വ്യാപാരത്തില്‍ അന്തര്‍ദര്‍ശനത്തിന്റെ ശക്തി

വ്യാപാരത്തില്‍ അന്തര്‍ദര്‍ശനത്തിന്റെ ശക്തി

ബിസിനസ്സില്‍ എന്തൊക്കെ തന്ത്രങ്ങള്‍ മെനഞ്ഞാലും നിങ്ങളുടെ മനസ്സ് അത് പൂര്‍ണമായി ഉള്‍ക്കൊണ്ടാല്‍ മാത്രമേ സംരംഭം വിജയിക്കുകയുള്ളൂ. സ്വന്തം വ്യാപാരത്തിന് മേല്‍ ആത്മവിശ്വാസം സൃഷ്ടിച്ചെടുക്കുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. നാം എന്തായിത്തീരണമെന്ന് നിരന്തരം സ്വയം ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ‘അന്തര്‍ ദര്‍ശന’ രീതിക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. കൃത്യമായ ലക്ഷ്യ ക്രമീകരണമാണ് പിന്നീട് ചെയ്യേണ്ടത്. നിശ്ചിത കാലയളവിനുള്ളില്‍ ഉണ്ടാക്കേണ്ട നേട്ടങ്ങള്‍ രേഖപ്പെടുത്തി വെച്ച് അതിനനുസരിച്ച് മുന്നേറാം

കഴിഞ്ഞ ആഴ്ച ഒരു ട്രെയിനിംഗ് പ്രോഗ്രാം നടത്തിയ ശേഷം എല്ലാവരുടെയും കൂടെ ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് അദ്ദേഹം എന്നോട് സ്വകാര്യമായി ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു വേറെ ഭാഗത്തേക്ക് കൊണ്ടുപോയത്. ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്തുകൊണ്ടോ ബിസിനസ് തകര്‍ന്നു പോകും എന്ന് ഒരു തോന്നല്‍. പ്രത്യേകിച്ച് കാരണം വല്ലതും ഉണ്ടോ എന്ന് ചോദിച്ചാല്‍ അതൊന്നും ഇല്ല. പക്ഷെ ഇങ്ങനെ തോന്നാന്‍ തുടങ്ങിയ ശേഷം അദ്ദേഹത്തിന്റെ വ്യാപാരം കീഴ്‌പോട്ടു തന്നെ. ആ നിസ്സഹായാവസ്ഥ കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണം എന്ന് തോന്നി.

ബിസിനസ്സില്‍ എന്തൊക്കെ തന്ത്രങ്ങള്‍ മെനഞ്ഞാലും നിങ്ങളുടെ മനസ്സ് അത് പൂര്‍ണമായി ഉള്‍ക്കൊണ്ടാല്‍ മാത്രമേ സംരംഭം വിജയിക്കുകയുള്ളൂ. ഒരു ഉല്‍പ്പന്നവുമായി വിപണിയിലേക്ക് ചെല്ലുമ്പോള്‍, ചെല്ലുന്നയാള്‍ക്ക് അഥവാ സെയില്‍സ്മാന് തന്നെ ‘ഈ സംഭവം പൊളിക്കും’ എന്ന് ആദ്യം ബോധ്യപ്പെടേണ്ടതുണ്ട്. അല്ലാതെ പാതി മനസ്സോടെ വിപണിയിലേക്ക് പറഞ്ഞയച്ചാല്‍ ഒരു സെയില്‍സ് പോലും നടത്താതെ തിരിച്ചു വരും. അതു പോലെ തന്നെയാണ് നിങ്ങളുടെ ചിന്തയും. നിങ്ങള്‍ക്ക് സ്വന്തം വ്യാപാരത്തില്‍ തന്നെ വിശ്വാസം ഇല്ലെങ്കില്‍ പിന്നെ തകരാന്‍ വേറെ ആരും പണി തരേണ്ടതില്ല. നിങ്ങള്‍ എന്താകണം എന്ന് ചിന്തിക്കുന്നുവോ അത് ആയിരിക്കും. ഇതിനെയാണ് ‘Power of Visualization’ അഥവാ അന്തര്‍ദര്‍ശനത്തിന്റെ ശക്തി എന്ന് പറയുന്നത്. അപ്പോള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളുടെ ചിന്തയില്‍ ഉണ്ടാവേണ്ടത് താന്‍ ഈ ബിസിനസില്‍ കൊടികെട്ടി പറക്കും എന്നല്ലേ?

അതുകൊണ്ട് തന്നെ ഏതൊരു ബിസിനസ്് സംരംഭകനും ഏറ്റവും ആദ്യം നടപ്പിലാക്കേണ്ട തന്ത്രം അന്തര്‍ദര്‍ശനം (visualization ) തന്നെയാണ്. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം, ബിസിനസില്‍ എന്താകണമെന്ന് നിങ്ങള്‍ കരുതുന്നുവോ അത് വൃത്തിയായി ഒരു വലിയ പേപ്പറില്‍ എഴുതുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യുക. ശേഷം നിങ്ങളുടെ കിടപ്പു മുറിയില്‍ നല്ലവണ്ണം കാണത്തക്ക വിധത്തില്‍ ഒട്ടിച്ചു വെക്കുക. മാത്രമല്ല ആ വരികള്‍ രാവിലെ എഴുനേല്‍ക്കുമ്പോഴും കിടക്കുമ്പോഴും പത്തു വട്ടം മനസ്സിരുത്തി ഉരുവിടുക. എന്നിട്ട് നിങ്ങള്‍ വിചാരിച്ച പോലെ ആയാല്‍ എങ്ങിനെ ഇരിക്കും എന്ന് മനസ്സില്‍ ഒരു ചിത്രം വരയ്ക്കുക. നിങ്ങളുടെ കഴിവില്‍ വിശ്വസിച്ചുകൊണ്ട് ഇതിനു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ സംഭവം പുഷ്പം പോലെ നടക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബെംഗളൂരുവിലെ ഒരു സാധാരണ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളുടെ ശ്രേണി കെട്ടിപ്പടുത്ത രമേശ് ബാബു. ജീവിത വിജയം നേടിയിട്ടുള്ള ഒട്ടു മിക്ക ബിസിനസുകാരും കായിക താരങ്ങളും കലാകാരന്മാരുമെല്ലാം അദ്ദേഹത്തെ പോലെ അന്തര്‍ദര്‍ശനത്തിന്റെ മഹത്വം മനസ്സിലാക്കിയവര്‍ ആണ്. അര്‍നോള്‍ഡ് ഷ്വാസ്‌നൈഗര്‍, ഗൗതം അദാനി… ഇങ്ങനെ പോകുന്നു ഈ ലിസ്റ്റ്.

ബിസിനസില്‍ ഇതിന്റെ അടുത്ത പടിയാണ് ഗോള്‍ സെറ്റിംഗ് അല്ലെങ്കില്‍ ലക്ഷ്യ ക്രമീകരണം. നിങ്ങളില്‍ എത്രപേര്‍ 2020 ല്‍ സംരംഭം എങ്ങനെ ഉണ്ടാക്കണം, 2022 ല്‍ എന്തൊക്കെ നേട്ടങ്ങളിലേക്കെത്തണം എന്നൊക്കെ നേരത്തെ കൂട്ടി ചിന്തിച്ചിട്ടുണ്ട്. അത്തരത്തില്‍ കൃത്യമായ വീക്ഷണത്തോടെ ബിസിനസ് നടത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ‘ജിയോജിത്’. ബാങ്കിലെ ജോലി രാജി വെച്ച് ഈ ബിസിനസ് സാമ്രാജ്യം ഒറ്റ മുറിയില്‍ നിന്ന് തുടങ്ങുമ്പോള്‍ തന്നെ അദ്ദേഹം തന്റെ ലക്ഷ്യങ്ങള്‍, തന്റെ കമ്പനി കാത്തു സൂക്ഷിക്കേണ്ട മൂല്യങ്ങള്‍, ഹ്രസ്വകാല, മധ്യകാല ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല, ഈ ലക്ഷ്യം കൈവരിക്കുന്നതിന് കൂടെ നില്‍ക്കാന്‍ പറ്റിയവരെ കണ്ടെത്തുകയും അവരില്‍ പൂര്‍ണ വിശ്വാസം നേടുകയും ചെയ്തു. ഏറ്റവും രസകരമായ കാര്യം തുടക്കത്തിലെ കഷ്ടപ്പാടുകളില്‍ കൂടെ ഉണ്ടായിരുന്ന പ്രധാനപ്പെട്ട ആളുകള്‍ ഇപ്പോഴും കൂടെയുണ്ടെന്നതാണ്. അവര്‍ കമ്പനിയുടെ ഈ വളര്‍ച്ചയിലും അതേ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്. ലക്ഷ്യ ക്രമീകരണത്തില്‍ ഏറ്റവും ആവശ്യമായ കാര്യം ലക്ഷ്യത്തിന്റെ വ്യക്തതയാണ്. 2020 ല്‍ വലിയ ഒരു ബിസിനസുകാരന്‍ ആകണം എന്ന് ലക്ഷ്യം വെക്കുന്നതിനേക്കാളും പ്രധാനം തന്റെ മേഖലയില്‍ ഈ പ്രദേശത്ത് അറിയപ്പെടുന്ന ബിസിനസ് സംരംഭകന്‍ ആകണം എന്നും 2022 ല്‍ ഇതില്‍ നമ്പര്‍ വണ്‍ ആകണം എന്നും തീരുമാനിക്കുന്നതാണ്. അപ്പോള്‍ ഇതില്‍ ഒരു വ്യക്തത ഉണ്ടാകും.

നിങ്ങള്‍ കുറിക്കുന്ന നാഴികകല്ലുകള്‍ക്ക് ഇതില്‍ വളരെ പ്രാധാന്യമുണ്ട്. ഇന്ന മാസം, ഇന്ന വര്‍ഷം ഞാന്‍ അത് കൈവരിക്കും എന്ന ക്രമത്തില്‍ ഓരോ പ്രധാന കാര്യങ്ങളും മാര്‍ക്ക് ചെയ്തു വെക്കേണ്ടത് അത്യാവശ്യമാണ്. ആദ്യം പറഞ്ഞ പോലെ ദിവസവും രാവിലെയും രാത്രിയും അഞ്ചു മിനിറ്റ് നേരത്തേക്ക് നിങ്ങള്‍ ഉദ്ദേശിച്ച തലത്തില്‍ എത്തിയതായി കണ്ണടച്ച് മനസ്സിന്റെ അഗാധ തലത്തില്‍ അല്ലെങ്കില്‍ അകക്കണ്ണുകൊണ്ട് കാണുകയും അത് ആസ്വദിക്കുകയും ചെയ്യുക. നിങ്ങളുടെ ബിസിനസ് സുഹൃദ് വലയത്തില്‍ ഈ സ്വപ്നങ്ങള്‍ പങ്കു വെക്കാവുന്നവരുമായി ബന്ധം ഉണ്ടാക്കുക. അവരുമായി ചര്‍ച്ച ചെയ്യുക. ഒരു കാരണവശാലും നിഷേധഭാവം (നെഗറ്റീവ് തിങ്കിംഗ്) ഉള്ളവരുമായി നിങ്ങളുടെ സ്വപ്നങ്ങളും ഭാവി പരിപാടികളും ചര്‍ച്ച ചെയ്യാതിരിക്കുക. വളരെ പ്രധാനമായി യാതൊരു മൂല്യവും ഇല്ലാത്ത, അനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബിസിനസ് കൂട്ടുകാരില്‍ നിന്ന് അകന്ന് ഏതെങ്കിലും വിധത്തില്‍ നമുക്ക് വഴികാട്ടി ആകാവുന്നവരുമായി അടുപ്പം സൃഷ്ടിക്കുക.
ഇത്രയും പറയാന്‍ കാരണം കഴിഞ്ഞ കുറെ ദിവസങ്ങളില്‍ രണ്ടു മൂന്ന് കോണ്‍ഫറന്‍സ്/സ്ട്രാറ്റജി സമ്മേളനങ്ങളില്‍ കണ്ട വ്യക്തികളുടെ ആവശ്യാര്‍ത്ഥമാണ്.

ഇതിനോട് എന്തെങ്കിലും കൂട്ടി ചേര്‍ക്കാന്‍ ഉണ്ടെങ്കില്‍ ഇമെയില്‍/വാട്‌സ് ആപ്പ് ചെയ്യാന്‍ മറക്കരുതേ. നിങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകവും പരാമര്‍ശിക്കുന്നു; ജേസണ്‍ സെല്‍ക്ക് എഴുതിയ 10 Minute toughness: The mental training program for winning before the game begins.

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റെജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ മെയില്‍ ഐഡി യില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400)

Categories: FK Special, Slider
Tags: business