5ജിയില്‍ മത്സരിച്ച് സൗദിയും യുഎഇയും ആഗോള കമ്പനികളുമായി കൂട്ടുപിടിച്ച് ഒന്നാമനാകാന്‍ ഓട്ടം

5ജിയില്‍ മത്സരിച്ച് സൗദിയും യുഎഇയും ആഗോള കമ്പനികളുമായി കൂട്ടുപിടിച്ച് ഒന്നാമനാകാന്‍ ഓട്ടം

സൗദി ടെലികോം നോക്കിയയുമായും എതിസലാത് വാവേയുമായും കരാറുകളില്‍ ഒപ്പുവെച്ചു

ജിദ്ദ ഗള്‍ഫ് മേഖലയില്‍ 5ജി സേവനം ആദ്യം കൊണ്ടുവരുന്ന രാജ്യമാകാനുള്ള പോരാട്ടത്തിലാണ് ഗള്‍ഫിലെ ടെലികോം ഭീമന്മാര്‍. 5ജിയില്‍ ലോകം പിച്ചവെച്ചുതുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ഒപ്പം നടക്കാനുള്ള ശ്രമത്തിലാണ് ടെക്‌നോളജി രംഗത്ത് വലിയ നേട്ടങ്ങള്‍ ലക്ഷ്യമിടുന്ന ഗള്‍ഫ് മേഖല. ഇതിന്റെ ഭാഗമായി ആഗോള കമ്പനികളുമായി കൂട്ടുപിടിച്ച് വീഡിയോ സംപ്രേഷണം, ഗെയിമിംഗ് രംഗങ്ങളില്‍ അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ക്കായി 5ജി സേവനം അവതരിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഗള്‍ഫിലെ പ്രധാന ടെലികോം കമ്പനികള്‍.

സൗദി ടെലികോം, എതിസലാത് തുടങ്ങിയ മുഖ്യധാര ടെലികോം കമ്പനികള്‍ എംഡബ്യൂസി ബാര്‍സലോണയില്‍ (ടെലികോം വ്യവസായ മേഖലയിലെ ഏറ്റവും വലിയ വാര്‍ഷിക വ്യാപാരമേള) വെച്ച് 5ജി സേവനം ഗള്‍ഫ് മേഖലയിലേക്ക് കൊണ്ടുവരുന്നതിനായി ആഗോള കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്. പുണ്യനഗരങ്ങളായ മെക്കയിലും മദീനയിലം ഉള്‍പ്പടെ സൗദി അറേബ്യയുടെ തെക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ 5ജി നെറ്റ്‌വര്‍ക്ക് ആദ്യമായി കൊണ്ടുവരുന്നതിന് സൗദി ടെലികോമും നോക്കിയയും തമ്മില്‍ കരാറിലൊപ്പിട്ടു. 2020 അവസാനത്തോടെ മേഖലയില്‍ 5ജി നെറ്റ്‌വര്‍ക്ക് എത്തിക്കാനാണ് ഇവര്‍ തമ്മിലുള്ള ധാരണ. അതേസമയം യുഎഇയില്‍ 5ജി നെറ്റ് വര്‍ക്ക് അവതരിപ്പിക്കുന്നതിനായി ചൈനീസ് കമ്പനിയായ വാവേയുമായി കൂട്ടുപിടിച്ചിരിക്കുകയാണ് എതിസലാത്.

4ജിയേക്കാളും നൂറിരട്ടി വേഗതയാണ് 5ജി മൊബീല്‍ നെറ്റ്‌വര്‍ക്കിനുള്ളത്. കൂടാതെ ശരാശരി ബ്രോഡ്ബാന്‍ഡ് കണക്ഷനിലൂടെ ലഭ്യമാകുന്നതിനേക്കാള്‍ 10 ഇരട്ടി വേഗത്തിലുള്ള ഇന്റെര്‍നെറ്റ് കണക്ടിവിറ്റിയും 5ജിയുടെ പ്രത്യേകതയാണ്. ഗെയിമിംഗ്, വീഡിയോ സംപ്രേഷണം തുടങ്ങി ഇന്റെര്‍നെറ്റ് അനുബന്ധ വ്യവസായ മേഖലകള്‍ക്കെല്ലാം തന്നെ 5ജി സേവനം നിലവില്‍ വരുന്നത് വലിയ തോതില്‍ വരുമാനം ആര്‍ജിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.

സൗദി അറേബ്യയിലെയും യുഎഇയിലെയും കമ്മ്യൂണിക്കേഷന്‍ രംഗത്ത് 5ജി വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുറഞ്ഞ ലോഡിംഗ് സമയം, ഉയര്‍ന്ന ഡൗണ്‍ലോഡ് സ്പീഡ്, മികച്ച യൂസര്‍ എക്‌സിപിരിയന്‍സ്, സ്മാര്‍ട്ട് സിറ്റി, ഡ്രൈവറില്ലാ വാഹനങ്ങള്‍ തുടങ്ങി അനവധി ഗുണങ്ങളാണ് 5ജി നെറ്റ്‌വര്‍ക്കോടെ സാധ്യമാകുകയെന്ന് ഫ്യൂച്ചറം റിസര്‍ച്ച് സെന്ററിലെ മുതിര്‍ന്ന ഗവേഷകനായ ഡാനിയല്‍ ന്യൂമാന്‍ പറയുന്നു. എന്നാല്‍ 5ജിയുടെ ഗുണം ഏറ്റവുമാദ്യം അനുഭവഭേദ്യമാകുക ടെലികോം മേഖലയ്ക്ക് തന്നെയാണ്. ഉപഭോക്താക്കളുടെ ഡാറ്റാ ഉപയോഗം കുത്തനെ കൂടുകയും ഇന്റെര്‍നെറ്റ് അധിഷ്ഠിത ഫോണ്‍ വിളി, വീഡിയോ സംപ്രേഷണ സേവനങ്ങള്‍ വ്യാപകമാകുകയും ചെയ്യുന്നതോടെ ലാന്‍ഡ് ഫോണ്‍, കേബിള്‍ ടിവി സര്‍വ്വീസുകള്‍ സമ്മര്‍ദ്ദത്തിലാകും.

മേഖലയില്‍ ആദ്യത്തെ 5ജി നെറ്റ്‌വര്‍ക്ക് ദാതാക്കളായി മാറുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി നോക്കിയയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ ആവേശത്തിലാണെന്ന് സൗദി ടെലികോം ഗ്രൂപ്പ് സിഇഒ നാസര്‍ അല്‍ നാസര്‍ പറഞ്ഞു. അതേസമയം കൃത്രിമബുദ്ധി, റോബോട്ടിക്‌സ്, നൂതന 4കെ ഗെയിമിംഗ്, എആര്‍, വിആര്‍(ആഗ്മേന്റേറ്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി) തുടങ്ങിയ ഭാവി സാങ്കേതിക വിദ്യകള്‍ക്ക് 5ജി സേവനം നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് യുഎഇയില്‍ വാവേയുമായി 5ജി സേവനത്തിനൊരുങ്ങുന്ന എതിസലാത് കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് സയിദ് അല്‍ സരൗണി പറഞ്ഞു.

കാര്യമിങ്ങനെയൊക്കെ ആണെങ്കിലും പുതിയ ടെക്‌നോളജിയെ പിന്താങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ കൂടി എത്തിയെങ്കില്‍ മാത്രമേ 5ജിയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തുകയുള്ളു. പുതിയ നെറ്റ്‌വര്‍ക്കുകളുമായി കണക്റ്റ് ചെയ്യുന്നതിന് മൊബീല്‍ ഹാന്‍ഡ്‌സെറ്റുകളില്‍ ഇന്‍ബില്‍റ്റ് റേഡിയോ ആവശ്യമാണ്. അത്തരത്തിലുള്ള ഫോണുകള്‍ക്കായി മാസങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

2025ഓടെ ലോക മൊബീല്‍ ഉപഭോക്താക്കളില്‍ 45 ശതമാനം പേര്‍ 4ജി സേവനം ഉപഭോക്താക്കളായിരിക്കുമെന്നാണ് മൊബീല്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്‍ഡസ്ട്രി ബോഡിയായ ജിഎസ്എംഎ പറയുന്നു. അതേസമയം 5ജി ഉപയോഗിക്കുന്ന 15 ശതമാനം ആളുകളേ അപ്പോഴുണ്ടാകൂ. എന്നിരുന്നാലും നോളജ് ഇക്കണോമി (വൈജ്ഞാനിക സമ്പദ് വ്യവസ്ഥ) ആയി മാറാനൊരുങ്ങുന്ന യുഎഇ, സൗദി അറേബ്യ രാഷ്ട്രങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ 5ജി സേവനം രാജ്യത്തിലെത്തിക്കുക എന്നത് വളരെ പ്രധാനമാണ്.

Comments

comments

Categories: Arabia
Tags: 5G, Soudhi-UAE