ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

പവര്‍ട്രെയ്ന്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ (പിസിഎം) സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാണ് തിരിച്ചുവിളി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ജീപ്പ് കോംപസ് എസ്‌യുവി തിരിച്ചുവിളിക്കുന്നതായി ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് (എഫ്‌സിഎ) അറിയിച്ചു. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ 2017 ഡിസംബര്‍ 18 നും 2018 നവംബര്‍ 30 നുമിടയില്‍ നിര്‍മ്മിച്ച 11,002 യൂണിറ്റ് കോംപസ് എസ്‌യുവികളാണ് തിരിച്ചുവിളിക്കുന്നത്. ഇവയെല്ലാം 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന 2 വീല്‍ ഡ്രൈവ് മോഡലുകളാണ്. പവര്‍ട്രെയ്ന്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ (പിസിഎം) സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാണ് തിരിച്ചുവിളി. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ പോകുംവിധം സോഫ്റ്റ്‌വെയറില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഇതോടെ പരിഹരിക്കാന്‍ സാധിക്കും.

മാര്‍ച്ച് ആദ്യ വാരത്തില്‍ തിരിച്ചുവിളി ആരംഭിക്കുമെന്ന് ജീപ്പ് ഇന്ത്യ അറിയിച്ചു. പിസിഎം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് എഫ്‌സിഎ ഇന്ത്യയുടെ അംഗീകൃത ഡീലര്‍മാര്‍ വാഹന ഉടമകളെ നേരിട്ട് ബന്ധപ്പെടും. അതേസമയം ഡീലര്‍ഷിപ്പുകളില്‍ സ്‌റ്റോക്കുള്ള ജീപ്പ് കോംപസ് വാഹനങ്ങള്‍ കമ്പനി അപ്‌ഡേറ്റ് ചെയ്തുതുടങ്ങും. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പതിനഞ്ച് മിനിറ്റ് സമയം മതിയെന്നും സൗജന്യമായി ചെയ്തുതരുമെന്നും ജീപ്പ് ഇന്ത്യ അറിയിച്ചു.

2017 ജൂലൈയിലാണ് ഇന്ത്യയില്‍ ജീപ്പ് കോംപസ് എസ്‌യുവി അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഏറ്റവും വിജയകരമായ ജീപ്പ് മോഡലാണ് കോംപസ്. ഓരോ മാസവും ശരാശരി 1200 യൂണിറ്റ് കോംപസ് വില്‍ക്കാന്‍ ഇപ്പോഴും കഴിയുന്നു. പ്രീമിയം കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ ഇത് വലിയ നേട്ടം തന്നെയാണ്. 1.4 ലിറ്റര്‍ മള്‍ട്ടി-എയര്‍ ടര്‍ബോ പെട്രോള്‍, 2 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോള്‍ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഡീസല്‍ എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു. ഓഫ്‌റോഡ് വേര്‍ഷനായ ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് അധികം വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കും.

Comments

comments

Categories: Auto
Tags: Jeep Compass