ഇലക്ട്രിക് അവതാരമെടുക്കാന്‍ പോര്‍ഷെ മകാന്‍

ഇലക്ട്രിക് അവതാരമെടുക്കാന്‍ പോര്‍ഷെ മകാന്‍

അടുത്ത തലമുറ മകാന്‍ ഓള്‍ ഇലക്ട്രിക് മോഡലായിരിക്കുമെന്ന് പോര്‍ഷെ പ്രഖ്യാപിച്ചു

സ്റ്റുട്ട്ഗാര്‍ട്ട്: അടുത്ത തലമുറ മകാന്‍ ഓള്‍ ഇലക്ട്രിക് മോഡലായിരിക്കുമെന്ന് പോര്‍ഷെ പ്രഖ്യാപിച്ചു. ഇലക്ട്രിക് മൊബിലിറ്റി സാക്ഷാല്‍ക്കരിക്കുന്നതിന് 2022 ഓടെ 6 ബില്യണ്‍ യൂറോയുടെ നിക്ഷേപമാണ് പോര്‍ഷെ നടത്തുന്നത്. മകാന്‍ ഇലക്ട്രിക് എസ്‌യുവി ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇലക്ട്രിക് മകാന്റെ ഉല്‍പ്പാദനം 2020 നുശേഷമായിരിക്കും ആരംഭിക്കുന്നത്.

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ ഏറ്റവും ജനപ്രിയ വാഹനവും ബെസ്റ്റ് സെല്ലിംഗ് മോഡലുമാണ് മകാന്‍ എന്ന ചെറു എസ്‌യുവി. കഴിഞ്ഞ വര്‍ഷം ലീപ്‌സിഗ് പ്ലാന്റില്‍ 90,000 ലധികം യൂണിറ്റ് മകാന്‍ എസ്‌യുവിയാണ് പോര്‍ഷെ നിര്‍മ്മിച്ചത്.

2025 ഓടെ പുതിയ വാഹനങ്ങളുടെ പകുതിയെങ്കിലും ഇലക്ട്രിക് ഡ്രൈവ് സിസ്റ്റം ഉപയോഗിക്കുന്നതായിരിക്കുമെന്ന് പോര്‍ഷെ മാനേജ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഒളിവര്‍ ബ്ലൂം പറഞ്ഞു. കൂടുതല്‍ മികച്ച പെട്രോള്‍ എന്‍ജിനുകള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലുകള്‍, ഓള്‍-ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറുകള്‍ എന്നിവയിലാണ് വരുന്ന പതിറ്റാണ്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

2010 ല്‍ ഹൈബ്രിഡ് കയെന്‍ എസ്‌യുവിയും 2013 ല്‍ ഹൈബ്രിഡ് പനമേരയും പോര്‍ഷെ പുറത്തിറക്കിയിരുന്നു. വരും വര്‍ഷങ്ങളില്‍ ഹൈബ്രിഡ് 911 പുറത്തിറക്കുമെന്നും പ്രതീക്ഷിക്കാം. അതേസമയം ഓള്‍ ഇലക്ട്രിക് പോര്‍ഷെ ടൈകാന്‍ ഈ വര്‍ഷം വില്‍പ്പനയ്‌ക്കെത്തും.

ഔഡിയും ജാഗ്വാറും ഓള്‍ ഇലക്ട്രിക് എസ്‌യുവികള്‍ വില്‍ക്കുന്നുണ്ട്. പുതിയ ഇലക്ട്രിക് ക്രോസ്ഓവര്‍ നിര്‍മ്മിക്കുമെന്ന് ഔഡി ഈയിടെയാണ് പ്രഖ്യാപിച്ചത്. ബിഎംഡബ്ല്യു, മെഴ്‌സേഡസ് ബെന്‍സ്, പോള്‍സ്റ്റാര്‍ എന്നിവരുടെ ഓള്‍ ഇലക്ട്രിക് എസ്‌യുവികള്‍ വികസിപ്പിച്ചുതുടങ്ങിയവയോ പൂര്‍ത്തിയാക്കിയവയോ ആണ്. 2015 ലാണ് ടെസ്‌ല തങ്ങളുടെ ഓള്‍ ഇലക്ട്രിക് കാറായ മോഡല്‍ എക്‌സ് ആരംഭിച്ചത്.

Comments

comments

Categories: Auto
Tags: Porsche Mcan