യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നത് വീണ്ടും നീട്ടി ഇന്ത്യ

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നത് വീണ്ടും നീട്ടി ഇന്ത്യ

ഏപ്രില്‍ ഒന്നുമുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം

ന്യൂഡെല്‍ഹി: യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 29ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടി. ബദാം, വാല്‍നട്ട്, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ഇന്ത്യ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ തീരുവ ചുമത്തുമെന്നാണ് പുതിയ പ്രഖ്യാപനം.

വ്യാപാര പാക്കേജ് സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയും യുഎസും ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം വീണ്ടും വൈകിപ്പിക്കുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്നായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ചില അലൂമിനിയം, സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തിയതാണ് ഇന്ത്യയെ പ്രതിരോധ നടപടിയിലേക്ക് നയിച്ചത്. ഇതേതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണിലാണ് 29 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചത്.

ഓഗസ്റ്റ് നാല് മുതല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തി തുടങ്ങുമെന്നായിരുന്നു ആദ്യം ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്. യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിള്‍, ബദാം, വാല്‍നട്ട് തുടങ്ങി 235 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇന്ത്യ തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. വാല്‍നട്ടിന് നിലവില്‍ 30 ശതമാനമാണ് ഇന്ത്യ തീരുവ ചുമത്തുന്നത്. ഇത് 120 ശതമാനമായി ഉയര്‍ത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്.

ചന, ബെംഗാള്‍ ചന, മസൂര്‍ ധാല്‍ എന്നിവയുടെ തീരുവ നിലവിലുള്ള 30 ശതമാനത്തില്‍ നിന്ന് 70 ശതമാനമാക്കി ഉയര്‍ത്താനാണ് കേന്ദ്രത്തിന്റെ നീക്കം. പയറുവര്‍ഗ്ഗങ്ങളുടെ തീരുവ 30 ശതമാനത്തില്‍ നിന്ന് 40 ശതമാനമായും ഉയര്‍ത്തും. ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നതിനുള്ള വ്യാപാര പാക്കേജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനുള്ള ചര്‍ച്ചയിലാണ് ഇന്ത്യയും യുഎസും. ഹ്രസ്വ-ഇടക്കാലാടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വ്യാപാര സാധ്യതകള്‍ കണ്ടെത്തുന്നതിനുമാണ് ചര്‍ച്ചയില്‍ രാജ്യങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.

സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവ പിന്‍വലിക്കാനും ഇന്ത്യ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ജിഎഎസ്പിക്കുകീഴില്‍ അനുവദിച്ചിരുന്ന കയറ്റുമതി ആനുകൂല്യങ്ങള്‍ പുനരാരംഭിക്കണമെന്നും കാര്‍ഷികം, ഓട്ടോമൊബീല്‍, ഓട്ടോമൊബീല്‍ കംപോണന്റുകള്‍, എന്‍ജീനിയറിംഗ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിപണി പ്രവേശനം അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ഷികോല്‍പ്പന്നങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഐടി, കമ്മ്യൂണിക്കേഷന്‍ ഡിവൈസുകള്‍ എന്നിവയുടെ തീരുവ കുറച്ച് ഉയര്‍ന്ന് വിപണി പ്രവേശനം അനുവദിക്കണമെന്നാണ് യുഎസിന്റെ ആവശ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) 47.9 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ യുഎസിലേക്ക് കയറ്റി അയച്ചത്. 26.7 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ രാജ്യം യുഎസില്‍ നിന്നും ഇറക്കുമതി ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇന്ത്യക്ക് അനുകൂലമായ തലത്തിലാണ്.

Comments

comments

Categories: Business & Economy