ചൈനീസ് കമ്പനികളുടെ പങ്കാളിത്തത്തില്‍ തീരുമാനമായില്ല: അരുണ സുന്ദരരാജന്‍

ചൈനീസ് കമ്പനികളുടെ പങ്കാളിത്തത്തില്‍ തീരുമാനമായില്ല: അരുണ സുന്ദരരാജന്‍

5ജി ടെസ്റ്റുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തിയിട്ടുള്ള സുരക്ഷാ ആശങ്കകള്‍ സര്‍ക്കാര്‍ പരിശോധിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ 5ജി പരീക്ഷണ പദ്ധതികളില്‍ ചൈനീസ് ഗിയര്‍ നിര്‍മാണ കമ്പനികള്‍ക്ക് അനുമതി നല്‍കണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ടെലികോം വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജന്‍. 5ജി ടെസ്റ്റുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ പരിഗണിച്ച് സുരക്ഷ സംബന്ധമായ എല്ലാ വിഷയങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നും അരുണ സുന്ദരരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചൈനീസ് കമ്പനികളെ 5ജി പരീക്ഷണത്തില്‍ പങ്കെടുപ്പിക്കുന്നതിലെ സുരക്ഷാ ആശങ്കകള്‍ വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇത്തരം വിഷയങ്ങളെ കുറിച്ച് ഗൗരവരപൂര്‍വ്വം പഠിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 4ജി/എല്‍ടിഇയിലും 5ജി മോഡത്തിലും ഉപയോഗിക്കുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ചിപ്പ് അവതരണ വേളയിലാണ് അരുണ സുന്ദരരാജന്‍ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

ചൈനീസ് കമ്പനിയായ ഹ്വാവെയ് 5ജി പരീക്ഷണ ഘട്ടത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചതായി ജനുവരി ആദ്യം അരുണ സുന്ദരരാജന്‍ പറഞ്ഞിരുന്നു. 5ജി പരീക്ഷണവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ വീക്ഷിക്കുന്നതിന് ഒരു സമിതി രൂപീകരിച്ചതായും അരുണ പറഞ്ഞു. ജൂണിനു ശേളം 5ജി ലേലം ആസൂത്രണം ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം. അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് തയാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായും അവര്‍ അറിയിച്ചു.

5ജി ഉപകരണങ്ങളുടെ സുരക്ഷയില്‍ യുഎസ് ആശങ്ക ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഹ്വാവെയ് ആഗോള തലത്തില്‍ തന്നെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമായിരിക്കുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പ് സെക്രട്ടറി ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഹ്വാവെയ് നിര്‍മിക്കുന്ന 5ജി ഗിയറുകള്‍ നിരോധിക്കണമെന്ന് യുഎസ് തങ്ങളുടെ സഖ്യരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡ, ജപ്പാന്‍, ന്യൂസീലന്‍ഡ്, പോളണ്ട്, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങള്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

അതേസമയം, തങ്ങളുടെ പിഴവുകള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ നിരത്തണമെന്ന് യുഎസിനോടും ആരോപണവുമായി രംഗത്തുവന്നിട്ടുള്ള മറ്റ് സര്‍ക്കാരുകളോടും ഹ്വാവെയ് ആവശ്യപ്പെട്ടു. അത്തരം വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കുറഞ്ഞത് കമ്പനിയോടെങ്കിലും വെളിപ്പെടുത്തണമെന്നും ഹ്വാവെയ് പറഞ്ഞു. സ്വന്തം വിധി നിര്‍ണയിക്കണമെന്ന് കമ്പനി ഇന്ത്യയോടും പറഞ്ഞു. 5ജി ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാരില്‍ നിന്നുള്ള അുമതിക്കായി കാത്തിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഹ്വാവെയ് കമ്പനിയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അറിയുന്നതിന് മറ്റ് വിപണികളിലെ നേതൃത്വങ്ങളുമായും ആഗോള ലോബികളുമായും ഡാറ്റ സംരക്ഷണ സംരംഭങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതാദ്യമായാണ് ഈ വിഷയം ഇന്ത്യന്‍ ടെലികോം കമ്പനികള്‍ ആഗോള വേദിയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നാണ് വോഡഫോണ്‍ ഐഡിയ പ്രതികരിച്ചിട്ടുള്ളത്. 5ജി പരീക്ഷണത്തില്‍ സിസ്‌കോ, സാംസംഗ്, നോക്കിയ, എറിക്‌സണ്‍ തുടങ്ങിയ കമ്പനികളുമായി സഹകരിക്കുന്നതിന് രാജ്യത്തെ മുന്‍ നിര ടെലികോം കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: FK News