ക്ലാസിക് 350 ബേസ് വേരിയന്റില്‍ എബിഎസ് നല്‍കി

ക്ലാസിക് 350 ബേസ് വേരിയന്റില്‍ എബിഎസ് നല്‍കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 1,53,245 രൂപ

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന്റെ ബേസ് വേരിയന്റില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നല്‍കി. ക്ലാസിക് 350 സീരീസിലെ ഗണ്‍മെറ്റല്‍ ഗ്രേ, സിഗ്നല്‍സ് എഡിഷന്‍, റെഡ്ഡിച്ച് വേരിയന്റുകളിലേതുപോലെ ഡുവല്‍ ചാനല്‍ എബിഎസ് നല്‍കിയാണ് മോട്ടോര്‍സൈക്കിള്‍ പരിഷ്‌കരിച്ചത്. 1,53,245 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എബിഎസ് നല്‍കിയതോടെ വില 6,000 രൂപയോളം വര്‍ധിച്ചു. ഡുവല്‍ ചാനല്‍ എബിഎസ് നല്‍കുമ്പോള്‍ ഇത്ര കുറച്ചുമാത്രം വില വര്‍ധിച്ചത് ശ്രദ്ധേയമായി.

ഡുവല്‍ ചാനല്‍ എബിഎസ് നല്‍കി എന്നതൊഴിച്ചാല്‍ മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലെ അതേ 346 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. 5250 ആര്‍പിഎമ്മില്‍ 19.8 എച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ആഷ്, ബ്ലാക്ക്, ചെസ്റ്റ്‌നട്ട്, സില്‍വര്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എബിഎസ് ബേസ് വേരിയന്റ് ലഭിക്കും.

ഇതോടെ മുഴുവന്‍ ക്ലാസിക് 350 മോഡലുകളിലും ഡുവല്‍ ചാനല്‍ എബിഎസ് നല്‍കിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് 350, 350 ഇഎസ് മോഡലുകളില്‍ മാത്രമാണ് ഇനി എബിഎസ് നല്‍കാന്‍ ബാക്കിയുള്ളത്. ഏപ്രില്‍ ഒന്നിന് മുമ്പ് ഈ മോട്ടോര്‍സൈക്കിളുകളിലും ആന്റി ലോക്ക് ബ്രേക്കുകള്‍ നല്‍കും. 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിലെ എല്ലാ ഇരുചക്ര വാഹനങ്ങളിലും എബിഎസ്/സിബിഎസ് നിര്‍ബന്ധമാണ്.

Comments

comments

Categories: Auto