ഗള്‍ഫിലെ അടിസ്ഥാന സൗകര്യ സംരംഭത്തിനെ ബെര്‍ക്ലെയ്‌സ് ബാങ്ക് മുന്‍ മേധാവി നയിക്കും

ഗള്‍ഫിലെ അടിസ്ഥാന സൗകര്യ സംരംഭത്തിനെ ബെര്‍ക്ലെയ്‌സ് ബാങ്ക് മുന്‍ മേധാവി നയിക്കും

ഇന്‍വെസ്റ്റര്‍കോര്‍പ്-അബെര്‍ദീന്‍ സ്റ്റാന്‍ഡേര്‍ഡ് സംയുക്ത സംരംഭ ചെയര്‍മാനായി സര്‍ ജെറി ഗ്രിംസ്‌റ്റോണിനെ നിയമിച്ചു

ബഹ്‌റൈന്‍: ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റര്‍കോര്‍പിന്റെയും അബെര്‍ദീന്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍വെസ്റ്റ്‌മെന്റിന്റെയും സംയുക്ത സംരംഭത്തിന്റെ ചെയര്‍മാനായി സര്‍ ജെറി ഗ്രിംസ്റ്റോണിനെ നിയമിച്ചു. ബര്‍ക്ലേസ് ഗ്രൂപ്പ് നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറ്റര്‍, ബര്‍ക്ലേസ് ബാങ്ക് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിന്നും പടിയിറങ്ങാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഗ്രിംസ്റ്റോണിനെ ഇന്‍വെസ്റ്റര്‍കോര്‍പ്-അബെര്‍ദീന്‍ സ്റ്റാന്‍ഡേര്‍ഡ് സംരംഭത്തിന്റെ ചെയര്‍മാനായി നിയമിച്ചത്.

ജിസിസി രാഷ്ട്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ 1 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനാണ് ഈ സംയുക്ത സംരംഭം പദ്ധതിയിടുന്നത്. 57 മില്യണ്‍ ജനംഖ്യയുള്ള ജിസിസി മേഖലയിലാണ് ലോക ഇന്ധന സ്രോതസുകളില്‍ പകുതിയും.

ലോകത്തിന്റെ ഇന്ധന ആവശ്യങ്ങള്‍ മുതലെടുത്തുകൊണ്ട് കഴിഞ്ഞ ദശാബ്ദങ്ങളില്‍ വലിയ സാമ്പത്തിക പുരോഗതിയാണ് ഗള്‍ഫ് മേഖല കൈവരിച്ചത്. എന്നാല്‍ എണ്ണവിപണിയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ മറ്റ് മേഖലകളിലേക്ക് കൂടി വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. ഇതിന്റെ ഭാഗമായി മുന്‍ഗണന നല്‍കേണ്ട സമൂഹത്തിലെ സുപ്രധാനവും നിര്‍ണ്ണായകവുമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഏതെക്കെയാണെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ജിസിസി രാഷ്ട്രത്തലവന്മാര്‍.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാര്‍പ്പിട നിര്‍മ്മാണം, സ്മാര്‍ട്ട് സിറ്റികള്‍, റോഡ്, റെയില്‍ തുടങ്ങിയ മേഖലകളിലെ ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ശ്രദ്ധ നല്‍കാനാണ് സംയുക്ത സംരംഭത്തിന്റെ തീരുമാനം.

ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് മേഖലയില്‍ ജെറിക്കുള്ള അനുഭവപാരമ്പര്യം സംയുക്ത സംരംഭത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ഇന്‍വെസ്റ്റര്‍കോര്‍പ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ മുഹമ്മദ് അലാര്‍ദി പറഞ്ഞു. ജെറിയെ പോലെ നേതൃപാടവുമുള്ള ഒരാളെ ചെയര്‍മാനായി ലഭിച്ച ഈ സംയുക്ത സംരംഭം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവാണ് ഇരുകമ്പനികള്‍ക്കും നല്‍കുന്നതെന്ന് അബെര്‍ദീന്‍ സഹ ചീഫ് എക്‌സിക്യൂട്ടീവായ മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ട് പറഞ്ഞു.

അതേസമയം സംയുക്ത സംരംഭത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ജെറി ഗ്രിംസ്‌റ്റോണ്‍ പറഞ്ഞു.

Categories: Arabia