85 % ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും ലാഭത്തില്‍ കേന്ദ്രീകരിക്കുന്നില്ല

85 % ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും ലാഭത്തില്‍ കേന്ദ്രീകരിക്കുന്നില്ല

വളര്‍ച്ച കൈവരിക്കുന്നതിനാണ് സ്റ്റാര്‍ട്ടുകള്‍ മുന്തിയ പരിഗണന നല്‍കുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലാഭത്തേക്കാള്‍ പ്രഥമ പരിഗണന നല്‍കുന്നത് വളര്‍ച്ച കൈവരിക്കാനെന്ന് സര്‍വെ റിപ്പോര്‍ട്ട്. തുടക്കക്കാര്‍ മുതല്‍ വളര്‍ച്ചാ ഘട്ടത്തില്‍ ഉള്ളവര്‍ വരെയുള്‍പ്പെട്ട 100 സ്്റ്റാര്‍ട്ടുകളില്‍ നിന്ന് വിവരം ശേഖരിച്ച് മുംബൈ ആസ്ഥാനമായ ഇന്നൊവെന്‍ കാപ്പിറ്റല്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ വര്‍ഷം വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുമെന്നും ലാഭക്ഷമതയ്ക്ക് മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് ശേഷമേ ശ്രദ്ധ നല്‍കൂവെന്നുമാണ് സ്റ്റാര്‍പ്പുകളില്‍ ഭൂരിഭാഗവും പ്രതികരിച്ചിട്ടുള്ളത്.

2017ലെയും 2018ലെയും ഇന്നൊവെന്‍ സ്റ്റാര്‍ട്ട് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പ്രകാരം വളര്‍ച്ചയ്ക്ക് പ്രാമുഖ്യം നല്‍കിയിരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ യഥാക്രമം 53 ശതമാനവും 56 ശതമാനവും ആയിരുന്നു. 2018ല്‍ ഫണ്ട് സമാഹരണം സുഗമമായിരുന്നുവെന്നാണ് 74 ശതമാനം സ്റ്റാര്‍ട്ടപ്പുകളും പ്രതികരിച്ചത്. എന്നാല്‍ 2019ല്‍ ഫണ്ടുകള്‍ നേടുക എന്നത് ദുഷ്‌കരമായിരിക്കുമെന്ന് 46 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ കണക്കുകൂട്ടുന്നു.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ വര്‍ധിച്ചു വരുന്ന ചൈനീസ്, ജാപ്പനീസ് നിക്ഷേപത്തെ കുറിച്ചും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 50 ശതമാനം വര്‍ധനയാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളില്‍ ഉണ്ടായിട്ടുള്ളത്. വളര്‍ച്ചാ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പരമ്പരാഗത വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപര്‍ക്കൊപ്പം തന്നെ ഈ രണ്ടു രാജ്യങ്ങളിലെ നിക്ഷേപകരുമായും സജീവമായ ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കഴിഞ്ഞ വര്‍ഷത്തെ നിക്ഷേപ സമാഹരണങ്ങളില്‍ കമ്പനിക്ക് പ്രതീക്ഷിച്ച മൂല്യ നിര്‍ണയം ലഭിച്ചുവെന്ന് 66 ശതമാനം സ്റ്റാര്‍ട്ടപ്പുകളാണ് പ്രതികരിച്ചത്. 31 ശതമാനം കമ്പനികള്‍ക്ക് പ്രതീക്ഷിച്ചതിലും താഴെ മൂല്യ നിര്‍ണയമാണ് ഫണ്ട് സമാഹരണത്തില്‍ ലഭ്യമായത്. പ്രതീക്ഷിച്ചതിനു മുകളിലേക്ക് മൂല്യ നിര്‍ണയം ലഭിച്ചെന്നും ഫണ്ട് സമാഹരണം സാധ്യമായെന്നും 3 ശതമാനം സ്റ്റാര്‍ട്ടപ്പുകളാണ് പ്രതികരിച്ചത്.

സുസ്ഥിരവും വിലയിരുത്താനാകുന്നതുമായ റെഗുലേറ്ററി സംവിധാനം സാധ്യമാക്കുക എന്നതാണ് സ്റ്റാര്‍പ്പുകളെ വളര്‍ച്ചയ്ക്കു സര്‍ക്കാര്‍ സ്വീകരിക്കേണ്ട പ്രധാന നടപടിയെന്നാണ് 80 ശതമാനം ഇ- കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പുകളും പറയുന്നത്. 34 ശതമാനം സ്റ്റാര്‍ട്ടുപ്പുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ പ്രോല്‍സാഹന പദ്ധതികള്‍ മികച്ചതും കാര്യക്ഷമവുമായി കണക്കാക്കുന്നത്.

ബ്ലോക്ക്‌ചെയ്ന്‍, ഓഗ്‌മെന്റഡ് റിയാലിറ്റി എന്നിവ അമിത പ്രാധാന്യം ലഭിച്ച മേഖലകളാണെന്ന് 46 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അഗ്രിടെക്, ലോജിസ്റ്റിക്‌സ് എന്നിവയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും 32 ശതമാനം പേര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സര്‍വെയില്‍ പങ്കെടുത്ത 69 ശതമാനം സ്റ്റാര്‍ട്ടപ്പുകളിലും 20 ശതമാനത്തില്‍ താഴെയാണ് നേതൃപദവികളിലെ സ്ത്രീകളുടെ സാന്നിധ്യം. 70 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ഈ വര്‍ഷം നിയമനങ്ങള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Business & Economy