ബ്രെക്‌സിറ്റിന് യുകെ സജ്ജമായിട്ടില്ലെന്ന് സര്‍ക്കാര്‍

ബ്രെക്‌സിറ്റിന് യുകെ സജ്ജമായിട്ടില്ലെന്ന് സര്‍ക്കാര്‍

മാര്‍ച്ച് 29ന് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള പ്രധാന തയാറെടുപ്പുകളില്‍ മൂന്നില്‍ രണ്ട് ഭാഗം പോലും പൂര്‍ത്തിയായിട്ടില്ല

ലണ്ടന്‍: ക്രമമില്ലാതെയുള്ള ബ്രെക്‌സിറ്റ് അനന്തരഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പരിവര്‍ത്തന കരാറില്ലാതെ മാര്‍ച്ച് 29ന് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് രാജ്യം സജ്ജമായിട്ടില്ലെന്നും യുകെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷ്യ ക്ഷാമം, വ്യാപാര തടസങ്ങള്‍, ബിസിനസില്‍ 17 ബില്യണ്‍ ഡോളറിന്റെ പുതിയ ചെലവുകള്‍ തുടങ്ങിയ അനന്തരഫലങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുന്നതോടെ രാജ്യം നേരിടുമെന്നാണ് യുകെ സര്‍ക്കാരിന്റെ നിരീക്ഷണം. ചെറുകിട കമ്പനികള്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

ബ്രെക്‌സിറ്റിന് ഇനി വെറും ഒരു മാസം മാത്രമാണുള്ളത്. എന്നാല്‍ ഇപ്പോഴും യുകെ ഭരണകൂടത്തിന് ഇക്കാര്യത്തില്‍ പൂര്‍ണമായ പാര്‍ലമെന്ററി പിന്തുണ നേടാന്‍ സാധിച്ചിട്ടില്ല. ബ്രെക്‌സിറ്റിനു മുന്നോടിയായുള്ള ഏറ്റവും പ്രധാനപ്പെട്ട തയാറെടുപ്പുകളില്‍ മൂന്നില്‍ രണ്ട് ഭാഗം മാത്രമേ ഇപ്പോഴും പൂര്‍ത്തിയായികൊണ്ടിരിക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. അടുത്ത മാസം യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുന്നതിന് മിക്ക കമ്പനികളും ആളുകളും പൂര്‍ണമായും സജ്ജരായിട്ടില്ലെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

പഴവര്‍ഗ്ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ക്ഷാമം നേരിടും, ചില ഭക്ഷ്യലസാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകും തുടങ്ങിയ മുന്നറിയിപ്പുകളാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ളത്. കമ്പനികള്‍ക്ക് പുതുതായി ഏകദേശം 17 ബില്യണ്‍ ഡോളറിന്റെ ചെലവ് നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോത്തിറച്ചിക്കും കുഞ്ഞാടിന്‍ മാംസത്തിനും യൂറോപ്യന്‍ യൂണിയന്‍ ചുമത്തുന്ന 70 ശതമാനം, 45 ശതമാനം തീരുവ ബ്രിട്ടണ് വിനയാകും.

ജപ്പാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായുള്ള സൗജന്യ വ്യാപാര കരാര്‍ നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. യുകെയുടെ സേവന മേഖലയ്ക്ക് വിപണി പ്രവേശനം നഷ്ടമാകുമെന്നും പുതിയ വ്യാപാര തടസങ്ങള്‍ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത് വിതരണ ശൃംഖലയെ ബാധിക്കുമെന്നും മാനുഫാക്ച്ചറിംഗ് കമ്പനികളെ പ്രതിരോധത്തിലാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: FK News
Tags: Brexit, UK