മടക്കാവുന്ന ഐ ഫോണ്‍ ഉടന്‍ പുറത്തിറക്കണമെന്ന് സ്റ്റീവ് വോസ്‌നിയാക്

മടക്കാവുന്ന ഐ ഫോണ്‍ ഉടന്‍ പുറത്തിറക്കണമെന്ന് സ്റ്റീവ് വോസ്‌നിയാക്

ബാഴ്‌സലോണ: ഫോള്‍ഡബിള്‍ ഐ ഫോണ്‍ ഉടന്‍ കൈയില്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്നതായി ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റിവ് വോസ്‌നിയാക്ക്. സ്‌ക്രീന്‍ വലുപ്പം കൂടുന്നതിനൊപ്പം തന്നെ പോക്കറ്റില്‍ എളുപ്പത്തില്‍ കൊണ്ടു നടക്കാനുമാകുന്ന ഡിവൈസുകള്‍ക്ക് ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളെല്ലാം തന്നെ മടക്കാവുന്ന ഡിവൈസുകളിലേക്ക് ശ്രദ്ധ തിരിക്കുന്ന സാഹചര്യത്തിലാണ് വോസ്‌നിയാക്കിന്റെ പ്രതികരണം.

‘ടച്ച് ഐഡി, ഫേസ് ഐഡി, ഫോണിലൂടെയുള്ള പേമെന്റ് എന്നീ സംവിധാനങ്ങളിലെല്ലാം ആപ്പിള്‍ ദീര്‍ഘകാരമായി വിപണിയിലെ ഒന്നാം സ്ഥാനക്കാരാണ്. എന്നാല്‍ അവര്‍ക്ക് ഫോള്‍ഡിംഗ് ഫോണുകളുടെ കാര്യത്തില്‍ മുന്നോട്ടുവരാനായിട്ടില്ല എന്നത് വിഷമകരമാണ്. വളരേ വേഗം ഒരു ഫോള്‍ഡബിള്‍ ഐ ഫോണ്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം,:’ ബ്ലൂംബെര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വോസ്‌നിയാക്ക് പറഞ്ഞു. സാംസംഹ്, ഹ്വാവേ തുടങ്ങിയ കമ്പനികള്‍ ഫോള്‍ഡബിള്‍ ഡിവൈസുകള്‍ അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അപകടത്തിനു പിന്നാലെ ആപ്പിളില്‍ നിന്ന് പുറത്തേക്ക് വരുകയും പിന്നീട് മറ്റ് സംരംഭങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്ത സ്റ്റിവ് വോസ്‌നിയാക്ക് ഇപ്പോഴും കമ്പനിയുടെ അഭ്യുദയകാംക്ഷിയാണ്. മികച്ച ഭാവി ആപ്പിളിനുണ്ടെന്നും മുഖ്യ ബിസിനസായ ഐഫോണിന് പുറമേ മറ്റ് ബിസിനസുകളിലും വിപുലീകരണം നടത്തുന്നത് ഗുണം ചെയ്യുമെന്നുമാണ് അദ്ദേഹം വിലയിരുത്തുന്നത്. ആപ്പിള്‍ ടിവി മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആപ്പിള്‍ കംപ്യൂട്ടറുകളുടെ ആദ്യ പ്രോട്ടോ ടൈപ്പുകളുടെ രൂപകല്‍പ്പനയില്‍ സ്റ്റീവ് ജോബ്‌സിനൊപ്പം നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സ്റ്റീവ് വോസ്‌നിയാക്. ക്രിപ്‌റ്റോ കറന്‍സികളെ വലിയ രീതിയില്‍ പിന്തുണക്കുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം അധികം അറിയപ്പെടാത്ത ക്രിപ്‌റ്റോ സ്റ്റാര്‍ട്ടപ്പായ ഇക്വി കാപ്പിറ്റലില്‍ ചേര്‍ന്നിരുന്നു.

Comments

comments

Categories: Tech