അഞ്ച് ലക്ഷം വില്‍പ്പന പിന്നിട്ട് ഹ്യുണ്ടായ് ക്രെറ്റ

അഞ്ച് ലക്ഷം വില്‍പ്പന പിന്നിട്ട് ഹ്യുണ്ടായ് ക്രെറ്റ

2015 ലാണ് ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്

ന്യൂഡെല്‍ഹി : അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് ഇന്ത്യയില്‍ നിര്‍മ്മിച്ച ക്രെറ്റ എസ്‌യുവി താണ്ടിയതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലെയും വിദേശ വിപണികളിലെയും ആകെ വില്‍പ്പനയുടെ കണക്കുകളാണ് ഹ്യുണ്ടായ് പരിഗണിച്ചത്. 3.70 ലക്ഷത്തോളം യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യയില്‍ വിറ്റപ്പോള്‍ കയറ്റുമതി വിപണികളില്‍ 1.40 ലക്ഷത്തോളം യൂണിറ്റ് ക്രെറ്റയാണ് വിറ്റുപോയത്. 2015 ലാണ് ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതിനിടെ 27 അവാര്‍ഡുകളാണ് എസ്‌യുവി കരസ്ഥമാക്കിയത്. 2016 ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഇതില്‍ ഉള്‍പ്പെടും.

രൂപകല്‍പ്പന, പെര്‍ഫോമന്‍സ്, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയെല്ലാം ഒരിടത്ത് കേന്ദ്രീകരിച്ച വാഹനമാണ് ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവിയെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ദേശീയ സെയില്‍സ് മേധാവി വികാസ് ജെയ്ന്‍ പറഞ്ഞു. പുതു തലമുറ ഉപയോക്താക്കളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റുന്ന പെര്‍ഫെക്റ്റ് എസ്‌യുവിയാണ് ക്രെറ്റയെന്ന് അദ്ദേഹം വാചാലനായി. നാല് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പന നടത്താന്‍ സാധിച്ച ആദ്യ ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവിയാണ് ഹ്യുണ്ടായ് ക്രെറ്റയെന്നും വികാസ് ജെയ്ന്‍ പറഞ്ഞു.

ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവി കഴിഞ്ഞ വര്‍ഷം ഫേസ്‌ലിഫ്റ്റ് ചെയ്തിരുന്നു. ക്രൂസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഇലക്ട്രിക് സണ്‍റൂഫ്, ആറ് വിധത്തില്‍ ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ധരിക്കാവുന്ന സ്മാര്‍ട്ട് കീ ബാന്‍ഡ് തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയാണ് പരിഷ്‌കരിച്ചത്.

Comments

comments

Categories: Auto