ആമസോണ്‍ കാടിനുള്ളില്‍ 36 അടി നീളമുള്ള തിമിംഗലത്തെ കണ്ടെത്തി

ആമസോണ്‍ കാടിനുള്ളില്‍ 36 അടി നീളമുള്ള തിമിംഗലത്തെ കണ്ടെത്തി

റിയോ ഡീ ജനീറോ: 36 അടി നീളവും ആറ് അടി വീതിയും വരുന്ന വളവുള്ള തിമിംഗലത്തെ ആമസോണ്‍ കാടിനുള്ളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ചത്ത നിലയില്‍ കണ്ടെത്തി. ആമസോണ്‍ നദീമുഖത്ത്, ബ്രസീലിയന്‍ ദ്വീപായ മരാജോയിലാണു തിമിംഗലത്തെ കണ്ടെത്തിയതെന്നു എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വേലിയേറ്റത്തില്‍ തീരത്ത് അടിഞ്ഞപ്പോള്‍ തിമിംഗലം ചത്ത നിലയിലായിരുന്നെന്നു മരാജോ ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ പറഞ്ഞു. ഈ തിമിംഗലം പൂര്‍ണ വളര്‍ച്ചയിലെത്തിയതല്ലെന്നും എന്‍ജിഒ അറിയിച്ചു. തിമിംഗലത്തിന്റെ മരണകാരണം അറിയാന്‍ ഫൊറന്‍സിക് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കുറഞ്ഞത് പത്ത് ടണ്‍ എങ്കിലും ഭാരമുള്ളതാണ് ഈ തിമിംഗലം. കടലില്‍നിന്നും ചുരുങ്ങിയത് 15 അടിയെങ്കിലും അകലെ കാടിനുള്ളിലാണു തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇത് എങ്ങനെ സംഭവിച്ചെന്നാണ് അധികൃതരെ ആശ്ചര്യപ്പെടുത്തുന്നത്. കടല്‍ പ്രക്ഷുബ്ദമായതും, വേലിയേറ്റവുമായിരിക്കാം തിമിംഗലം തീരത്തെത്തിച്ചതെന്നു കരുതുന്നുണ്ട്. മറൈന്‍ പ്ലാസ്റ്റിക്കുകള്‍ (സമുദ്രത്തിലുള്ള പ്ലാസ്റ്റിക്കുകള്‍) ഭക്ഷിച്ചതായിരിക്കാം തിമിംഗലത്തിന്റെ മരണത്തിനു കാരണമായതെന്നു ബയോളജിസ്റ്റുകള്‍ കരുതുന്നുണ്ട്. തിമിംഗലത്തിന്റെ ചിത്രം സഹിതമുള്ള വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയാണ്.

Comments

comments

Categories: World