എംഎസ്എംഇകള്‍ക്ക് 70 ബില്യണ്‍ ഡോളര്‍ വായ്പ വേണം

എംഎസ്എംഇകള്‍ക്ക് 70 ബില്യണ്‍ ഡോളര്‍ വായ്പ വേണം

നിലവില്‍ ചെറുകിട വ്യവസായ മേഖലക്ക് ലഭിച്ചിരിക്കുന്ന വായ്പാ തുക 55 ബില്യണ്‍ ഡോളര്‍ മാത്രം

ന്യൂഡെല്‍ഹി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) 70 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പാ ബാങ്ക് വായ്പകള്‍ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. വ്യവസായ കൂട്ടായ്മയായ അസോചവും മുംബൈ ആസ്ഥാനമായ സാമ്പത്തിക കണ്‍സള്‍ട്ടന്‍സിയായ അശ്വിന്‍ പരേഖ് അഡൈ്വസറി സര്‍വീസും സംയുക്തമായിട്ടാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നിലവില്‍ പര്യാപ്തമായ വായ്പകള്‍ എംഎസ്എംഇ മേഖലക്ക് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രതിസന്ധിയിലായ എംഎസ്എംഇകള്‍ക്ക് എന്‍സിഎല്‍ടി (നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍) മാര്‍ഗത്തിലൂടെയല്ലാതെ 25 കോടിക്കു താഴെയുള്ള സമ്മര്‍ദ്ദിത വായ്പകള്‍ പുനക്രമീകരിക്കാന്‍ അവസരമൊരുക്കണമെന്ന് കഴിഞ്ഞ മാസംകേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പുനക്രമീകരണത്തിന് ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. വായ്പാ ലഭ്യത വര്‍ധിപ്പിക്കാന്‍ ഈ നടപടി സഹായകമായതായി നിരീക്ഷിക്കുന്ന റിപ്പോര്‍ട്ട് നോട്ട് അസാധുവാക്കലും ജിഎസ്ടി നടപ്പാക്കലും എംഎസ്എംഇ മേഖലയെ കാര്യമായി ബാധിച്ചെന്നും നിരവധി ചെറുകിട യൂണിറ്റുകള്‍ അടച്ചുപൂട്ടാനും തൊഴിലവസരങ്ങള്‍ നഷ്ടമാകാനും ഇത് കാരണമായതായും അഭിപ്രായപ്പെടുന്നുണ്ട്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്തായ എംഎസ്എംഇകള്‍ രാജ്യത്തിന്റെ ജിഡിപി, കയറ്റുമതി, വ്യാവസായിക ലാഭം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയിലേക്ക് നിര്‍ണായകമായ സംഭാവനയാണ് നല്‍കുന്നത്. എന്നാല്‍ ഇപ്പോഴും മേഖലയിലെ 40-70 ശതമാനം സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ബാങ്കുകളെ ആശ്രയിക്കാന്‍ കഴിയുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവില്‍ 55 ബില്യണ്‍ ഡോളറാണ് എംഎസ്എംഇകള്‍ക്ക് ലഭിച്ചിരിക്കുന്ന വായ്പ. എംഎസ്എംഇകള്‍ വായ്പ സമയത്തിനു തിരിച്ചടക്കാത്തതിനാല്‍ സാമ്പത്തിക സേവന സ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിക്കുന്നത് പ്രധാനപ്പെട്ട ഒരു ആശങ്കയാണെന്നും ഇത് വായ്പാ വിതരണത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്.

Comments

comments

Categories: FK News, Slider
Tags: MSME