കാര്‍ഷിക കേരളത്തിന്റെ കയ്യടി നേടി പലേക്കറുടെ ചെലവില്ലാ കൃഷി

കാര്‍ഷിക കേരളത്തിന്റെ കയ്യടി നേടി പലേക്കറുടെ ചെലവില്ലാ കൃഷി

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സര്‍വേകള്‍ വ്യക്തമാക്കുന്നത് രാജ്യത്തെ കൃഷി ഭൂമിയുടെ അളവ് വര്‍ഷം പ്രതി കുറഞ്ഞുവരികയാണെന്നാണ്. കേരളത്തിലും സ്ഥിതി വിഭിന്നമല്ല. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ കൃഷിയോഗ്യമായ ഭൂമിയുടെ കാര്യത്തില്‍ 30 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കൃഷിയില്‍ നിന്നുള്ള വരുമാനം കുറയുന്നതും തൊഴിലാളിക്ഷാമം, മണ്ണിന്റെ ഫലഭൂയിഷ്ഠത തുടങ്ങി നിരവധി കാര്യങ്ങളെ മുന്‍നിര്‍ത്തി കൃഷിച്ചെലവ് വര്‍ധിക്കുന്നതുമാണ് പല പാരമ്പര്യ കര്‍ഷകരെയും കൃഷിയില്‍ നിന്നും പിന്തിരിപ്പിച്ചത്. ഈ അവസരത്തിലാണ് സുഭാഷ് പലേക്കര്‍ അവതരിപ്പിച്ച സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിന് പ്രസക്തി വര്‍ധിക്കുന്നത്. മണ്ണ്, വിത്ത്, കൃഷിക്കാരന്റെ അധ്വാനം, ഒരു നാടന്‍ പശു ഈ നാലുഘടകങ്ങളുപയോഗിച്ച് വിജയകരമായി കൃഷി ചെയ്യാമെന്നാണ് സീറോ ബജറ്റ് ഫാമിംഗിലൂടെ അര്‍ത്ഥമാക്കുന്നത്.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കര്‍ഷകര്‍ ഇപ്പോള്‍ ചെലവില്ലാ കൃഷി രീതിയിലേക്ക് തിരിഞ്ഞുകഴിഞ്ഞു. ആരോഗ്യകരമായ കാര്‍ഷിക സംസ്‌കാരം, ഭക്ഷ്യസംസ്‌കാരം എന്നിവയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിന്റെ വാഗ്ദാനം

ഒരു കാര്‍ഷിക സംസ്ഥാനമായി അറിയപ്പെട്ടിരുന്ന കേരളം അതിന്റെ തനത് സംസ്‌കാരത്തില്‍ നിന്നും ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്തിരുന്ന ഭൂമിയുടെ ഏറിയപങ്കും ഇന്ന് തരിശു നിലമായി മാറിക്കഴിഞ്ഞു. വര്‍ധിച്ചു വരുന്ന ജനസംഖ്യക്ക് അനുസൃതമായി വാസയോഗ്യമായ ഭൂമിയുടെ അളവ് കുറഞ്ഞപ്പോള്‍ , കാലങ്ങളായി കൃഷിയിറക്കിയിരുന്ന പല നിലങ്ങളും നികത്തപ്പെട്ടു. നെല്‍കൃഷിയുടെ കാര്യത്തിലാണ് കേരളത്തിന് വന്‍തിരിച്ചടി ഉണ്ടായിരിക്കുന്നത്. മണ്ണിന്റെ ഫലഭൂയിഷ്ഠത, കാലാവസ്ഥാ വ്യതിയാനം,തൊഴിലാളികളുടെ അഭാവം തുടങ്ങി നിരവധി പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി കൃഷിയോഗ്യമായ ഭൂമിയുടെ അളവ് കുറഞ്ഞു വന്നു. കൃഷിയില്‍ നിന്നും വേണ്ടത്ര ലാഭം ഇല്ലാതായതോടെ പല പരമ്പരാഗത കര്‍ഷകരും കൃഷിയില്‍ നിന്നും പിന്മാറി. ഇത്തരത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ സംസ്ഥാനത്തെ കൃഷിഭൂമിയുടെ അളവില്‍ 30 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

കൃഷിയെ ലാഭകരമാക്കുന്നതിനുള്ള വ്യക്തമായ ഒരു പദ്ധതിയില്ലാത്തതാണ് പലപ്പോഴും കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്തിരിപ്പിച്ചത്.ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതിനായി മണ്ണുമാറ്റാല്‍, പുകയിടല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഭൂമിയുടെ അളവനുസരിച്ച് ഇതിനുള്ള ചെലവും വര്‍ധിക്കുന്നു. എന്നിരുന്നാലും ലഭിക്കുന്ന വിളവിന്റെ കാര്യത്തില്‍ ഒരു ഉറപ്പ് പറയാനാവില്ല. വിളവ് വര്‍ധിപ്പിക്കുന്നതിനായി രാസവളപ്രയോഗമാണ് പൊതുവെ ചെയ്തു വരുന്നത്. ഇത് ചെലവേറിയതും ഹാനികരവുമാണ്. ഇന്ന് രാസവളങ്ങള്‍ പ്രയോഗിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറവാണ്. ഈ അവസ്ഥയിലാണ് പല കര്‍ഷകരും കൃഷി എന്നെന്നേക്കുമായി ഉപേക്ഷിച്ച് മറ്റു ജോലികള്‍ തേടിപ്പോകുന്നത്. കേരളത്തിലും സംഭവിച്ചത് ഇത് തന്നെയാണ്.

രാജ്യത്തെ പലസംസ്ഥാനങ്ങളിലും ഈ അവസ്ഥ വരികയും കാര്‍ഷികമേഖലക്ക് തിരിച്ചടി നേരിട്ടുതുടങ്ങുകയും ചെയ്തപ്പോഴാണ് മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ബസവ സുഭാഷ് പലേക്കര്‍ എന്ന ജൈവകര്‍ഷകന്‍ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് അഥവാ ചെലവില്ലാ കൃഷി എന്ന രീതി അവതരിപ്പിച്ചത്. മണ്ണ്, വിത്ത്, കൃഷിക്കാരന്റെ അധ്വാനം, ഒരു നാടന്‍ പശു തുടങ്ങിയ നാല് ഘടകങ്ങള്‍ മാത്രമുണ്ടെങ്കില്‍ അമിതചെലവുകള്‍ ഒന്നുമില്ലാതെ വിജയകരമായി ജൈവകൃഷി നടത്താമെന്ന അദ്ദേഹത്തിന്റെ കണ്ടെത്തലിന് വളരെ വേഗത്തിലാണ് പ്രചാരം ലഭിച്ചത്. തന്റെ കൃഷിഭൂമിയിലെ വിളവ് കൊണ്ട് തന്റെ നിരീക്ഷണത്തെ സാധൂകരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ മഹാരാഷ്ട്രയിലെ വയലുകളിലും പച്ചക്കറിത്തോട്ടങ്ങളിലും പരീക്ഷിച്ച രീതി വിജയനിരക്ക് കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് അഥവാ പ്രകൃതിയോട് ഇണങ്ങിയ കൃഷി

സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് എന്നത്‌കൊണ്ട് സുഭാഷ് പലേക്കര്‍ അര്‍ത്ഥമാക്കുന്നത് പ്രകൃതിയില്‍ നിന്നും ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്രകൃതിക്ക് ഹാനികരമല്ലാത്ത ചെയ്യുന്ന കൃഷി എന്നാണ്. പലേക്കറുടെ തിയറി പ്രകാരം ഒരു നാടന്‍ പശുവില്‍ നിന്നു കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പതേക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യാന്‍ സാധിക്കും. നാടന്‍പശുക്കള്‍ നാടുനീങ്ങിത്തുടങ്ങിയ ഈ അവസ്ഥയില്‍ നാടന്‍ പശുക്കളുടെ പരിപാലനവും കൂടിയാണ് അര്‍ത്ഥമാക്കുന്നത്. തുടക്കത്തില്‍ ഇത് അസാധ്യമായ കാര്യമാണ് എന്ന് പറഞ്ഞു നിരവധി കര്‍ഷകര്‍ എതിര്‍പ്പുമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ തന്റെ കൃഷിഭൂമിയിലെ വിളവ് കാണിച്ച് ഈ പ്രശ്‌നത്തെ നേരിടുകയാണ് പലേക്കര്‍ ചെയ്തത്. ഗോമൂത്രത്തില്‍ ചാണകത്തില്‍ നിന്നും വികസിപ്പിച്ചെടുക്കുന്ന ജീവാമൃതം എന്ന ജൈവവളത്തിന്റെ സഹായത്തോടെയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് നടപ്പാക്കുന്നത്.

സസ്യങ്ങള്‍ അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ വലിച്ചെടുക്കുന്നത് കോടാനുകോടി സൂക്ഷ്മണുക്കളുടെ സഹായത്താലാണ്. നാടന്‍ പശുക്കളുടെ ചാണകത്തില്‍ മാത്രമാണ് ഏറ്റവും കൂടിയ അളവില്‍ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നത്.ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ അഞ്ഞൂറു കോടിവരെ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നു എന്ന് പലേക്കര്‍ വ്യക്തമാക്കുന്നു. അതെ സമയം സങ്കരയിനം പശുക്കളുടെ ഒരു ഗ്രാം ചാണകത്തില്‍ വെറും എഴുപതു ലക്ഷം സൂക്ഷ്മാണുക്കള്‍ മാത്രമാണുള്ളത്. ഇതിനാലാണ് നാടന്‍പശു കര്‍ഷകരുടെ മിത്രമാകുന്നത്. എന്നാല്‍ നടന്‍ പശുവിന്റെ ലഭ്യത ഇന്ന് വലിയൊരു പ്രശനമാണ്. നാടന്‍ പശുവിന്റെ മൂത്രം ചെടികളെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഇന്ന് പൊതുവെ ഉപയോഗിക്കപ്പെടുന്ന ഏതൊരു കീടനാശിനിയെക്കാളും ഫലപ്രദമാണ് ഇത്. എന്നാല്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ചാണകം ഏറ്റവും പുതിയതും മൂത്രം ഏറ്റവും പഴയതും ആയിരിക്കണം.ഒരു നാടന്‍ പശുവിനെ വളര്‍ത്തുന്ന കര്‍ഷകന് ഒരു ഗ്രാം പോലും വളമോ കീടനാശിനികളോ പുറമേ നിന്നു വാങ്ങേണ്ടതായി വരില്ല എന്ന പലേക്കറുടെ ഉറപ്പിന്മേലാണ് പല കര്‍ഷകരും സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിലേക്ക് തിരിഞ്ഞത്. വളം വാങ്ങുന്നതിനുള്ള ചെലവ് ലഭിക്കുമ്പോള്‍ തന്നെ കൃഷി ചെലവില്ലാത്തതായി മാറുന്നു.

മണ്ണൊരുക്കലിന്റെ നാലുഘട്ടങ്ങള്‍

സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പ്രകാരം നാലുഘട്ടങ്ങളിലൂടെയാണ് കൃഷി കടന്നു പോകുന്നത്. പുനചംക്രമണം, ക്യാപ്പില്ലറി ശക്തി, കാറ്റ്, നാടന്‍ മണ്ണിര എന്നിവയാണ് വളക്കൂറു കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്.

പുനചംക്രമണം മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുന്ന പ്രവര്‍ത്തനമാണ് പുനഃചംക്രമണം. ജീവനുള്ള വസ്തുക്കള്‍, അത് സസ്യമായാലും മൃഗമായാലും ജീവനഷ്ടപ്പെടുമ്പോള്‍ മണ്ണിന്റെ ഭാഗമായി മാറുന്നു എന്ന അടിസ്ഥാന തത്വത്തെ ആസ്പദമാക്കിയാണ് ഇത് നടക്കുന്നത്. സസ്യങ്ങള്‍ കാലക്രമത്തില്‍ നശിക്കുകയും ജൈവ അവശിഷ്ടങ്ങള്‍ ചീഞ്ഞ് വളമാകുകയും ചെയ്യുന്നു. ഇലകള്‍ കൊഴിയുമ്പോഴും അവയുടെ മൂലകങ്ങള്‍ അഴുകി മണ്ണിലേക്കു ചേരുന്നു. ഓരോ ചെടിയുടെയും വേരുപടലം മൂലകങ്ങളുടെ കലവറയാണ്. സസ്യഭാഗങ്ങള്‍ മൃഗങ്ങള്‍ ഭക്ഷണമാക്കുമ്പോള്‍ അവയുടെ അവശിഷ്ടങ്ങള്‍ ചാണകമായി പുറത്തു വരുന്നു.ഇത് മണ്ണിന്റെ വളക്കൂറു വര്‍ധിപ്പിക്കുന്നു. മണ്ണിലെ വളക്കൂറിനെ ശാസ്ത്രീയമായി വിളിക്കുന്ന പേരാണ് ക്ലേദം അഥവാ ഹ്യൂമസ്.

ക്യാപ്പില്ലറി ശക്തി മണ്ണില്‍ പ്രയോഗിക്കുന്ന ജൈവവളത്തെ ചെടികള്‍ പ്രയോജനപ്പെടുത്തി , മൂലകങ്ങള്‍ ചെടികള്‍ക്കു വലിച്ചെടുക്കാവുന്ന വിധത്തില്‍ വേരുപടലത്തിലെത്തുന്നത് മണ്ണിന്റെ ക്യാപ്പില്ലറി ശക്തി മൂലമാണ്. എന്നാല്‍ രാസവളപ്രയോഗം നടത്തുമ്പോള്‍ സസ്യങ്ങളിലെ ഈ കാപ്പില്ലറികള്‍ അടഞ്ഞു പോകുന്നു. ഉദാഹരണമായിപ്പറഞ്ഞാല്‍ യൂറിയയില്‍ 42 ശതമാനം നൈട്രജനാണ് അടങ്ങിയിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം ഫില്ലര്‍ എന്നു വിളിക്കുന്ന പശിമകൂടിയ ചേരുവകളാണ്. ഇവ മണ്ണിലെ സൂക്ഷ്മസുഷിരങ്ങളെ അടച്ചുകളയുന്നു. അതോടെ സ്വാഭാവിക മൂലകങ്ങള്‍ ചെടികള്‍ക്കു കിട്ടാതെയാകുന്നു. സൂപ്പര്‍ ഫോസ്‌ഫേറ്റില്‍ 82 ശതമാനവും ഇത്തരം ഫില്ലറുകളാണ്. മ്യൂറിയേറ്റ് ഓഫ് പൊട്ടഷില്‍ നാല്‍പതു ശതമാനമാണ് ഫില്ലറുകള്‍. ഇവ ക്യാപ്പില്ലറികള്‍ അടച്ചു കളയുന്നു. അതിനാലാണ് രാസവളം ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ പില്‍ക്കാലത്ത് വിളവു കുറഞ്ഞുവരുന്നത്.

കാറ്റ് ശക്തമായ കാറ്റ് ജൈവകൃഷിയിലെ പ്രധാന ഘടകമാണ്. കാറ്റ് വീശുമ്പോള്‍ മേല്‍മണ്ണിലെ സൂക്ഷ്മമൂലകങ്ങളും ഉപരിതലത്തിലെ പോഷകങ്ങളും വായുവില്‍ ഉയര്‍ന്നു പൊങ്ങുന്നു. കാര്‍മേഘങ്ങള്‍ രൂപം കൊല്ലുന്നതില്‍ ഇവക്ക് പങ്കുണ്ട്. ശേഷം ഈ കാര്‍മേഘങ്ങള്‍ മഴയായി പെയ്യുമ്പോള്‍ സൂക്ഷ്മമൂലകങ്ങളും പോഷകങ്ങളും മണ്ണില്‍ കലരുന്നു.

മണ്ണിര മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതില്‍ വളരെ നിര്‍ണായകമായ പങ്കാണ് മണ്ണിര വഹിക്കുന്നത്. മണ്ണിരയുടെ വിസര്‍ജയത്തില്‍ നിന്നാണ് മണ്ണിനു ഏറ്റവും മികച്ച വളം ലഭിക്കുന്നത്. ഒരു ചതുരശ്രയടി മണ്ണില്‍ വെറും നാലു മണ്ണിര എന്ന തോതിലുണ്ടെങ്കില്‍ ഒരേക്കര്‍ സ്ഥലത്തു നിന്ന് നാല്പതു ടണ്‍ പച്ചക്കറിയുടെ വിളവു ലഭിക്കുമെന്ന് പലേക്കര്‍ പറയുന്നു. സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് വിജയം കാണണമെങ്കില്‍ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്ന ഈ ഘടകങ്ങളും അനിവാര്യമാണ്.

ജീവാമൃതം സീറോ ബജറ്റ് ഫാമിംഗിന്റെ കരുത്ത്

സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിന്റെ കരുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ജീവാമൃതം എന്ന ജൈവവളം. പലേക്കര്‍ തന്റെ കാര്‍ഷിക നിരീക്ഷണത്തിലൂടെ വികസിപ്പിച്ചെടുത്തതാണ് ഇത്. ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. ജീവാമൃതം പ്രയോഗിക്കുമ്പോള്‍ തീര്‍ത്തും ജൈവികമായ പ്രകൃയ മാത്രമാണ് മണ്ണില്‍ നടക്കുന്നത്. മണ്ണില്‍ കര്‍ഷകന്റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണംഇത് വര്‍ധിപ്പിക്കുകയും ചെടികള്‍ക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വര്‍ധിക്കുകയും പ്രകൃത്യാലുള്ള കീട നിയന്ത്രണം നടപ്പാക്കുകയും ചെയ്യുന്നു എന്നാണ് പലേക്കര്‍ തെളിയിക്കുന്നത്.

ജീവാമൃതം തയ്യാറാക്കുന്ന വിധം

പച്ച ചാണകം – 10 കി.ഗ്രാം
ഗോമൂത്രം – 5 – 10 ലിറ്റര്‍
ശര്‍ക്കര (കറുത്തത്) – 2 കി.ഗ്രാം
ധാന്യപ്പൊടി (പയറുപൊടി കൂടുതല്‍ അനുയോജ്യം) – 2 കി.ഗ്രാം
വന മണ്ണ്(ഫല ഭൂയിഷ്ടമായ മണ്ണ്) – ഒരു പിടി
വെള്ളം – 200 ലിറ്റര്‍

വെള്ളം ഒഴികെ ബാക്കിയുള്ള ചേരുവകള്‍ ഒരു വീപ്പയിലിട്ട് നന്നായി ഇളക്കി ചേര്‍ക്കുക. ശര്‍ക്കര ചെറുതായി പൊടിച്ച് ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. വീപ്പയുടെ മുകള്‍ ഭാഗം ഒരു നനഞ്ഞ ചാക്കു കൊണ്ട് മൂടി രണ്ട് ദിവസം വെയ്ക്കുക. മിശ്രിതം ഇരുന്നു കട്ടിയാകാന്‍ അനുവദിക്കരുത്. ദിവസവും രണ്ടു നേരം മൂടി മാറ്റി മിശ്രിതം ഇളക്കി കൊടുക്കണം. മൂന്നാം ദിവസം 200 ലിറ്റര്‍ പച്ച വെള്ളം ഈ മിശ്രിതത്തിലേക്ക് ചേര്‍ത്തിളക്കി വിളകള്‍ക്ക് ഒഴിച്ചു കൊടുക്കാം. ജീവാമൃതം തളിക്കുന്നതിനു മുന്‍പ് വിളകളുടെ ചുവട്ടില്‍ കരിയില കൊണ്ട് പുതയിട്ടാല്‍ കൂടുതല്‍ ഫലം ലഭിക്കും എന്നാണ് പറയപ്പെടുന്നത്. രണ്ടാഴ്ച്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജീവാമൃതം തളിക്കാവുന്നതാണ്.

സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിലെ വിജയകഥകള്‍

  • സൂരജ്

വയനാട്ടിലെ യുവകര്‍ഷകരില്‍ പ്രമുഖനാണ് സൂരജ്. ജൈവകൃഷി പിന്തുടരുന്ന സൂരജ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് ആണ് നടപ്പിലാക്കുന്നത്. നിലവില്‍ 15 ഏക്കര്‍ സ്ഥലത്ത്, നെല്ല് , പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്ന സൂരജ് തന്റെ കൃഷിയിടങ്ങളില്‍ എല്ലാം തന്നെ പ്രയോഗിക്കുന്നത് ജീവാമൃതമാണ്. സുഭാഷ് പലേക്കറുടെ നേതൃത്വത്തില്‍ നടന്ന സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് കഌസില്‍ പങ്കെടുത്ത ശേഷമാണ് ബിഎസ്സി അഗ്രിക്കള്‍ച്ചറല്‍ വിദ്യാര്‍ത്ഥിയായ സൂരജ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. ജൈവകൃഷിയില്‍ നിന്നും മികച്ച വരുമാനം നേടാന്‍ സീറോ ബജറ്റ് ഫാമിംഗ് സാധ്യകമായി എന്ന് സൂരജ് പറയുന്നു .

  • ടിബിന്‍ പാറക്കല്‍

പലേക്കറുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നടന്ന സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് ക്‌ളാസിൽ പങ്കെടുത്ത് ജൈവകൃഷി രീതിയിലേക്ക് എത്തിയ വ്യക്തിയാണ് ടിബിന്‍ പാറക്കല്‍. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നെല്‍കൃഷി ആരംഭിച്ച ടിബിന്‍ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു കര്‍ഷകന്‍ കൂടിയാണ്. ജൈവകൃഷിയുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ടിബിന്‍ ഭാവിയുടെ കാര്‍ഷിക സംസ്‌കരമാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് എന്ന് പറയുന്നു.

  • കെ മുരളീധരന്‍

പാലക്കാട് സ്വദേശിയായ കെ മുരളീധരന്‍ ജില്ലയിലെ മികച്ച പച്ചക്കറി കര്‍ഷകനാണ്. സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിലൂടെ ഇപ്പോള്‍ പച്ചക്കറിക്ക് പുറമെ റാഗി, കമ്പ്, ചോളം, വരക്, പനിവരക്, ചാമ, തിന, കുതിരവാലി തുടങ്ങിയചെറു ധാന്യങ്ങളും അദ്ദേഹം കൃഷി ചെയ്യുന്നു. തമിഴ്‌നാട്ടിലെ ജൈവകര്ഷകരുമായി ചേര്‍ന്ന് പുനര്‍ജനി എന്ന പേരില്‍ ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് അദ്ദേഹം

ആരാണ് സുഭാഷ് പലേക്കര്‍ ? 

സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് കഌസുകളുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സജീവമായ സുഭാഷ് പലേക്കര്‍, സീറോബജറ്റ് സ്പിരിച്വല്‍ ഫാമിങ് അഥവാ ചെലവില്ലാത്ത ആത്മീയ കൃഷിയുടെ ഉപജ്ഞാതാവും പ്രചാരകനുമാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം കൃഷിയുടെ നേട്ടവും കോട്ടവും അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്. കൃഷി ശാസ്ത്രത്തില്‍ ബിരുദമെടുത്ത പാലേക്കര്‍ 1972 ല്‍ തന്റെ പിതാവിനോടൊപ്പം കൃഷി ആരംഭിച്ചു. ഹൈബ്രിഡ് വിത്തുകളും രാസവളങ്ങളും കീടനാശിനികളുമൊക്കെ ചേര്‍ത്തു താന്‍ പഠിച്ച പാഠങ്ങള്‍ സുഭാഷ് പാടത്തു പ്രയോഗിക്കാനൊരുങ്ങിയപ്പോള്‍ പരമ്പരാഗത കര്‍ഷകനായ അച്ഛന്‍ അദ്ദ്‌ദേഹത്തെ എതിര്‍ത്തു. ഈ എതിര്‍പ്പില്‍ നിന്നാണ് പ്രകൃതിയോടിണങ്ങിയ കൃഷി രീതികള്‍ വികസിപ്പിക്കുന്നതിന് അദ്ദ്‌ദേഹം തുടക്കം കുറിച്ചത്. വളപ്രയോഗം നടത്തിയ ഭൂമി കാലാന്തരത്തില്‍ നശിച്ചു വരുന്നു. എന്നാല്‍ യാതൊരു വളവും ചെയ്യാതെ കാട്ടിലെ മരങ്ങള്‍ വിളവ് തരുന്നു. മണ്ണിന് വേണ്ടത് പ്രകൃതി തന്നെ നല്‍കണം എന്ന തത്വം ഇതില്‍ നിന്നും മനസിലാക്കിയ പലേക്കര്‍ നീണ്ട 20 വര്‍ഷക്കാലത്തെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് എന്ന രീതി വികസിപ്പിച്ചെടുത്തു. 1998 ല്‍ സീറോ ബജറ്റ് കൃഷിരീതിയുടെ പ്രചാരണത്തിനായി സുഭാഷ് പാലേക്കര്‍ യാത്ര തുടങ്ങി. ഇന്ന് കേരളം,തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒറീസ, തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലായി 55 ലക്ഷത്തിലേറെ ചെറുകിട,വന്‍കിട കര്‍ഷകര്‍ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിലൂടെ മണ്ണ്, വിത്ത്, കൃഷിക്കാരന്റെ അധ്വാനം, ഒരു നാടന്‍ പശു എന്നിവ മാത്രംകൊണ്ട് വരുമാനം കണ്ടെത്തുന്നു.

Categories: FK Special, Slider