ജെറ്റ് വീണ്ടും കുതിച്ചുയരുമെന്ന് ഡഗ്ലസും ഗോയലും

ജെറ്റ് വീണ്ടും കുതിച്ചുയരുമെന്ന് ഡഗ്ലസും ഗോയലും

കമ്പനിയെ വീണ്ടും ലാഭത്തിലെത്തിക്കുന്നതിന് ഇത്തിഹാദും ജെറ്റ് എയര്‍വേസും പദ്ധതി തയാറാക്കിവരികയാണ്

  • നിലവില്‍ അബുദാബി കമ്പനിയായ ഇത്തിഹാദിന് ജെറ്റില്‍ 24% ഓഹരിയാണുള്ളത്
  • പ്രശ്‌നപരിഹാര പദ്ധതി അനുസരിച്ച് ബാങ്കുകള്‍ക്കുണ്ടാകുക 51 ശതമാനം ഓഹരി
  • ഭാവി എന്തെന്നറിയാത്തതിനാല്‍ ജീവനക്കാര്‍ കടുത്ത പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ട്
  • ഇത്തിഹാദിന് നിയന്ത്രണാധികാരം കൊടുക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം

ന്യൂഡെല്‍ഹി: പ്രതിസന്ധിക്കയത്തിലായ ജെറ്റ് എയര്‍വേസിന്റെ നിയന്ത്രണം ആര്‍ക്ക് ലഭിക്കുമെന്ന തര്‍ക്കം ഒടുവില്‍ ഒത്തുതീര്‍പ്പിലേക്കെത്തുന്നു. ജെറ്റിനെതിരെ പാപ്പരത്ത നടപടികള്‍ കൈക്കൊള്ളാന്‍ ബാങ്കുകള്‍ തയാറായേക്കുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സമരസപ്പെട്ടുപോകാന്‍ ഇരുധ്രുവങ്ങളിലായിരുന്ന ഇത്തിഹാദും ജെറ്റിന്റെ സ്ഥാപന്‍ നരേഷ് ഗോയലും തീരുമാനിച്ചതെന്നാണ് സൂചന. എയര്‍ലൈന്‍ സേവനങ്ങള്‍ കരുത്തുറ്റതും ലാഭകരവുമാക്കാന്‍ ജെറ്റ് എയര്‍വേസും ഇത്തിഹാദ് എയര്‍വേസും പ്രശ്‌ന പരിഹാര പദ്ധതിയുടെ അടിസ്ഥാനത്തില്‍ സഹകരിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചതായി ഇരു എയര്‍ലൈനുകളും കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവനയില്‍ അറിയച്ചതിന് പിന്നിലെ രഹസ്യവും അതുതന്നെയാണ്. ജെറ്റ് എയര്‍വേസിന്റെ നിലവിലെ ചെയര്‍മാന്‍ നരേഷ് ഗോയലും കമ്പനിയുടെ പ്രധാന പങ്കാളിയായ ഇത്തിഹാദിന്റെ സിഇഒ ടോണി ഡഗ്ലസും ഒപ്പിട്ട പ്രസ്താവനയാണ് പുറത്തുവന്നത്.

ജെറ്റ് എയര്‍വേസും ഇത്തിഹാദ് എയര്‍വേസ് ഉള്‍പ്പെടെയുള്ള കമ്പനിയുടെ പ്രധാന ഓഹരിയുടമകളും സാമ്പത്തിക പങ്കാളികളും ബാങ്കുകള്‍ നിര്‍ദേശിച്ച പ്രശ്‌ന പരിഹാര പദ്ധതി അനുസരിച്ചുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്. ഇതില്‍ അന്തിമതീരുമാനം ഉടന്‍ കൈക്കൊള്ളും. കമ്പനിയെ വീണ്ടും ലാഭകരമാക്കി മാറ്റുന്ന തരത്തിലുള്ളതാകും അത്-സംയുക്ത പ്രസ്താവനയില്‍ പറുന്നു.

പാപ്പരത്ത നടപടിക്ക് ജെറ്റ് എയര്‍വേസ് വിധേയമായാല്‍ അത് വിഷയവുമായി ബന്ധപ്പെട്ട എല്ലാവരെയും ബാധിക്കുമെന്ന തിരിച്ചറിവാണ് അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒരുമിച്ച് നില്‍ക്കാന്‍ ഇത്തിഹാദിനെയും നരേഷ് ഗോയലിനെയും പ്രേരിപ്പിച്ചത്. ബാങ്കുകള്‍ക്ക് താല്‍പ്പര്യം ജെറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രണം അബുദാബിയുടെ വിമാന കമ്പനിയായ ഇത്തിഹാദ് ഏറ്റെടുക്കുന്നതിനോടാണ്. എന്നാല്‍ ഇതില്‍ ജെറ്റിന്റെ സ്ഥാപകന്‍ കൂടിയായ നരേഷ് ഗോയലിന് തീരെ താല്‍പ്പര്യമില്ല. ഇതിനെ തുടര്‍ന്നായിരുന്ന പ്രശ്‌നപരിഹാര പദ്ധതിക്ക് അന്തിമരൂപമാകാതിരുന്നത്.

ബാങ്കുകള്‍ നിര്‍ദേശിച്ച പദ്ധതി നടപ്പിലാക്കുമന്നുമുള്ള കാര്യത്തില്‍ ഞങ്ങള്‍ക്കുറപ്പുണ്ട്. വിമാനയാത്രയുടെ കാര്യം വരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡെന്ന ജെറ്റിന്റെ സ്ഥാനം തിരിച്ച് പിടിക്കുന്നതിനുള്ള ശ്രമങ്ങളാകും നടത്തുകയെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

പരിഹാരം ഇതാണ്…

പ്രശ്‌ന പരിഹാര പദ്ധതി അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് ജെറ്റ് എയര്‍വേസില്‍ 51 ശതമാനം ഓഹരി ഉടമസ്ഥാവകാശം ഉണ്ടാകും. ബാങ്കുകള്‍ക്ക് ജെറ്റ് നല്‍കാനുള്ള വായ്പയുടെ ഒരു ഭാഗമാണ് ഓഹരിയാക്കി മാറ്റുക. ഇതിനോടൊപ്പം തന്നെ 8.5 ബില്ല്യണ്‍ രൂപയുടെ മൂലധനം സമാഹരിക്കാനും ശ്രമിക്കും. ഇതിന്റെ ഒരു ഭാഗം ഗോയലും ഇത്തിഹാദും വഹിക്കണം. അതോടു കൂടി ജെറ്റ് എയര്‍വേസില്‍ നിലവില്‍ ഇത്തിഹാദിനുള്ള ഓഹരിവിഹിതമായ 24 ശതമാനമെന്നത് വര്‍ധിക്കുകയും ചെയ്യും.

അതേസമയം പ്രശ്‌നപരിഹാര പദ്ധതിക്ക് അന്തിമരൂപം ആകാത്തതിനാല്‍ കമ്പനിയിലെ ജീവനക്കാര്‍ കടുത്ത ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. പലരും കമ്പനി വിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്. പൈലറ്റുമാര്‍ എയര്‍ലൈനില്‍ നിന്ന് കൂടുമാറാന്‍ പദ്ധതിയിടുന്നതായും വിവരമുണ്ട്. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തില്‍ വന്ന സംയുക്ത പ്രസ്താവന ജീവനക്കാരുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം ഉയര്‍ത്തുമോയെന്നത് കണ്ടറിയണം. കമ്പനിയെ വീണ്ടും ലാഭത്തിലെത്തിക്കുമെന്നാണ് ടോണി ഡഗ്ലസും നരേഷ് ഗോയലും പറയുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പ്രശ്‌നപരിഹാര പദ്ധതിയുടെ വിശദാംശങ്ങള്‍ മാര്‍ച്ച് ആദ്യവാരത്തോടെ മാത്രമേ ലഭ്യമാകൂവെന്നാണ് വിവരം. ഇത്തിഹാദിന് ജെറ്റിലുള്ള നിക്ഷേപം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി വരും ദിവസങ്ങളില്‍ ചര്‍ച്ചയുണ്ടാകും. എന്നാല്‍ നിലവിലെ കമ്പനിയുടെ അവസ്ഥയില്‍ നിക്ഷേപ പരിധി കൂട്ടേണ്ടതുണ്ടോയെന്നത് സംബന്ധിച്ച് അബുദാബി കമ്പനി അന്തിമമായി എന്ത് തീരുമാനം കൈക്കൊള്ളുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

 

Comments

comments

Categories: FK News
Tags: Jet Airways