പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടതിന്റെ 121.5 % ല്‍ ധനക്കമ്മി എത്തി

പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടതിന്റെ 121.5 % ല്‍ ധനക്കമ്മി എത്തി

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ 10 മാസങ്ങളിലെ കണക്കാണ് പുറത്തുവന്നിട്ടുള്ളത്

ന്യൂഡെല്‍ഹി: നികുതി വരുമാനത്തിലെ വളര്‍ച്ച പ്രതീക്ഷിച്ചതിലും താണ നിലയില്‍ തുടരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി ലക്ഷ്യത്തിന്റെ താളം തെറ്റിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പത്തുമാസങ്ങളിലെ ധനക്കമ്മി സംബന്ധിച്ച റിപ്പോര്‍ട്ടാണ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ് പുറത്തുവിട്ടിട്ടുള്ളത്.

7.7 ലക്ഷം കോടി രൂപയാണ് പത്തുമാസങ്ങളിലെ ധനക്കമ്മി രേഖപ്പെടുത്തിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് മൊത്തമായി ധനക്കമ്മി പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ലക്ഷ്യത്തിന്റെ 121.5 ശതമാനമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുളള വ്യത്യാസമാണ് ധനക്കമ്മി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം എന്ന നിലയില്‍ 6.34 ലക്ഷം കോടിയില്‍ നിയന്ത്രിച്ച് നിര്‍ത്താനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ജനുവരിയില്‍ ആ വര്‍ഷത്തെ നിശ്ചിത ലക്ഷ്യത്തിന്റെ 113.7 ശതമാനത്തിലേക്കാണ് ധനക്കമ്മി എത്തിയിരുന്നത്.
സംസ്ഥാനങ്ങളുടെ വിഹിതവും റീഫണ്ടുകളും നല്‍കിയതിനു ശേഷമുള്ള അറ്റ നികുതി വരുമാനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍- ജനുവരി കാലയളവില്‍ 5 ശതമാനം വാര്‍ഷിക വര്‍ഷന മാത്രമാണ് രേഖപ്പെടുത്തിയിട്ടുളളത്. മൊത്തം സാമ്പത്തിക വര്‍ഷത്തെ നികുതി സമാഹരണ ലക്ഷ്യമായിരുന്ന 14.84 ലക്ഷം കോടി രൂപയിലെത്തണമെങ്കില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 19.5 ശതമാനത്തിന്റെ വര്‍ധനയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്.
മൊത്ത പ്രത്യക്ഷ നികുതി വരുമാനത്തില്‍ എപ്രില്‍- ജനുവരി കാലയളവില്‍ 15.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. 20.1 ശതമാനത്തിന്റെ വളര്‍ച്ചയായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍ പ്രകാരമുള്ള നികുതി സമാഹരണം സാധ്യമാകാന്‍ വേണ്ടിയിരുന്നത്. കേന്ദ്രത്തിന്റെ ജിഎസ്ടി വരുമാനം നടപ്പു സാമ്പത്തികവര്‍ഷം 5.03 ലക്ഷം കോടി രൂപയിലേക്ക് എത്തണമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ 10 മാസത്തില്‍ ഇതിന്റെ ഏതാണ്ട് 75 ശതമാനമായ 3.75 ലക്ഷം കോടി രൂപയിലാണ് കേന്ദ്രത്തിന്റെ മൊത്തം ജിഎസ്ടി വരുമാനം.

ധനക്കമ്മി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെലവിടലുകളില്‍ മിതത്വം പാലിക്കാന്‍ സര്‍ക്കാര്‍ തയാറായേക്കും. നടപ്പു വര്‍ഷം മൂലധന ചെലവിടലിലും കുറവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മൊത്തം വര്‍ഷത്തേക്ക് ലക്ഷ്യമിട്ടിരിക്കുന്ന തുകയുടെ 72.7 ശതമാനമായ 2.3 ലക്ഷം കോടി മാത്രമാണ് ആദ്യ 10 മാസങ്ങളില്‍ ചെലവഴിച്ചിട്ടുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ മൂലധന ചെലവിടലിനെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ കുറവാണിത്.

11.81 ലക്ഷം കോടിയുടെ മൊത്തം റവന്യൂ വരുമാനാണ് എപ്രില്‍-ജനുവരി കാലയളവില്‍ നേടിയിട്ടുള്ളത്. മൊത്തെ സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരിക്കുന്ന വരുമാനത്തിന്റെ 68.3 ശതമാനമാണിത്. 20.01 ലക്ഷം കോടി രൂപയുടെ മൊത്തം ചെലവിടലാണ് ഇക്കാലയളവില്‍ ഉണ്ടായത്. മൊത്തം വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നതിന്റെ 81.5 ശതമാനമാണിത്. ഇടക്കാല ബജറ്റില്‍ പുതുക്കി നിശ്ചയിച്ച പ്രകാരം 24.57 ലക്ഷം കോടി രൂപയുടെ ചെലവിടലാണ് നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിട്ടുള്ളത്.

Comments

comments

Categories: Business & Economy