വാട്‌സ് ആപ്പ് @ 10

വാട്‌സ് ആപ്പ് @ 10

വാട്‌സ് ആപ്പ് എന്ന പത്ത് വര്‍ഷം മുന്‍പ് ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ്, ഫോണ്‍ കോള്‍, സന്ദേശം അയയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയൊരു ഡിസ്‌റപ്ഷനാണു കൊണ്ടു വന്നത്. അക്കാലമത്രയും പ്രസ്തുത സേവനങ്ങള്‍ക്കു വലിയ തുക ഈടാക്കിയിരുന്ന ടെലികോം കമ്പനികള്‍ക്ക് ഇരട്ടി പ്രഹരമേല്‍പ്പിക്കാന്‍ വാട്‌സ് ആപ്പിനു സാധിച്ചു. സേവനം ലഭ്യമാക്കി കൊണ്ട് പത്ത് വര്‍ഷം പിന്നിടുന്ന വാട്‌സ് ആപ്പിന് ഇന്ന് ആഗോളതലത്തില്‍ 150 കോടി യൂസര്‍മാരുണ്ട്.

ഒരു ജോലി തേടി അലഞ്ഞവര്‍ പില്‍ക്കാലത്ത് ഒരായിരം പേര്‍ക്കു ജോലി നല്‍കിയ കഥയാണു വാട്‌സ് ആപ്പിന്റെ സ്ഥാപകരായ ജാന്‍ കൂമിനും ബ്രയാന്‍ ആക്റ്റനും പറയാനുള്ളത്. 2007-ല്‍ യാഹൂ എന്ന വെബ് സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയില്‍നിന്നും രാജിവച്ച ഇരുവരും ഫേസ്ബുക്കില്‍ ജോലിക്ക് അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ഇരുവരും ദക്ഷിണ അമേരിക്കയിലേക്ക് ഒരു യാത്ര നടത്തി. മടുപ്പ് അകറ്റി, മനസിനെ ഉന്മേഷ ഭരിതമാക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. അക്കാലത്തായിരുന്നു സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ ഐ ഫോണിനെ ലോകത്തിനു മുന്‍പാകെ പരിചയപ്പെടുത്തിയത്. അന്നു വരെ ബ്ലാക്ക്‌ബെറിയും, നോക്കിയയും കൈയ്യടിക്കിയിരുന്ന മൊബൈല്‍ ഫോണ്‍ വിപണിയിലേക്കാണ് ഒട്ടേറെ പുതുമകള്‍ നിറച്ചു കൊണ്ടു ഐ ഫോണ്‍ അവതരിച്ചത്. ഈ പുതുമ മനസിലാക്കുവാന്‍ ജാന്‍ കൂം ഒരു ഐ ഫോണ്‍ സ്വന്തമാക്കുകയും ചെയ്തു. ഐ ഫോണ്‍ സ്വന്തമാക്കിയതോടെ ആപ്പ് സ്റ്റോര്‍ എന്നൊരു സംവിധാനത്തെയും പരിചയപ്പെടാന്‍ കൂമിനു സാധിച്ചു. വിവിധ മൊബൈല്‍ ആപ്പുകളുള്ള ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോമാണല്ലോ ആപ്പ് സ്റ്റോര്‍. ഒരു മൊബൈല്‍ ആപ്പ് വികസിപ്പിച്ചാല്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇടം കണ്ടെത്താന്‍ സാധിക്കുമെന്നു ജാന്‍ കൂം ഊഹിച്ചു. കാരണം അപ്പോള്‍ ആപ്പ് സ്റ്റോറിനു വെറും ഏഴ് മാസം മാത്രമായിരുന്നു പ്രായം. പിന്നെ ഒട്ടും സമയം കളഞ്ഞില്ല. സുഹൃത്തായ അലക്‌സ് ഫിഷ്മാന്റെ സഹായത്തോടെ റഷ്യന്‍ മൊബൈല്‍ ആപ്പ് ഡവലപ്പര്‍ ഇഗോര്‍ സോളോമെനിക്കോവിനെ പരിചയപ്പെടുകയും ഒരു മെസേജിംഗ് ആപ്പ് ഡവലപ്പ് ചെയ്യുകയുമുണ്ടായി. ഉപയോക്താക്കളുടെ പേരിന്റെ സമീപത്തു തന്നെ അവരുടെ സ്റ്റാറ്റസും കാണുന്ന രീതിയിലുള്ളതായിരുന്നു മൊബൈല്‍ ആപ്പ്. ഇതാണ് വാട്‌സ് ആപ്പ് ആയി ലോകത്തെ കീഴടക്കിയത്. വാട്‌സ് ആപ്പ് ആദ്യമായി റിലീസ് ചെയ്തത് 2009 ഓഗസ്റ്റില്‍ ആപ്പ് സ്റ്റോറിലായിരുന്നു. 2010 ഓഗസ്റ്റിലാണ് ആന്‍ഡ്രോയ്ഡ് ഫോണില്‍ വാട്‌സ് ആപ്പ് സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.

വാട്‌സ് ആപ്പിന്റെ ആദ്യ പതിപ്പ് അത്ര മതിപ്പ് ഉളവാക്കുന്നതായിരുന്നില്ല. വാട്‌സാപ്പിന്റെ ആദ്യ പതിപ്പുകള്‍ ഇടയ്ക്കിടെ നിശ്ചലമാകുകയും പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്നതായിരുന്നെങ്കിലും പില്‍ക്കാലത്ത് ആപ്പ് മെല്ലെ മെല്ലെ മെച്ചപ്പെട്ടു. വാട്‌സ് ആപ്പ് ലോഞ്ച് ചെയ്ത് വെറും ആറ് മാസം പിന്നിട്ടപ്പോള്‍ 2,50,000 സജീവ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചു. നാല് വര്‍ഷത്തിനുള്ളില്‍ 200 ദശലക്ഷം യൂസര്‍മാരിലേക്ക് വാട്‌സ് ആപ്പ് എത്തി. 2014-ല്‍ ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ 19 ബില്യന്‍ ഡോളറിന്(ഏകദേശം 1,14,000 കോടി രൂപ) ഏറ്റെടുക്കുകയും ചെയ്തു. വാട്‌സ് ആപ്പിനെ ഏറ്റെടുത്തത്, ഫേസ്ബുക്കിന്റെ അതുവരെയുള്ള ഏറ്റവും വലിയ ഏറ്റെടുക്കലില്‍ ഒന്ന് കൂടിയായിരുന്നു. ഇന്ന് ലോകമെമ്പാടുമായി വാട്‌സ് ആപ്പിന് 150 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. ഇന്ത്യയില്‍ മാത്രം 200 ദശലക്ഷത്തിലേറെ പേര്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുമുണ്ട്.

ഐ ഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്നിവയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മെസേജിംഗ് ആപ്പ് ആയിട്ടാണ് വാട്‌സ് ആപ്പിനെ വികസിപ്പിച്ചത്. 2009 ഫെബ്രുവരി 24നാണു വാട്‌സ് ആപ്പ് കോര്‍പറേഷനാക്കിയത്. 2009-ഡിസംബറില്‍ തന്നെ വാട്‌സ് ആപ്പ് ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്പും ലോഞ്ച് ചെയ്തു. 2010-ല്‍ ലൊക്കേഷന്‍ ഷെയറിംഗ് വാട്‌സ് ആപ്പ് ഫീച്ചറിലേക്ക് കൂട്ടിച്ചേര്‍ത്തു. പിന്നീട് 2011-ല്‍ വാട്‌സ് ആ്പ്പ് ഗ്രൂപ്പ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചു. 2011 ഒക്ടോബറില്‍ വാട്‌സ് ആപ്പ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ചു 100 കോടി സന്ദേശങ്ങളാണ് അയച്ചത്. 2013 ഓഗസ്റ്റില്‍ വോയ്‌സ് മെസേജും വാട്‌സ് ആപ്പിന്റെ ഫീച്ചറായി മാറി. 2009-ല്‍ ഐ ഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു വേണ്ടി മെസേജിംഗ് ആപ്പ് ആയി ലോഞ്ച് ചെയ്ത വാട്‌സ് ആപ്പ് പത്താം വയസിലെത്തുമ്പോള്‍ ആഗോളതലത്തിലെ തന്നെ ഏറ്റവും ജനകീയ ആപ്പ് എന്ന ഖ്യാതിയാണു കൈവരിച്ചിരിക്കുന്നത്. 2014 എന്ന വര്‍ഷം വാട്‌സ് ആപ്പിനെ സംബന്ധിച്ചു വലിയ നേട്ടം കൈവരിച്ച വര്‍ഷം കൂടിയായിരുന്നു. 2014-ലയായിരുന്നു വാട്‌സ് ആപ്പ് ഉപയോഗിക്കുന്ന 500 മില്യന്‍ യൂസര്‍മാരെന്ന നേട്ടം കൈവരിച്ചത്. ഇൗ നേട്ടം കൈവരിച്ച് ഏതാനും മാസങ്ങള്‍ക്കു ശേഷം 2014 ഒക്ടോബറില്‍ വാട്‌സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തു. മൊബൈല്‍ ആപ്പ് മാത്രമായിരുന്ന വാട്‌സ് ആപ്പ് 2015 ജനുവരിയില്‍ വാട്‌സ് ആപ്പ് വെബ് യാഥാര്‍ഥ്യമായി. 2016 മേയ് മാസത്തില്‍ വാട്‌സ് ആപ്പിന്റെ ഡെസ്‌ക് ടോപ്പ് ആപ്പും യാഥാര്‍ഥ്യമായി. 2017 ജുലൈയില്‍ 100 കോടി യൂസര്‍മാരെന്ന നേട്ടവും വാട്‌സ് ആപ്പ് സ്വന്തമാക്കി. 2018 ജനുവരി വരെയുള്ള കണക്ക്പ്രകാരം വാട്‌സ് ആപ്പിന് 150 കോടി യൂസര്‍മാര്‍ ആഗോളതലത്തിലുണ്ടെന്നാണു സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ വാട്‌സ് ആപ്പ് ബിസിനസ് എന്ന പേരിലൊരു ആപ്പ് പുറത്തിറക്കുകയുണ്ടായി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ് ഈ ആപ്പ്. ചെറുകിട ബിസിനസ് നടത്തുന്നവര്‍ക്ക് ഉപകാരപ്രദമാണ് വാട്‌സ് ആപ്പ് ബിസിനസ് ആപ്പ്. ഒരു കമ്പനിക്ക് അവരുടെ കസ്റ്റമേഴ്‌സുമായി എളുപ്പം കണക്റ്റ് ചെയ്യാനും, യൂസര്‍മാര്‍ക്ക് ബിസിനസ് സംബന്ധിച്ച കാര്യങ്ങള്‍ ചാറ്റ് ചെയ്യാനും സൗകര്യപ്രദമായിരിക്കും ഈ ആപ്പ്. മെസേജിംഗ് ആപ്പ് ആയി തുടങ്ങിയ വാട്‌സ് ആപ്പില്‍ ഇന്നു നിരവധി ഫീച്ചറുകളുണ്ട്. സ്റ്റിക്കേഴ്‌സ്, ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം, ഗ്രൂപ്പ് കോളിംഗ്, യുപിഐ പേയ്‌മെന്റ്, വാട്‌സ് ആപ്പ് ബിസിനസ് എന്ന ആപ്പ്, പിഐപി മോഡ് തുടങ്ങിയവ വാട്‌സ് ആപ്പിന്റെ ഫീച്ചറുകളില്‍ ചിലതാണ്. വാട്‌സ് ആപ്പിനു നിരവധി ഗുണങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ചില ദോഷങ്ങളുമുണ്ടെന്നതും ഒരു വസ്തുതയാണ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നിരവധി സ്ഥലത്ത് ആള്‍ക്കൂട്ട കൊലപാതകം അരങ്ങേറിയത് വാട്‌സ് ആപ്പിലൂടെ പ്രചരിച്ച വ്യാജ വീഡിയോ, സന്ദേശങ്ങളെ തുടര്‍ന്നായിരുന്നു. ഇതിനെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നത് വാട്‌സ് ആപ്പിന്റെ ദോഷ വശങ്ങളിലൊന്നായി. വാട്‌സ് ആപ്പ്, ടെലികോം കമ്പനികള്‍ക്കും വലിയ ദോഷമാണു സമ്മാനിച്ചത്. വാട്‌സ് ആപ്പ് എത്തുന്നതിനു മുന്‍പു എസ്എംഎസിലൂടെയും പിക്ചര്‍ മെസേജുകളിലൂടെയും പണം വാരിയിരുന്ന ടെലികോം കമ്പനികള്‍ക്കു വാട്‌സ് ആപ്പ് വലിയ തിരിച്ചടിയാണു സമ്മാനിച്ചത്. കാരണം വാട്‌സ് ആപ്പിലൂടെ സൗജന്യമായി സന്ദേശം അയയ്ക്കാനുള്ള സംവിധാനമാണ് ലഭ്യമാക്കിയത്. മാത്രമല്ല വോയ്‌സ്, വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യവും വാട്‌സ് ആപ്പിലുണ്ട്. വാട്‌സ് ആപ്പ് ഒരു പരിധി വരെ ടെലികോം കമ്പനികള്‍ക്കു കോളിലൂടെ ലഭിച്ചിരുന്ന വരുമാനത്തിനും തടസം സൃഷ്ടിച്ചിട്ടുണ്ട്.

2ജി, 3ജി മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ പ്രചാരം നേടിയിരുന്ന കാലത്താണു വാട്‌സ് ആപ്പ് രംഗപ്രവേശം ചെയ്തത്. അക്കാലത്ത് പ്രചാരം നേടിയിരുന്ന ബ്ലാക്ക്‌ബെറിയുടെ ബിബിഎം (ബ്ലാക്ക്‌ബെറി മെസഞ്ചര്‍), ഇന്‍സ്റ്റന്റ് മെസേജിംഗിലെ ഒരു ട്രെന്‍ഡ് ആയിരുന്നു. പക്ഷേ ഈ സേവനം ബ്ലാക്ക്‌ബെറി ഹാന്‍ഡ്‌സെറ്റ് ഉള്ളവര്‍ക്കു മാത്രമായിരുന്നു ലഭിച്ചിരുന്നത്. മറ്റൊന്ന് ഷോര്‍ട്ട് മെസേജിംഗ് സര്‍വീസ് അഥവാ എസ്എംഎസ് ആയിരുന്നു. ഭൂരിഭാഗം പേരും ഉപയോഗിച്ചിരുന്നത് എസ്എംഎസ് ആയിരുന്നു. ഇതിനു പക്ഷേ ക്യാരക്ടര്‍ ലിമിറ്റ് ഉണ്ടായിരുന്നു. അതായത്, 140 അക്ഷരങ്ങളില്‍ കൂടുതല്‍ വരുന്ന എസ്എംഎസിന് അധിക തുക ഈടാക്കിയിരുന്നു. അതുപോലെ എംഎംഎസ് (മള്‍ട്ടിമീഡിയ മെസേജിംഗ് സര്‍വീസ്) അയയ്ക്കണമെങ്കില്‍ ഇ-മെയ്‌ലിനെ ആശ്രയിക്കേണ്ടതായും വന്നിരുന്നു. ഈ വിഭാഗത്തില്‍ യാഹൂ, ഫേസ്ബുക്ക് ചാറ്റ് എന്നീ വെബ് മെസഞ്ചേഴ്‌സായിരുന്നു അന്ന് പ്രധാനികള്‍. വാട്‌സ് ആപ്പ് എത്തിയതോടെ, ഈ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമായി തുടങ്ങി. അതും വളരെ നിസാര തുക മാത്രം ഈടാക്കി കൊണ്ട് സേവനം ലഭ്യമാക്കി. ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഈ സേവനങ്ങളെല്ലാം പണം നല്‍കാതെ തന്നെ വാട്‌സ് ആപ്പിലൂടെ ലഭിക്കുമെന്നു വന്നതോടെ ലോകം വാട്‌സ് ആപ്പിലേക്ക് തിരിഞ്ഞു. ഇവിടെയാണു വാട്‌സ് ആപ്പിന്റെ വളര്‍ച്ചയുടെ ഘട്ടം ആരംഭിച്ചത്. സമാനതകളില്ലാത്തതായിരുന്നു വാട്‌സ് ആപ്പിന്റെ വളര്‍ച്ച. വെറുമൊരു സ്റ്റാര്‍ട്ട് അപ്പ് ആയി തുടങ്ങിയ വാട്‌സ് ആപ്പിനെ 2014-ല്‍ ഫേസ്ബുക്ക് 19 ബില്യന്‍ ഡോളറിന് ഏറ്റെടുത്തതും ഈ വളര്‍ച്ച ബോധ്യപ്പെട്ടതു കൊണ്ടായിരുന്നു.

Comments

comments

Categories: Slider, Tech