പട്ടികപ്പെടുത്താത്ത 42 കാന്‍സര്‍ മരുന്നുകള്‍ക്ക് വില നിയന്ത്രണം

പട്ടികപ്പെടുത്താത്ത 42 കാന്‍സര്‍ മരുന്നുകള്‍ക്ക് വില നിയന്ത്രണം

2013ലെ മരുന്നു വില നിയന്ത്രണ ഓര്‍ഡര്‍ പ്രകാരം ഇതുവരെ 1000ഓളം മരുന്നുകളെ വില നിയന്ത്രണ പരിധിയിലെത്തിച്ചു

ന്യൂഡെല്‍ഹി: പട്ടികപ്പെടുത്താത്ത 42 കാന്‍സര്‍ മരുന്നുകളെ വില നിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വ്യാപാര ലാഭം പരമാവധി 30 ശതമാനമായാണ് നിജപ്പെടുത്തിയിട്ടുള്ളത്. വിവിവിധ മരുന്നുകള്‍ക്ക് 85 ശതമാനം വരെ വില കുറയുന്നതിന് ഈ നടപടി സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 2013ലെ മരുന്നു വില നിയന്ത്രണ ഓര്‍ഡര്‍ പ്രകാരമാണ് പൊതു താല്‍പ്പര്യമനുസരിച്ച് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ( എന്‍പിപിഎ) 42 മരുന്നുകളുടെ വില യുക്തിസഹമാക്കിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എന്‍പിപിഎ യില്‍ നിന്നുള്ള വിവര പ്രകാരം 105 ബ്രാന്‍ഡുകളിലായി പുറത്തിറങ്ങുന്ന മരുന്നുകളുടെ വില്‍പ്പന വിലയിലാണ് മാറ്റമുണ്ടാകുക. ഉപഭോക്താക്കള്‍ മൊത്തമായി ഒരു വര്‍ഷത്തില്‍ 105 കോടി വരെ ലാഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അധികൃതര്‍ പറയുന്നു. പട്ടികപ്പെടുത്തിയ മരുന്നു സംയുക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന 57 കാന്‍സര്‍ മരുന്നുകള്‍ നിലവില്‍ വില നിയന്ത്രണത്തിന്റെ പരിധിയില്‍ ഉണ്ട്. മരുന്നു നിര്‍മാതാക്കളില്‍ നിന്നും ആശുപത്രികളില്‍ നിന്നും ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മരുന്നു സംയുക്തങ്ങളെ വില നിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

വിലകള്‍ പുതുക്കി നിശ്ചയിച്ച് എന്‍പിപിഎ, സംസ്ഥാന ഡ്രഗ് കൗണ്‍സിലര്‍മാര്‍, സ്റ്റോക്കിസ്റ്റുകള്‍, റീട്ടെയ്‌ലര്‍മാര്‍ എന്നിവരെ അറിയിക്കുന്നതിനായി ഏഴു ദിവസമാണ് മരുന്നു നിര്‍മാണ കമ്പനികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. മാര്‍ച്ച് 8 മുതലാണ് പുതുക്കിയ വിലകള്‍ പ്രാബല്യത്തില്‍ വരിക. മരുന്നു വില നിയന്ത്രണ ഓര്‍ഡറിന്റെ ഷെഡ്യൂള്‍ 1 പ്രകാരം തയാറാക്കിയ അത്യാവശ്യ മരുന്നുകളുടെ പട്ടികയില്‍ ഇടം നേടിവയുടെ വില നിര്‍ണയം നടത്തുകയാണ് നിലവില്‍ എന്‍പിപിഎ. ഇതുവരെ 1000ഓളം മരുന്നുകളെ വില നിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ടുവരാനായിട്ടുണ്ട്. പട്ടികപ്പെടുത്താത്ത മരുന്നുകളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം വില വര്‍ധന നടപ്പാക്കാനാകും. ഇത് എന്‍പിപിഎയുടെ നിരീക്ഷണത്തിന് വിധേയമാണ്.

Comments

comments

Categories: FK News