ജര്‍മ്മനിയുടെ ആയുധ വിലക്കില്‍ പങ്കുചേരില്ലെന്ന് യുകെ

ജര്‍മ്മനിയുടെ ആയുധ വിലക്കില്‍ പങ്കുചേരില്ലെന്ന് യുകെ

യുകെ ആയുധ കമ്പനിയായ ബിഎഇയ്ക്ക് ആശ്വാസം

സൗദി അറേബ്യയിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്നതിന് ജര്‍മ്മനിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ യുകെ പങ്കാളിയാകില്ലെന്ന് പശ്ചിമേഷ്യയുടെ ചുമതലയുള്ള യുകെ മന്ത്രി അലിസ്റ്റൈര്‍ ബര്‍ട്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന്റെ പശ്ചാത്തലത്തിലാണ് സൗദിയിലേക്കുള്ള ആയുധ കയറ്റുമതി പരിമിതപ്പെടുത്താന്‍ ജര്‍മ്മനി തീരുമാനിച്ചത്. ജര്‍മ്മനിയുടെ വിലക്ക് സൗദിയിലെ ബിഎഇ ബിസിനസിനെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് ആശ്വാസമായി യുകെ മന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്.

ഖഷോഗിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ബിസിനസ് നടത്താനുള്ള ധൈര്യം ഇല്ലാതായതെന്ന് പറഞ്ഞുകൊണ്ടാണ് ജര്‍മ്മനി സൗദിയിലേക്കുള്ള ആയുധ കയറ്റുമതി പരിമിതപ്പെടുത്തിയത്. തുടര്‍ന്ന് യുകെയിലെ പ്രതിരോധ ആയുധ നിര്‍മ്മാതാക്കളായ ബിഎഇ സിസ്റ്റത്തിന്റെ ഓഹരിവില ഇടിഞ്ഞിരുന്നു. യൂറോഫൈറ്റര്‍ അടക്കമുള്ള പദ്ധതികളില്‍ ബിഎഇയുടെ പങ്കാളി രാഷ്ട്രമാണ് ജര്‍മ്മനി. ജര്‍മ്മനിയുടെ വിലക്ക് തങ്ങളുടെ കരാറുകളെ ബാധിക്കാതിരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മേല്‍ ബിഎഇ സമ്മര്‍ദ്ദം ചിലത്തുന്നുണ്ട്.

48 ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ സൗദിയിലേക്ക് അധികമായി കയറ്റി അയക്കാന്‍ ആലോചിക്കുന്ന ബിഎഇയ്ക്ക് ജര്‍മ്മനിയെ പൂര്‍ണമായും അവഗണിക്കാനും സാധിക്കില്ല. യൂറോഫൈറ്റര്‍, ടൊര്‍ണാഡോ, ഹൗക് എയര്‍ക്രാഫ്റ്റ് എന്നിവയുടെ സര്‍വ്വീസിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനുമായുള്ള വിമാന ഭാഗങ്ങള്‍ക്ക് ബിഎഇയ്ക്ക് ജര്‍മ്മനിയുടെ അനുമതി ലഭിക്കേണ്ടതുണ്ട് എന്നതാണ് കാരണം.

ഓരോ കയറ്റുമതി ആപേക്ഷയിലും ലണ്ടന്‍ പ്രത്യേകമായി തീരുമാനങ്ങളെടുക്കാറുണ്ട്. ഇനിയുമത് തുടരും. ഈ തീരുമാനം ജര്‍മ്മനിയുമായുള്ള ബന്ധത്തിലുണ്ടാകാന്‍ സാധ്യതയുള്ള ആഘാതങ്ങളെ കുറിച്ചും ആശങ്കകളെ കുറിച്ചും ബോധ്യമുണ്ടെന്നും ബര്‍ട് കൂട്ടിച്ചേര്‍ത്തു. ഈജിപ്തിലെ ശരം ഇല്‍ ഷേഖില്‍ നടന്ന യൂറോപ് -അറബ് നേതാക്കളുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു യുകെ മന്ത്രി.

Comments

comments

Categories: Arabia