ഫൈബര്‍ സംയുക്ത സംരംഭത്തിനായി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ ചര്‍ച്ച

ഫൈബര്‍ സംയുക്ത സംരംഭത്തിനായി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ ചര്‍ച്ച

5ജിക്കായി നിലവില്‍ ട്രായ് മുന്നോട്ടുവെച്ചിട്ടുള്ള സ്‌പെക്ട്രം നിരക്കുകള്‍ ഏറെ ഉയര്‍ന്നതാണെന്ന് സുനില്‍ മിത്തല്‍

ബാഴ്‌സലോണ: സംയുക്തമായി ഒരു ഫൈബര്‍ നെറ്റ്‌വര്‍ക്ക് സംരംഭം ആരംഭിക്കുന്നതിന് വോഡഫോണ്‍ ഐഡിയയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് എയര്‍ടെല്‍ വ്യക്തമാക്കി. നിലവില്‍ ഈ കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള ടവര്‍ കമ്പനി ഇന്‍ഡസ് ടവറിന്റെ മാതൃകയില്‍ പുതിയ കമ്പനി രൂപീകരിക്കാനാണ് ആലോചന. തങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തിന് വളരേ അനുകൂലമായ പ്രതികരണമാണ് വോഡഫോണ്‍ ഐഡിയ നല്‍കിയിട്ടുള്ളതെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു.

‘ ടവറില്‍ സംയുക്ത സംരംഭം ആരംഭിക്കുന്നതിനും ഞങ്ങളായിരുന്നു മുന്‍കൈയെടുത്തത്. ഇന്‍ഡസ് ടവറിന്റെ കാര്യത്തിലുണ്ടായതിനു സമാനമായി രംഗത്തുവരാനും സഹകരിക്കാനും ഞങ്ങള്‍ വോഡഫോണ്‍ ഐഡിയയയോട് ആവശ്യപ്പെട്ടിരിക്കുകയാണ്,’ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബീല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ മിത്തല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് കക്ഷികളുള്ള സംയുക്ത സംരംഭമാണ് പദ്ധതിയിടുന്നത്. ഞങ്ങള്‍ സ്വന്തം ഫൈബര്‍ കമ്പനിയുമായി തുടരുകയാണ്. വോഡഫോണ്‍ ഐഡിയ അവരുടെ ഫൈബര്‍ ആസ്തികള്‍ അതിനോട് കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ അതിനനുസരിച്ച് ഓഹരി പങ്കാളിത്തം ക്രമീകരിക്കുമെന്ന് മിത്തല്‍ വ്യക്തമാക്കി.

246,000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഫൈബര്‍ ആസ്തികള്‍ തയാറാക്കാനാണ് എയര്‍ടെലിന്റെ ഉടമസ്ഥതയിലുള്ള ടെലിസോണിക് നെറ്റ്‌വര്‍ക്ക്‌സ് ലിമിറ്റഡ് പദ്ധതിയിടുന്നത്. ലയനത്തിലൂടെ ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ടെലികോം വിപണിയിലെ ഒന്നാം സ്ഥാനത്തെത്തിയ വോഡഫോണ്‍ ഐഡിയ അടുത്തിടെ തങ്ങളുടെ ഫൈബര്‍ ആസ്തികള്‍ ഒരു പ്രത്യേക കമ്പനിയിലേക്ക് മാറ്റിയിരുന്നു. വരുമാനത്തില്‍ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനായി ഫൈബര്‍ ആസ്തികളില്‍ നിന്ന് കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം.

ഇന്ത്യയില്‍ 5ജിയുടെ അവതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും സ്‌പെക്ട്രം ടെലികോം കമ്പനികള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ കൈമാറാന്‍ തയാറാകണമെന്നും മിത്തല്‍ പറഞ്ഞു. നിലവില്‍ ട്രായ് മുന്നോട്ടുവെച്ചിട്ടുള്ള സ്‌പെക്ട്രം നിരക്കുകള്‍ ഏറെ ഉയര്‍ന്നതാണ്. എല്ലാ ഓപ്പറേറ്റര്‍മാര്‍ക്കും മികച്ച രീതിയില്‍ 5ജി സേവനങ്ങള്‍ നല്‍കണമെങ്കില്‍ 100 മെഗാ ഹെര്‍ട്‌സ് സ്‌പെക്ട്രമെങ്കിലും ആവശ്യമായി വരും. എയര്‍ടെല്‍ നിലവില്‍ ഒരുക്കുന്ന സജ്ജീകരണങ്ങളെല്ലാം 5ജിക്ക് ഉപയോഗിക്കാനാകുന്നതാണെന്നും മിത്തല്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy