സ്വതന്ത്രമായി ചിന്തിക്കുന്ന ഡ്രോണുകള്‍ക്കായി ഓസ്‌ട്രേലിയ

സ്വതന്ത്രമായി ചിന്തിക്കുന്ന ഡ്രോണുകള്‍ക്കായി ഓസ്‌ട്രേലിയ

ഹോങ്കോംഗ്: നിര്‍മിത ബുദ്ധി ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) നല്‍കിക്കൊണ്ട് ജെറ്റ് ഡ്രോണുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ബോയിംഗ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. മനുഷ്യനിയന്ത്രണത്തിലുള്ള ജെറ്റ് ഫൈറ്റര്‍ വിമാനങ്ങളുടെ വിശ്വസ്ത സഹായികാന്‍ ഈ ജെറ്റ് ഡ്രോണുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സ്വതന്ത്രമായോ മനുഷ്യര്‍ നിയന്ത്രിക്കുന്ന എയര്‍ക്രാഫ്റ്റിന്റെ പിന്തുണയിലോ പറക്കാനാകുന്ന ഈ ഡ്രോണ്‍ മറ്റ് എയര്‍ക്രാഫ്റ്റുകളുമായി സുരക്ഷിത അകലം പാലിക്കുമെന്ന് ബോയിംഗിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. ശത്രു സങ്കേതങ്ങളുടെ പരിശോധന, രക്ഷാ ദൗത്യങ്ങള്‍, വിവര സമാഹരണം തുടങ്ങിയ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

യുദ്ധമുഖത്തെ കൂടുതല്‍ ആധുനികമാക്കുന്ന പദ്ധതിയാണ് ബോയിംഗ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഡ്രോണിന്റെ ഒരു രൂപ മാതൃകയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ എയര്‍ ഷോയിലാണ് കമ്പനി സ്വപ്‌ന പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഓസ്‌ട്രേലിയയിലെ പ്രതിരോധ വിഭാഗത്തിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മനുഷ്യ പൈലറ്റുകളുമായി ഡ്രോണുകള്‍ എങ്ങനെ സംവദിക്കുമെന്നും അപകടങ്ങള്‍ ഒഴിവാക്കുമെന്നും പരിപാടിയില്‍ വിശദീകരിക്കപ്പെട്ടു.

ഇത്തരം ഡ്രോണുകള്‍ യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ മികച്ച കയറ്റുമതി അവസരങ്ങളും സാധ്യമാകുമെന്നാണ് ബോയിംഗ് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്. ‘എയര്‍പവര്‍ ടീമിംഗ് സിസ്റ്റം’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിന് ഈ പദ്ധതിക്കൊപ്പം നില്‍ക്കുമെന്ന് ബോയിംഗ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് മാര്‍ക്ക് അല്ലന്‍ പറഞ്ഞു.

പ്രതിരോധ സാമഗ്രികളുടെ വിതരണത്തില്‍ ആഗോളലത്തിലെ ആദ്യ പത്തു സ്ഥാനങ്ങളില്‍ പത്തുവര്‍ഷത്തിനുള്ളില്‍ എത്തുന്നതിനാണ് ഓസ്‌ട്രേലിയ നിലവില്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടം ഇതിനായുള്ള നയം പ്രഖ്യാപിച്ചത്.

Comments

comments

Categories: FK News
Tags: Drone