മുതിര്‍ന്നവരുടെ വീഴ്ച ഒഴിവാക്കാന്‍ പാര്‍ക്കൗര്‍

മുതിര്‍ന്നവരുടെ വീഴ്ച ഒഴിവാക്കാന്‍ പാര്‍ക്കൗര്‍

ഈയിടെ ഇന്ത്യന്‍ സിനിമയില്‍ ട്രെന്‍ഡായി മാറിയ സ്റ്റണ്ടാണു പാര്‍ക്കൗര്‍. പ്രണവ് മോഹന്‍ലാലിന്റെ ആദിയിലൂടെയാണ് മലയാളികള്‍ ഈ കായികയിനം ശ്രദ്ധിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ വിദ്യുത് ഝാംവാലിനെയും അഖില്‍ അക്കിനേനിയെയും പോലുള്ളവര്‍ ഇത് നേരത്തേ ഹിറ്റ് ആക്കിയിട്ടുണ്ട്. ഉയര്‍ന്ന മതിലുകളും തൂണുകളും പോലുള്ള തടസ്സങ്ങള്‍ ചാടി മറിഞ്ഞ് താണ്ടുന്ന കലയാണിത്. വിദേശങ്ങളില്‍ വളരെ ശ്രദ്ധേയമായ കായികവിനോദമാണിത്.

ഉപരിതലത്തിലൂടെ സഞ്ചരിക്കവേ പെട്ടെന്ന് ചാടി മറിഞ്ഞും ഇഴഞ്ഞും മുമ്പില്‍ കാണുന്ന തടസ്സങ്ങള്‍ മറികടക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. അനായാസ വേഗചലനമെന്ന് അറിയപ്പെടുന്ന പാര്‍ക്കൗര്‍, മികച്ചൊരു വ്യായാമമാണ്. പൊതുവേ ചെറുപ്പകാര്‍ക്കാണ് ചടുലതയും വേഗതയുമുള്ള ഈ കായികയിനം പരിശീലിക്കാന്‍ സാധിക്കുകയെങ്കിലും അല്‍പ്പസ്വല്‍പ്പ വ്യതിയാനങ്ങളോടെ പ്രായമായ ആളുകള്‍ക്കും ഇത് സാധ്യമാണ്.
പാര്‍ക്കൗറിന്റെ അടിസ്ഥാനതത്വം സംതുലനമാണ്, വേച്ചു പോകുന്നിടത്തു പോലും ബാലന്‍സ് ചെയ്ത് നില്‍ക്കാനുള്ള നിയന്ത്രണം കൈവരിക്കുകയാണ് ഇതിന്റെ പ്രത്യേരത.

ബാലന്‍സ് ചെയ്തു നില്‍ക്കാന്‍ പരിശീലിപ്പിക്കുകയാണ് ആദ്യം ചെയ്യുകയെന്ന് പാര്‍ക്കൗര്‍ പരിശീലകനായ ഓസ്റ്റിന്‍ ഗാള്‍ പറയുന്നു. ഒരു റെയിലില്‍ വീഴാതെ ബാലന്‍സ് ചെയ്തു നില്‍ക്കുകയോ ചെറിയ പാദസംതുലന അഭ്യാസങ്ങളോ ലളിതമായ ചാട്ടങ്ങളോ ഒക്കെയാണ് ആദ്യ പടിയില്‍പ്പെടുന്നത്. യുഎസ് രോഗപ്രതിരോധ നിയന്ത്രണകേന്ദ്രത്തിന്റെ കണക്കു പ്രകാരം 65 വയസ്സു കഴിഞ്ഞ അമേരിക്കാരില്‍ ഭൂരിപക്ഷം പേരുടെയും മരണകാരണം, കുളിമുറിയില്‍ വീണുള്ള ഒടിവോ ചതവോ ആണെന്നാണ്. വീഴ്ച ഇവരുടെ തുടര്‍ന്നുള്ള ജീവിതത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്നു.

വീഴ്ച പറ്റുന്ന വൃദ്ധര്‍ക്കു മിക്കവാറും ഗുരുതരമായ പരുക്ക് പറ്റുന്നുവെന്ന് നാഷണല്‍ ഫാള്‍ പ്രിവന്‍ഷന്‍ റിസോഴ്‌സ് സെന്ററിന്റെ ഡയറക്റ്റര്‍ കാത്തി കാമറൂണ്‍ ചൂണ്ടിക്കാട്ടുന്നു. ഏതാണ്ട് 20% ആളുകള്‍ക്ക് വീഴ്ചയില്‍ മസ്തിഷ്‌കത്തിനോ ഒരു നട്ടെല്ലിനോ ആണ് പൊട്ടല്‍ സംഭവിക്കാറുള്ളത്. ശാരീരിക മുറിവുകള്‍ മാത്രമല്ല, വീഴ്ചയിലുണ്ടായ ഭയം മൂലം ചില പ്രായമായവര്‍ കായികപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നു. അത് പിന്നീട് പലതരം തകരാറുകള്‍ക്കും കാരണമാകും.ഇത്തരം വീഴ്ചകള്‍ തടയാന്‍ പാര്‍ക്കൗര്‍ പരിശീലനം നല്‍കുന്നതിനാണ് ശ്രദ്ധ കൊടുക്കുന്നത്. ബാലന്‍സ് മെച്ചപ്പെടുത്തുകയും പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പരിശീലന പരിപാടികളാണ് മുതിര്‍ന്നവര്‍ക്ക് പ്രധാനമായും നല്‍കുക. വീഴ്ച ഒഴിവാക്കാന്‍ മാത്രമല്ല നല്ല രീതിയില്‍ നടക്കാനും ഇതു സഹായിക്കും.

Comments

comments

Categories: Health
Tags: Parcour