കൃത്രിമ മാട്ടിറച്ചി

കൃത്രിമ മാട്ടിറച്ചി

കൃത്രിമപ്പാലിനു പിന്നാലെ മാട്ടിറച്ചിയും ലാബുകളില്‍ നിര്‍മിച്ചിരിക്കുന്നു

ഭക്ഷ്യക്ഷാമം തീര്‍ക്കാന്‍ തീവ്രശ്രമം നടത്തണമെന്ന യുഎന്‍ നിര്‍ദേശം വന്നിട്ട് അധികമായില്ല. ലോകത്തെ എല്ലാവരുടെയും ആവശ്യത്തിനുള്ള വിഭവങ്ങള്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല. കൃത്രിമമായി ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുക മാത്രമാണ് പോംവഴി. പല രാജ്യങ്ങളിലും ഇതിനായി ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. ഇതിന് ഉദാഹരണമാണ് പാലും അനുബന്ധ ഉല്‍പ്പന്നങ്ങളും കൃത്രിമമായി വികസിപ്പിച്ചെടുക്കുന്ന
അമേരിക്കയിലെ സിലിക്കണ്‍ വാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെര്‍ഫെക്റ്റ് ഡേ ഫുഡ്‌സ്. ഇവര്‍ക്കു പിന്നാലെ മാട്ടിറച്ചി തന്നെ ലാബില്‍ വികസിപ്പിച്ചെടുക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്നതായാണു പുതിയ റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള നിരവധി കമ്പനികള്‍ ഇവര്‍ക്ക് വേണ്ടി നിക്ഷേപമൊഴുക്കുന്നു. ലോകത്തു വളര്‍ന്നു വരുന്ന ഭക്ഷ്യക്ഷാമത്തിനു പരിഹാരമായാണ് അവര്‍ ഇതിനെ കരുതുന്നത്.

സംസ്‌ക്കരിച്ച മാംസം, കൃത്രിമ മാംസം, ശുദ്ധമായ മാംസം എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ ഉല്‍പ്പന്നം അറിയപ്പെടുന്നുണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദപരമെന്ന നിലയ്ക്ക് ശുദ്ധമാംസം എന്ന പേരായിരിക്കും ഇതിനു കൂടുതല്‍ യോജിക്കുക. സത്യത്തില്‍ ഇവ അടിസ്ഥാനപരമായി ഒരു ലാബില്‍ വികസിപ്പിച്ചെടുക്കുന്ന മൃഗപേശീ കോശങ്ങളാണ്. വിത്തുകോശങ്ങളില്‍ നിന്ന് കലകള്‍ വികസിപ്പിച്ചെടുക്കുന്നതിനു സമാനമായ സാങ്കേതികവിദ്യയാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ ഇതു കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളുടെ രുചി എല്ലാവര്‍ക്കും പിടിക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. എന്നാല്‍ ചിലപ്പോള്‍ ഭാവിയില്‍ കോഴിയിറച്ചിയുമായും മാട്ടിറച്ചിയുമായും മല്‍സരിക്കാനും വിപണി കണ്ടെത്താനും അവയ്ക്കു കഴിഞ്ഞേക്കും.

മാട്ടിറച്ചിയെ അപേക്ഷിച്ച് കൃത്രിമ ഇറച്ചി ഉല്‍പ്പാദിപ്പിക്കാന്‍ വളരെ കുറഞ്ഞ ചെലവേ വരുന്നുള്ളൂവെന്ന് ഫ്യൂച്ചര്‍ മീറ്റ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഹീബ്രൂ സര്‍വകലാശാലയിലെ ബയോ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസറുമായ യാക്കോവ് നാമിയാസ് അവകാശപ്പെടുന്നു. സാധാരണ കന്നുകാലിവളര്‍ത്തലിന് ഉപയോഗിക്കുന്നതിന്റെ 10 മടങ്ങ് കുറവ് വെള്ളം മതിയെന്നു മാത്രമല്ല, പരിമിതമായ ഭൂവിനിയോഗവും കുറഞ്ഞ അളവിലുള്ള ഊര്‍ജ്ജവും മാത്രമേ ഉപയോഗിക്കേണ്ടി വരുന്നുള്ളൂ. പരമ്പരാഗതമായി ലഭിക്കുന്ന മാംസത്തേക്കാള്‍ പരിസ്ഥിതിക്ക് കൂടുതല്‍ അനുയോജ്യവുമാണിത്. കൃത്രിമമാംസോല്‍പ്പാദനം കാര്‍ബണ്‍ പുറംതള്ളലും മൃഗങ്ങള്‍ക്കെതിരേയുള്ള ദ്രോഹങ്ങളും കുറയ്ക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ കണക്കുപ്രകാരം ആഗോള കാര്‍ബണ്‍ പുറംതള്ളലിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് കന്നുകാലിവളര്‍ത്തലിലൂടെയാണ്. മാംസവിതരണം നിയന്ത്രിതമായിരുന്ന ഇസ്രായേല്‍ രൂപീകരണത്തിന്റെ പ്രാരംഭദശകങ്ങളില്‍ത്തന്നെ രാജ്യം ആഗ്രഹിച്ച കാര്യമാണ് കൃത്രിമ മാംസോല്‍പ്പാദനമെന്ന ആശയം. ഇന്ന് ഈ രംഗത്തെ പ്രഥമ സൗഹൃദരാജ്യമായി അവര്‍ മാറിയിരിക്കുന്നു. സാങ്കേതികരംഗത്തെ രാജ്യത്തിന്റെ വളര്‍ച്ച ഈ രംഗത്തേക്ക് ഒട്ടേറെ സംരംഭകരെ ആകര്‍ഷിക്കുന്നുണ്ട്. ഭക്ഷ്യസാങ്കേതികരംഗത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ 25 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഹീബ്രു യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള കമ്പനികളായ ഫ്യൂച്ചര്‍ മീറ്റ് ടെക്‌നോളജീസ്, സൂപ്പര്‍മീറ്റ് തുടങ്ങിയവ ശുദ്ധമാംസത്തിനു ബദലായി ചെടികളില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന മാംസ്യങ്ങളുടെ ഉപയോഗവും പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. 2017 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇസ്രയേലി സ്റ്റാര്‍ട്ടപ്പ് അലിഫ് ഫാംസ് ഡിസംബറില്‍ പശുമാംസത്തിന്റെ ഘടനയും ഗുണവുമുള്ള ശുദ്ധമാംസം ഉല്‍പ്പാദിപ്പിച്ചതായി അവകാശപ്പെട്ടിരുന്നു. ഇവരുടെ ഒരു ബീഫ് സ്റ്റീക്കിന് 50 ഡോളര്‍ മാത്രമാണ് ഉല്‍പ്പാദനച്ചെലവ്. യുഎസ് ഭക്ഷ്യോല്‍പ്പാദക ഭീമന്‍ ടൈസണ്‍ ഫുഡ്‌സ്, ജര്‍മ്മനിയിലെ പിഎച്ച്ഡബ്ല്യു ഗ്രൂപ്പ്, ഇസ്രയേലിന്റെ സ്‌ട്രോസ് ഗ്രൂപ്പ് എന്നീ കമ്പനികകളാണ് ഇസ്രായേലി സ്റ്റാര്‍ട്ടപ്പുകളില്‍ ശുദ്ധമാംസ ഗവേഷണത്തിനായി വന്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ഇറച്ചി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇസ്രയേല്‍ മുമ്പിലാണ്. ഭക്ഷ്യ സുരക്ഷ കൈവരിക്കാന്‍ സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുമുണ്ട്. നിരവധി യഹൂദാചാര്യന്മാര്‍
ഇതിനകം കൃത്രിമമായി മാംസം വികസിപ്പിച്ചെടുക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ട്. മൃഗത്തെ അറുക്കാത്തതിനാല്‍ ലാബില്‍ വികസിപ്പിച്ച മാംസം ഉപയോഗിക്കുന്ന ബര്‍ഗര്‍ വിലക്കേണ്ടതില്ലെന്നും അവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീമമായ ചെലവ്, വികസന വെല്ലുവിളികള്‍, നിയന്ത്രണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചില പ്രധാന തടസ്സങ്ങള്‍ കൃത്രിമമാംസ വ്യവസായ മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ശുദ്ധമാംസോല്‍പ്പാദനം വ്യാവസായികാടിസ്ഥാനത്തിലാക്കാന്‍ വിവിധ രാജ്യങ്ങളിലെ നിയമങ്ങള്‍ തടസമാകുന്നു. യുഎസ് മാംസ വ്യാപാര മേഖലയില്‍ നിന്ന് കനത്ത എതിര്‍പ്പാണ് ശുദ്ധമാംസോല്‍പ്പാദനരംഗം നേരിടുന്നത്. ഇത് വിപണിയില്‍ വരുന്നതോടെ ഒരു കടുത്ത മല്‍സരം നേരിടാനിടയുണ്ട്. കൃത്രിമമാംസോല്‍പ്പാദനമേഖലയുടെ മേല്‍നോട്ടം സംയുക്തമായി നടത്തുമെന്നാണ് യുഎസ് ഭക്ഷ്യ-മരുന്ന് നിയന്ത്രണ മന്ത്രാലയവും കൃഷിമന്ത്രാലയവും പ്രഖ്യാപിച്ചത്. നിലവിലുള്ള തടസ്സങ്ങളെ മറികടക്കാന്‍ വ്യവസായത്തിനു കഴിയുമെങ്കിലും, വാണിജ്യപരമായി ലാഭം ഉണ്ടാക്കാന്‍ ആവശ്യമായ സാങ്കേതികവിദ്യ പ്രാപ്തമാകാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. അതിനേക്കാള്‍ പ്രയാസമാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ഉല്‍പ്പന്നം സ്വീകാര്യമാക്കാന്‍. ലാബിലുണ്ടാക്കിയ ഇറച്ചിയില്‍ നിന്നുണ്ടാക്കിയ വിഭവത്തിന് പാര്‍ശ്വഫലങ്ങളുണ്ടോയെന്നാകും ആദ്യ സംശയം. രുചി, ധാര്‍മികത പ്രശ്‌നങ്ങള്‍ വേറെ. ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുക തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. എങ്കിലും, വിഭവങ്ങളുടെ ക്ഷാമം മൂലം പട്ടിണി കിടക്കാതിരിക്കാന്‍ ഇത്തരം ബദല്‍ മാര്‍ഗങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും വാദിക്കുന്നു.

Comments

comments

Categories: Health