സിബിഎസ് സുരക്ഷയില്‍ ഹോണ്ട നവി, ഹോണ്ട സിഡി 110  

സിബിഎസ് സുരക്ഷയില്‍ ഹോണ്ട നവി, ഹോണ്ട സിഡി 110  

ഹോണ്ട നവി സിബിഎസ് വേര്‍ഷന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില 47,110 രൂപ 

ന്യൂഡെല്‍ഹി : ഹോണ്ട നവി, ഹോണ്ട സിഡി 110 മോഡലുകളില്‍ കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) നല്‍കി. സുരക്ഷാ ഫീച്ചര്‍ നല്‍കി പരിഷ്‌കരിച്ചതോടെ 47,110 രൂപയാണ് ഹോണ്ട നവി സിബിഎസ് വേര്‍ഷന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. നോണ്‍ സിബിഎസ് വേര്‍ഷനേക്കാള്‍ 1796 രൂപ കൂടുതല്‍. അതേസമയം സിബിഎസ് ലഭിച്ച ഹോണ്ട സിഡി 110 മോട്ടോര്‍സൈക്കിളിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 50,028 രൂപയും ഡീലക്‌സ് വേരിയന്റിന് 51,528 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നോണ്‍ സിബിഎസ് മോഡലിനേക്കാള്‍ 848 രൂപ അധികം

ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ഇരുചക്ര വാഹനങ്ങളില്‍ എബിഎസ് അല്ലെങ്കില്‍ സിബിഎസ് നിര്‍ബന്ധമാണ്. മുന്‍, പിന്‍ ബ്രേക്കുകള്‍ ഒരേസമയം യോജിച്ചുപ്രവര്‍ത്തിക്കുന്നതാണ് കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം അഥവാ സിബിഎസ്. ഒരു ബ്രേക്ക് ലിവര്‍ പ്രയോഗിക്കുമ്പോള്‍ രണ്ട് ബ്രേക്കുകളും ഒന്നിച്ചുപ്രവര്‍ത്തിക്കുന്നു. ഇത് ബ്രേക്കിംഗ് സ്റ്റബിലിറ്റി വര്‍ധിപ്പിക്കുകയും ബ്രേക്കിംഗ് ഡിസ്റ്റന്‍സ് കുറയ്ക്കുകയും ചെയ്യും.

സിബിഎസ് നല്‍കിയെങ്കിലും രണ്ട് ഇരുചക്ര വാഹനങ്ങളിലും മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഹോണ്ട ആക്റ്റിവ ഉപയോഗിക്കുന്ന 109 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഹോണ്ട നവി മോഡലിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8 ബിഎച്ച്പി കരുത്തും 8.94 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സിവിടി) എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും.

ഹോണ്ട സിഡി 110 മോട്ടോര്‍സൈക്കിളും 109 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ മോട്ടോര്‍ 8.31 ബിഎച്ച്പി കരുത്തും 9.09 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ കൂട്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യും. 130 എംഎം ഡ്രം ബ്രേക്കുകള്‍ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു.

Categories: Auto
Tags: Honda Navi