അതിസമ്പന്നന്‍ ബെസോസ്;  ആദ്യ പത്തില്‍ പത്താമന്‍ മുകേഷ് അംബാനി

അതിസമ്പന്നന്‍ ബെസോസ്;  ആദ്യ പത്തില്‍ പത്താമന്‍ മുകേഷ് അംബാനി

ഹുറൂണ്‍ റിസര്‍ച്ചിന്റെ ആഗോള സമ്പന്ന പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് മുകേഷ് അംബാനി

ന്യൂഡെല്‍ഹി: ഹുറൂണ്‍ റിസര്‍ച്ച് തയാറാക്കിയ ആഗോള തലത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി മുകേഷ് അംബാനി. 54 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി. അതേസമയം, അദ്ദേഹത്തിന്റെ സഹോദരന്‍ അനില്‍ അംബാനിയുടെ ആസ്തിയില്‍ 65 ശതമാനത്തിലധികം നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

ഹുറൂണ്‍ ആഗോള സമ്പന്ന പട്ടികയിലെ ഒന്നാമന്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ്. 147 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് ജെഫ് ബെസോസ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. 96 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്‌സ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും 88 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള വാറണ്‍ ബഫറ്റ് മൂന്നാം സ്ഥാനത്തും ബെര്‍നാഡ് അര്‍നോള്‍ട്ട് നാലാം സ്ഥാനത്തും ഇടം പിടിച്ചു.

3.83 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി ഇടം നേടിയിട്ടുള്ളത്. ഇതോടെ ഹുറൂണ്‍ റിസര്‍ച്ചിന്റെ ആഗോള സമ്പന്ന പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ നേട്ടവും അംബാനി സ്വന്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് ആഗോള സമ്പന്ന പട്ടികയിലെ മുന്‍ നിരയിലേക്ക് അംബാനിയെ നയിച്ചത്.

എട്ട് ലക്ഷം കോടി രൂപയിലധികമാണ് ആര്‍ഐഎല്ലിന്റെ വിപണി മൂല്യം. റിലയന്‍സില്‍ 52 ശതമാനം ഓഹരി നിയന്ത്രണമാണ് അംബാനിക്കുള്ളത്. അദ്ദേഹത്തിന്റെ സമ്പത്തില്‍ 9 ബില്യണ്‍ ഡോളറിന്റെ (20 ശതമാനം) വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഹുറൂണ്‍ റിസര്‍ച്ച് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 30 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനി സമ്പത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇക്കാലയളവില്‍ അനില്‍ അംബാനിക്ക് സമ്പത്തില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി.

ടെലികോം, റീട്ടെയ്ല്‍, എനര്‍ജി മേഖലകളെ അടിസ്ഥാനമാക്കിയാണ് അംബാനിയുടെ ആസ്തി കണക്കാക്കിയിട്ടുള്ളതെന്ന് ഹുറൂണ്‍ റിസര്‍ച്ച് പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയെയും ജപ്പാനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര റോമിംഗ് സര്‍വീസ് ആരംഭിക്കുമെന്ന് അംബാനിയുടെ റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 700 മില്യണ്‍ ഡോളറിന് ഹാത്‌വേയും ഡെന്നും ഏറ്റെടുത്ത്‌കൊണ്ട് വലിയ നിക്ഷേപ വിപുലീകരണമാണ് എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ റിലയന്‍സ് നടത്തിയിട്ടുള്ളതെന്നും ഹുറൂണ്‍ റിസര്‍ച്ച് ചൂണ്ടിക്കാട്ടി.

ഈ വര്‍ഷത്തെ പട്ടികയില്‍ മൊത്തം 2,470 സമ്പന്നരാണ് ഇടം നേടിയിട്ടുള്ളത്. ഇവരുടെ മൊത്തം സമ്പത്ത് 9.5 ട്രില്യണ്‍ ഡോളറാണ്. ആഗോള ജിഡിപിയുടെ 12 ശതമാനത്തോളം വരുമിത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 2,694 സമ്പന്നര്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള 104 ശതകോടീശ്വരന്മാരാണ് ഈ വര്‍ഷത്തെ ആഗോള സമ്പന്ന പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷം 32 സമ്പന്നരെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഈ വര്‍ഷം രാജ്യത്തുനിന്നുള്ള 28 സമ്പന്നര്‍ പട്ടികയില്‍ നിന്നും പുറത്തായി. ഇതോടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചാമതായി. 2012 മുതലുള്ള കാലയളവില്‍ ഇതാദ്യമായാണ് ഇന്ത്യ ഹുറൂണ്‍ ആഗോള സമ്പന്ന പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പോകുന്നത്.

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ്പി ഹിന്ദുജ (21 ബില്യണ്‍ ഡോളര്‍), വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി (17 ബില്യണ്‍ ഡോളര്‍), സൈറസ് എസ് പുനവാല (13 ബില്യണ്‍ ഡോളര്‍), ലക്ഷ്മി മിത്തല്‍, ഉദയ് കൊട്ടക്, ഗൗതം അദാനി, ദിലിപ് ഷാംഗ് വി, സൈറസ് മിസ്ട്രി, ഷപൂര്‍ജി മിസ്ട്രി, സ്മിത ക്രിഷ്ണ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യക്കാര്‍. വനിതാ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതുള്ളത് ഗോദ്‌റെജ് കുടുംബത്തില്‍ നിന്നുള്ള സ്മിത കൃഷ്ണയാണ്.

പട്ടികയിലെ ഇന്ത്യന്‍ സമ്പന്നര്‍

പേര് ആസ്തി
(ബില്യണ്‍ ഡോളര്‍)

മുകേഷ് അംബാനി 54

എസ്പി ഹിന്ദുജ 21

അസിം പ്രേംജി 17

സൈറസ് എസ് പൂനവാല 13

ഉദയ് കൊട്ടക് 11

Comments

comments

Categories: FK News