ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യത്തില്‍ വരുന്ന 13 ശതമാനം വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്ന്; സെലിന ഉയിബൊ

ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യത്തില്‍ വരുന്ന 13 ശതമാനം വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്ന്; സെലിന ഉയിബൊ

തലസ്ഥാന നഗരിയായ ഡാര്‍വിനില്‍ 350 ഓളം മലയാളി കുടുംബങ്ങളാണുള്ളത്. ആലിസ് സ്പ്രിംഗ്സില്‍ 100 കുടുംബങ്ങളുമാണ് താമസിക്കുന്നത്.

ഉപരിപഠനത്തിനും തൊഴിലിനുമായി ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യ(നോര്‍ത്തേണ്‍ ടെറിറ്ററി)യിലേക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിന്റെയും ഭാഗമായി ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രി സെലിന ഉയിബൊ ഇന്ത്യാ സന്ദര്‍ശനം നടത്തി. ആദ്യമായാണ് ഒരു ഉത്തര പ്രവിശ്യ മന്ത്രി ഇന്ത്യയില്‍ ഔദ്യോഗിക പരിപാടികള്‍ക്കായി എത്തുന്നത്.

33 കാരിയായ ഉയിബൊ അഞ്ചു വര്‍ഷം അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക വിദേശ യാത്രയില്‍ ആദ്യം കേരളമാണ് തിരഞ്ഞെടുത്തത്. ഇതിന് ശേഷം ഹൈദരാബാദിലും നേപ്പാളിലെ കാഠ്മണ്ഡുവിലേക്കും ഉയിബൊയും സംഘവും സന്ദര്‍ശനം നടത്തും. ചീഫ് സെക്രട്ടറി ടോം ജോസുമായും തിരുവനന്തപുരത്ത് വെച്ച് സംഘം കൂടിക്കാഴ്ച നടത്തി. 2016 മുതല്‍ ഉത്തര പ്രവിശ്യ നിയമസഭയുടെ അംഗമാണ് സെലിന ഉയിബൊ. സാമ്പത്തിക സാക്ഷരത പഠിപ്പിച്ചതിന് 2013-ല്‍ ഉയിബൊയ്ക്ക് കോമണ്‍വെല്‍ത്ത് ബാങ്ക് ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചു. 26 ജൂണ്‍ 2018-ലാണ് ഉയിബൊ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്. വര്‍ക്ക്‌ഫോഴ്‌സ് ട്രെയിനിംഗ്, അബൊറിജിനല്‍ അഫയേഴ്സ് മന്ത്രികൂടിയാണ് സെലിന ഉയിബൊ.

‘450 ഓളം മലയാളി കുടുംബങ്ങള്‍ ഉത്തര പ്രവിശ്യത്തില്‍ താമസിക്കുന്നുണ്ട്. 245,000 ആണ് ഉത്തര പ്രവിശ്യയിലെ ജനസംഖ്യ. രാജ്യത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. തലസ്ഥാന നഗരിയായ ഡാര്‍വിനില്‍ 350 ഓളം മലയാളി കുടുംബങ്ങളാണുള്ളത്. ആലിസ് സ്പ്രിംഗ്സില്‍ 100 കുടുംബങ്ങളുമാണ് താമസിക്കുന്നത്. ഈ ബന്ധങ്ങള്‍ ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. ഒരു നഴ്സിംഗ് പ്രോഗ്രാം ആദ്യം സംഘടിപ്പിച്ചിരുന്നു. 11 വര്‍ഷം മുമ്പാണ് ഇത് സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്നും 60 നഴ്സുമാര്‍ ഉത്തര പ്രവിശ്യയില്‍ വന്ന് ജോലി ചെയ്തു. ഇത് ചാള്‍സ് ഡാര്‍വിന്‍ സര്‍വ്വകലാശാലയുമായുള്ള ബന്ധം മെച്ചപ്പെടുത്തി,’- സെലിന പറഞ്ഞു.

‘കേരളം പോലെ നല്ലൊരു കാലാവസ്ഥയാണ് ഉത്തര പ്രവിശ്യയിലും. വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പദ്ധതികള്‍ ഇവിടെയുണ്ട്. ഓസ്‌ട്രേലിയയിലെ മറ്റു വലിയ നഗരങ്ങളെ അപേക്ഷിച്ച് ഇവിടുത്ത ജനസംഖ്യയും കുറവാണ്. അതുകൊണ്ടു തന്നെ എല്ലാ സമുദായങ്ങളും തമ്മില്‍ നല്ല ബന്ധമാണ്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. ഉപരിപഠനത്തിന് വരുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പുകള്‍ മറ്റു തൊഴില്‍ അവസരങ്ങളും ഇവിടെ ലഭ്യമാണ്,’ സെലിന വ്യക്തമാക്കി.

‘ഞാന്‍ തിരുവനന്തപുരത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വുമണ്‍ സന്ദര്‍ശിച്ചിരുന്നു. അതൊരു പുതിയ അനുഭവമായിരുന്നു. ഓസ്ട്രേലിയ ഉത്തര പ്രവിശ്യയില്‍ ലിംഗ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്സ് തുടങ്ങിയ മേഖലയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെയും യുവതികളെയും എത്തിക്കാനായി ഞങ്ങള്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്,’ – സെലിന പറഞ്ഞു.

‘ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റു ഓസ്‌ട്രേലിയന്‍ നഗരങ്ങളെക്കാള്‍ പെട്ടെന്ന് ഉത്തര പ്രവിശ്യ തലസ്ഥാനമായ ഡാര്‍വിനില്‍ എത്തിപ്പെടാം. ഡാര്‍വിനിനെ ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 500 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഉത്തര പ്രവിശ്യയില്‍ ഉപരിപഠനത്തിന് വരുന്ന 13 ശതമാനം വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്നാണ്. നേപ്പാളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇവിടേക്ക് എത്തുന്നു,’ – സെലിന കൂട്ടിച്ചേര്‍ത്തു.

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 2018-ലെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 60,062 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് എത്തിയത്. മെല്‍ബണ്‍, സിഡ്നി പോലുള്ള പ്രധാന നഗരങ്ങള്‍ കൂടാതെ അഡലെയ്ഡ്, ഗോള്‍ഡ് കോസ്റ്റ്, പെര്‍ത്ത്, ഉത്തര പ്രവിശ്യ പോലുള്ള നഗരങ്ങളിലേക്കും വിദ്യാര്‍ഥികള്‍ എത്തി തുടങ്ങി. നിരവധി കോഴ്സുകള്‍, കുറഞ്ഞ ജീവിത ചിലവ്, പഠനത്തിന് ശേഷം ജോലി ചെയ്യാനുള്ള അവസരം, സ്ഥിര താമസം, നല്ല കാലാവസ്ഥ, കുറഞ്ഞ ഫീസ് എന്നീ കാരണങ്ങളാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഓസ്ട്രേലിയ തിരഞ്ഞെടുക്കാന്‍ കാരണം.

Categories: FK News