ഗള്‍ഫ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബ്രാന്‍ഡ് ക്യംപെയിനുമായി കേരളം

ഗള്‍ഫ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബ്രാന്‍ഡ് ക്യംപെയിനുമായി കേരളം

പ്രളയത്തിന് ശേഷം ക്ഷയിച്ച കേരളത്തിലെ ടൂറിസം മേഖലയെ ഉണര്‍വ്വിന്റെ പാതയിലെത്തിക്കാനാണ് ടൂറിസം വകുപ്പിന്റെ ശ്രമം

തിരുവനന്തപുരം: സൗദി പൗരന്മാര്‍ക്ക് ഇ-വിസ സൗകര്യങ്ങള്‍ നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം കേരളത്തിലേക്കുള്ള സൗദി അറേബ്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 30-40 ശതമാനം വര്‍ധനവ് പ്രതീക്ഷിച്ച് കേരളത്തിലെ ടൂറിസം മേഖല. ഈ അനുകൂല കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഗള്‍ഫ് മേഖലയിലെ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ ബ്രാന്‍ഡ് ക്യാംപെയിന്‍ ആരംഭിക്കാന്‍ പദ്ധതിയിടുകയാണ് കേരള സര്‍ക്കാര്‍.

യുഎഇ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ വരുന്ന മെയ്-ജൂണ്‍ മാസങ്ങളില്‍ ക്യാംപെയിന്‍ നടത്താനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്. വിസ നടപടികള്‍ ലഘൂകരിച്ചതിന്റെയും ബ്രാന്‍ഡ് ക്യാംപെയിനിന്റെയും ഭാഗമായി ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് കേരള ടൂറിസം ഡയറക്റ്റര്‍ പി ബാല കിരണ്‍ പറഞ്ഞു. ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് ഏറ്റവുമധികം സഞ്ചാരികളെത്തുന്നത് സൗദിയില്‍ നിന്നുമാണ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ബയോമെട്രിക് വിസ സംവിധാനങ്ങളില്‍ സൗദി പൗരന്മാര്‍ക്ക് ഇളവുകള്‍ നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചത്.

റോഡ് ഷോ, തീയറ്റര്‍ പരസ്യങ്ങള്‍, റേഡിയോ, പ്രിന്റ്, ബില്‍ ബോര്‍ഡ് പരസ്യങ്ങള്‍ എന്നീ മാര്‍ഗങ്ങളിലൂടെ ആയിരിക്കും ക്യാംപെയിന്‍ നടത്തുക. പ്രളയത്തിന് ശേഷം മന്ദഗതിയിലായ കേരളത്തിലെ ടൂറിസം മേഖലയെ വളര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലാണ് കേരളത്തിലെ ടൂറിസം വകുപ്പ്. ബ്രാന്‍ഡ് ക്യാംപെയിന്‍ കൂടാതെ കേരളത്തിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താന്‍ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആരംഭിക്കാനും ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്.

Comments

comments

Categories: FK News