എണ്ണ വിപണിയില്‍ പ്രത്യയശാസ്ത്ര പ്രതിസന്ധി: സൗദി അരാംകോ സിഇഒ

എണ്ണ വിപണിയില്‍ പ്രത്യയശാസ്ത്ര പ്രതിസന്ധി: സൗദി അരാംകോ സിഇഒ

നിക്ഷേപകര്‍ എണ്ണവിപണിയെ കയ്യൊഴിയുകയാണെന്ന് ഓഹരി വിപണി പ്രവേശനത്തിന് തയ്യാറെടുക്കുന്ന അരാംകോയുടെ സിഇഒ അമീന്‍ നാസര്‍

റിയാദ്: എണ്ണ വിപണി പ്രത്യയശാസത്ര പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് സൗദി അരാംകോ സിഇഒ അമീന്‍ നാസര്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിക്ഷേപകരെ എണ്ണ വിപണിയില്‍ നിന്നും അകറ്റുകയാണ്. നിക്ഷേപക സമൂഹം ഫോസില്‍ ഇന്ധനങ്ങള്‍ക്കെതിരായി നിലകൊള്ളുന്ന അപകടകരമായ സാഹചര്യം മുന്നിലുണ്ടെന്ന മുന്നറിയിപ്പും ഓഹരി വിപണി പ്രവേശനത്തിന് തയ്യാറെടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക കമ്പനിയുടെ സിഇഒ നല്‍കുന്നു.

നയ രൂപകര്‍ത്താക്കള്‍, നിയന്ത്രകര്‍, നിക്ഷേപ സ്ഥാപനങ്ങള്‍ തുടങ്ങി അനേകം സ്ഥാപനങ്ങള്‍ക്കിടയില്‍ ഭാവിയില്ലാത്ത ഒന്നാണ് എണ്ണവ്യവസായം എന്ന വിശ്വാസം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ആഗോള സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ഇന്നും വലിയ പങ്കാണുള്ളതെന്ന് അമീന്‍ നാസര്‍ ഓര്‍മ്മിപ്പിച്ചു. ലണ്ടനിലെ എണ്ണ വ്യാപാര കമ്പനികളുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അമീന്‍ നാസര്‍ .

ലോകത്തിലെ മറ്റ് എണ്ണക്കമ്പനി മേധാവികളും എണ്ണവിപണി നിക്ഷേപകരില്‍ നിന്നും നേരിടുന്ന സമാനമായ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആഗോള ഓഹരി വിപണിയില്‍ നിന്നും പതിനായിരക്കണക്കിന് ബില്യണ്‍ ഡോളര്‍ നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്ന സൗദി അരാംകോയുടെ ഇത്തരം പ്രതികരണങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. 2020ലോ 2021ലോ പ്രഥമ ഓഹരി വില്‍പ്പന നടത്തി ഓഹരി വിപണിയിലേക്ക് രംഗപ്രവേശം നടത്താനാണ് അരാംകോ ഒരുങ്ങുന്നത്.

‘നിക്ഷേപകര്‍ ഞങ്ങളെ പാടേ അവഗണിക്കുകയാണ്. ഇക്കാര്യം കഴിഞ്ഞ മാസം ദാവോസില്‍ വച്ച് എനിക്ക് തീര്‍ത്തും മനസിലായി. താനുമായി സംസാരിച്ച മുതിര്‍ന്ന സാമ്പത്തിക ഉദ്യോഗസ്ഥന്‍ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ എണ്ണ വ്യവസായം അവസാനിക്കുമെന്ന് വളരെ ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്’. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തെ ഉദ്ദേശിച്ചുകൊണ്ട് അമീന്‍ നാസര്‍ പറഞ്ഞു.

പ്രകൃതി സ്രോതസുകളുമായി ബന്ധപ്പെട്ട കമ്പനികളെല്ലാം തന്നെ നിക്ഷേപകരില്‍ നിന്നും സമ്മര്‍ദ്ദം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അരാംകോ സിഇഒ അഭിപ്രായപ്പെട്ടു. പ്രതിസന്ധിയെ തുടര്‍ന്ന് കല്‍ക്കരി ഖനനം നിര്‍ത്തേണ്ടി വന്ന ഗ്ലെന്‍കോര്‍, എണ്ണ ഭീമന്മാരായ ബിപി, റോയല്‍ ഡച്ച് ഷെല്‍ തുടങ്ങിയ കമ്പനികളെല്ലാം കഴിഞ്ഞ കുറച്ചു കാലങ്ങളായി നിക്ഷേപകരില്‍ നിന്നും സമ്മര്‍ദ്ദം നേരിടുന്ന കമ്പനികളാണ്.

‘ലോക എണ്ണക്കമ്പനികളിലെ നിക്ഷേപകരെല്ലാം തന്നെ പണം ഉടന്‍ പിന്‍വലിക്കുമെന്നാണ് പ്രധാനപ്പെട്ട ഓഹരിയുടമകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഏതെങ്കിലും യുക്തിയെയോ വസ്തുതയെയോ അടിസ്ഥാനപ്പെടുത്തിയുള്ള കാഴ്ചപ്പാടുകള്‍ അല്ല ഇത്. സമ്മര്‍ദ്ദത്തിന്റെയും ബാലിശമായ ജനസംസാരങ്ങളിലൂടെയും രൂപപ്പെടുന്ന കാഴ്ചപ്പാടുകളാണിവ. നിര്‍ഭാഗ്യവശാല്‍ അത്തരം കാഴ്ച്ചപ്പാടുകള്‍ അംഗീകരിക്കപ്പെടുകയും ഞങ്ങളെ നിക്ഷേപകര്‍ അവഗണിക്കുകയും ചെയ്യുന്നു’- അമീന്‍ നാസര്‍ വ്യക്തമാക്കി.

ഈ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ചില പരിഹാര നിര്‍ദ്ദേശങ്ങളും നാസര്‍ മുന്നോട്ടുവെക്കുന്നുണ്ട്. യഥാര്‍ത്ഥവും അഭിമുഖീകരിക്കപ്പെടേണ്ടതുമായ പരിസ്ഥിതി വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് അതിലൊന്ന്. എന്നാല്‍ 15 മിനിട്ട് നീണ്ട പ്രസംഗത്തിലെവിടെയും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് നാസര്‍ പരാമര്‍ശിച്ചതേയില്ല. അതേസമയം ചിലവുകുറഞ്ഞ, ഏവര്‍ക്കും ആശ്രയിക്കാവുന്ന ധാരാളമായുള്ള ഒന്ന് മാത്രമല്ല, ശുദ്ധമായ ഊര്‍ജം കൂടിയാണ് സമൂഹം ആവശ്യപ്പെടുന്നതെന്ന് നാസര്‍ പറഞ്ഞു. പുനരുപയോഗ ഊര്‍ജ സ്രോതസുകളെ തള്ളിപ്പറയാനും സൗദി അരാംകോ സിഇഒ തയ്യാറായി. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരമാകാന്‍ അവയ്ക്ക് സാധിക്കില്ലെന്നായിരുന്നു അമീന്‍ നാസര്‍ പറഞ്ഞത്.

1970ല്‍ ദേശസാത്കൃതമാകുന്നതിന് മുമ്പ് അമേരിക്കന്‍ എണ്ണക്കമ്പനികളുടെ ഉടമസ്ഥതയിലായിരുന്ന അരാംകോ കഴിഞ്ഞ 75 വര്‍ഷമായി പുറത്ത് നിന്നുള്ള അഭിപ്രായങ്ങള്‍ക്ക് വലിയ തോതില്‍ ചെവികൊടുത്തിരുന്നില്ല. പക്ഷേ ബാധ്യതകള്‍ക്കും ഓഹരികള്‍ക്കുമായി നിക്ഷേപകരെ തേടുന്ന അവസ്ഥയില്‍ കാലാവസ്ഥാ വ്യതിയാനമെന്ന ലോകത്തിന്റെ വലിയ ആശങ്കയ്ക്ക് ശ്രദ്ധ കൊടുക്കാതിരിക്കാന്‍ ഇനി അരാംകോയ്ക്ക് സാധിക്കില്ല.

അന്താരാഷ്ട്ര വിപണിയില്‍ ആദ്യമായി കടപത്രം പുറത്തിറക്കാന്‍ പദ്ധതിയിടുന്ന അരാംകോ നിക്ഷേപകരില്‍ നിന്നും ലക്ഷ്യമിടുന്ന 10 ബില്യണ്‍ ഡോളര്‍ ഉപയോഗിച്ച് തദ്ദേശീയ കെമിക്കല്‍ കമ്പനിയായ സാബികില്‍ സൗദിയുടെ സൊവറീന്‍ ഫണ്ടിനുള്ള ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനുള്ള ആലോചനയിലാണ്. സാബിക് എന്നറിയപ്പെടുന്ന സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഏറ്റെടുക്കല്‍, കഴിഞ്ഞ വര്‍ഷം പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് പദ്ധതിയിട്ടപ്പോള്‍ ഉണ്ടായ നിര്‍ദ്ദേശമാണ്. 2018ല്‍ പ്രഥമ ഓഹരി വില്‍പ്പന നടത്താന്‍ അരാംകോ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടിത് നീട്ടിവെയ്ക്കുകയായിരുന്നു. ദീര്‍ഘകാലത്തെ മൗനത്തിന് ശേഷം സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അരാംകോ പ്രഥമ ഓഹരി വില്‍പ്പനയുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു. 2021ഓടെ കമ്പനി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് എംബിഎസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അരാംകോയെ 2 ട്രില്യണ്‍ ഡോളറിലധികം ആസ്തിയുള്ള കമ്പനിയാക്കി മാറ്റുകയെന്ന മോഹമാണ് എംബിഎസിനുള്ളത്.

എണ്ണ വിപണിയില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തുന്നത് ലാഭകരവും ബുദ്ധിപരവുമാണെന്ന് അമീന്‍ നാസര്‍ നിരീക്ഷിച്ചു. ഇന്നത്തെ സാമ്പത്തിക പുരോഗതിക്ക് പ്രധാനകാരണം എണ്ണ, വാതക മേഖലകളാണെന്ന വസ്തുത നിക്ഷേപകരെ ഓര്‍പ്പെടുത്തണമെന്നും നാസര്‍ പറഞ്ഞു.ഓഹരിവിപണിയില്‍ താരതമ്യേന ചെറിയ പങ്കാളിത്തമുള്ള ഊര്‍ജമേഖല സമ്പദ് വ്യവസ്ഥയ്ക്ക് ടെക്‌നോളജി രംഗം നല്‍കുന്നതിനേക്കാള്‍ വലിയ സംഭാവനയാണ് നല്‍കുന്നതെന്ന കാര്യം നിക്ഷേപകര്‍ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia
Tags: Aramco, Soudhi