിലെ വാട്ടര്‍ ആന്‍ഡ് ക്ലൈമേറ്റ് ലാബ് വരള്‍ച്ചാ പ്രവചനങ്ങള്‍ നടത്തുന്നത്.

മണ്‍സൂണ്‍ കനിഞ്ഞില്ല

കഴിഞ്ഞ വര്‍ഷം ശരാശരി മണ്‍സൂണ്‍ മഴ ലഭിച്ചത് കേരളത്തില്‍ മാത്രമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം മണ്‍സൂണ്‍ കുറഞ്ഞു. രാജ്യമാകെ ദീര്‍ഘകാല ശരാശരിയുടെ 56 ശതമാനം മഴ മാത്രമാണ് ലഭിച്ചത്. 1901 ന് ശേഷമുള്ള ആറാമത്തെ കുറഞ്ഞ മഴ ലഭ്യതയാണിതെന്നും കാലാവസ്ഥാ ഗവേഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തെലങ്കാനയില്‍ 65 ശതമാനവും ആന്ധ്ര പ്രദേശില്‍ 57 ശതമാനവും കര്‍ണാടകയില്‍ 48 ശതമാനവും തമിഴ്‌നാട്ടില്‍ 24 ശതമാനവും കുറവാണ് മഴ ലഭ്യതയില്‍ അനുഭവപ്പെട്ടത്

Comments

comments

Categories: FK News, Slider
Tags: drought