ഉപഭോക്തൃ വിപണി 335 ലക്ഷം കോടി കടക്കും

ഉപഭോക്തൃ വിപണി 335 ലക്ഷം കോടി കടക്കും

ചെന്നൈ: ഇന്ത്യന്‍ ഉപഭോക്തൃ വിപണി 2028 ഓടെ മൂന്നിരട്ടിയായി വര്‍ധിച്ച് 335 കോടി രൂപ കടക്കുമെന്നും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 6.2 ശതമാനമെത്തുമെന്നും റിപ്പോര്‍ട്ട്. ജിഡിപി വളര്‍ച്ച, ഉയരുന്ന സമ്പത്ത്, നഗരവല്‍ക്കരണം, ഓണ്‍ലൈന്‍-സംഘടിത റീട്ടെയ്ല്‍ എന്നിവയുടെ അതിവേഗ വളര്‍ച്ച എന്നിവയാണ് ഈ നേട്ടത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെന്ന് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ-ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് എന്നിവ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 ലെ 110 ലക്ഷം കോടി രൂപയില്‍ നിന്ന് 12 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയുമായാണ് പത്ത് വര്‍ഷത്തിനുള്ളില്‍ 335 ലക്ഷം കോടി രൂപയിലേക്ക് ഉപഭോക്തൃ വിപണി വളരുക. ദശാബ്ദത്തിലധികമായി ഇന്ത്യയിലെ ഉപഭോഗം 13 ശതമാനമെന്ന ത്വരിത വേഗത കൈവരിച്ചിട്ടുണ്ട്. ജിഡിപിയുടെ 5.93 ശതമാനമാണിത്. ഈ വളര്‍ച്ചയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ 2018-2023 കാലയളവില്‍ ജിഡിപിയുടെ 7.3 ശതമാനമായും, 2023-2028 കാലഘട്ടത്തില്‍ ജിഡിപിയുടെ 6.2 ശതമാനമായും ഉപഭോഗ വളര്‍ച്ചയെത്തും.

സമ്പത്തും, സമ്പന്ന കുടുംബങ്ങളുടെ വളര്‍ച്ചയുമാണ് ഉപഭോക്തൃ വളര്‍ച്ചയ്ക്ക് ശക്തമായ പിന്തുണ നല്‍കുക. സമ്പന്ന കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ ദശാബ്ദത്തിനുള്ളില്‍ 9 ശതമാനം വര്‍ധിച്ച് 10.7 മില്യണില്‍ നിന്ന് 24 മില്യണായി വളര്‍ന്നു. ഇവരില്‍ വരേണ്യ കുടുംബങ്ങള്‍ 13 ശതമാനം വളര്‍ച്ച നേടി 2.6 മില്യണില്‍ നിന്ന് 9 മില്യണായി വര്‍ധിച്ചു. അവരുടെ ഉപഭോഗം 20 ശതമാനം വര്‍ധിച്ച് മൊത്തം സ്വകാര്യ ഉപഭോഗത്തിന്റെ മൂന്നില്‍ ഒന്നായി.

Categories: Business & Economy, Slider